SignIn
Kerala Kaumudi Online
Friday, 26 April 2024 6.49 PM IST

രാജ്യത്തെ അമ്പരപ്പിച്ച ഗുരു-ശിഷ്യ പ്രണയം

love-guru
പ്രൊഫ. മടുക്‌നാഥ് ചൗധരിയും ജൂലിയും

ബീഹാറിലെ ലവ് ഗുരു എന്നറിയപ്പെട്ട 64കാരൻ പ്രൊഫ. മടുക്‌നാഥ് ചൗധരിയുടെയും ശിഷ്യയും 30കാരിയുമായ ജൂലിയുടെയും 'ആത്മീയ പ്രണയം' ഒരുകാലത്ത് നാട്ടിലെങ്ങും ചർച്ചാ വിഷയമായിരുന്നു. കുടുംബത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് ഇരുവരും വിവാഹിതരായി. ദിവ്യപ്രണയത്തിൽ മുങ്ങിക്കുളിച്ച ഇരുവരും വാലന്റൈൻസ് ദിനങ്ങളിൽ മാദ്ധ്യമങ്ങളിൽ താരങ്ങളായി. പക്ഷേ, ഇന്ന് പ്രൊഫ. മടുക് ഒറ്റയ്ക്കാണ്. ജൂലി വർഷങ്ങളുടെ ഇടവേളയിലെത്തുന്ന വിരുന്നുകാരി മാത്രം. ഭാര്യയും മക്കളും അദ്ദേഹത്തെ അടുപ്പിക്കുന്നില്ല. അറിയാം വ്യത്യസ്തമായ ഈ പ്രണയ കഥ.

...........

പ്രണയം അന്ധമാണെന്ന് ചിലർ പറയാറുണ്ട്. പ്രായമോ, കാലമോ, ജാതിയോ, മതമോ, എന്തിന് ലിംഗ വ്യത്യാസം പോലും പ്രേമത്തിരയിൽ കുത്തിയൊലിച്ചുപോകും. അവിടെ ഒരുമിക്കാൻ വെമ്പുന്ന രണ്ടുമനസുകൾ മാത്രം അവശേഷിക്കും. ഇന്നത്തെക്കാലത്ത് സാമൂഹിക, സാംസ്കാരിക മതിലുകൾ പൊളിച്ചെഴുതുന്ന പ്രണയങ്ങളേറെയാണ്. പക്ഷേ, 17 വ‌ർഷം മുമ്പ് ബീഹാർ പോലൊരു സംസ്ഥാനത്ത് അതായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണ് 49 വയസുള്ള അദ്ധ്യാപകനെ പ്രണയിച്ചതിന്റെ പേരിൽ ജൂലി എന്ന 19കാരി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. മകളുടെ പ്രായമുള്ള ശിഷ്യയുടെ പ്രണയം സ്വീകരിച്ചതിന് പ്രൊഫ. മടുക് നാഥ് ചൗധരിക്കും കുറേയേറെ കയ്‌പുനീർ കുടിക്കേണ്ടി വന്നു.

ആരാധന പ്രണയത്തിലേക്ക്

ബീഹാറിലെ പാട്ന യൂണിവേഴ്‌സിറ്റിയിൽ ഹിന്ദി വകുപ്പിൽ അദ്ധ്യാപകനായിരുന്നു പ്രൊഫ. മടുക് നാഥ് ചൗധരി. അദ്ദേഹത്തിന് അന്ന് 49 വയസ്. 2004ൽ ക്ളാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി വൈകിയെത്തി. പേര് ജൂലി. 19 വയസ്. കണ്ണിൽ കുസൃതിത്തിളക്കവുമായി നിന്ന അവളെ പ്രൊഫ. മടുക്‌നാഥ് നന്നേ ശകാരിച്ചു. ക്ളാസ് മുഴുവൻ അതുകേട്ട് ചിരിച്ചു.

പക്ഷേ, അതൊരു തുടക്കമായിരുന്നു. ചില റൊമാന്റിക് സിനിമകളിലെപ്പോലെ, വഴക്കിന് പിന്നാലെ അവർക്കിടയിൽ ഒരു സൗഹൃദം പൊട്ടിമുളച്ചു. 30 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും ഇരുവരും അടുത്തു. പ്രൊഫസറുടെ വ്യക്തിത്വത്തോട് ജൂലിക്ക് അടങ്ങാത്ത ആരാധനയും അഭിനിവേശവും തോന്നി. പ്രൊഫസർക്ക് തിരിച്ചും. ജൂലിയുടെ സാമീപ്യം ഒഴിവാക്കാനാവാത്തതായി. ജൂലിയാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. പ്രൊഫസറില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നവൾ വ്യക്തമാക്കി. ആദ്യം അദ്ദേഹം അനുകൂലമായിരുന്നില്ല. ജൂലിയെ പറഞ്ഞ് തിരുത്താൻ ശ്രമിച്ചു. എന്നാൽ, പ്രണയം അദ്ദേഹത്തെ കീഴ്പ്പെടുത്തി.

കുടുംബത്തിൽ കൊടുങ്കാറ്റ്

ആഭ എന്നാണ് പ്രൊഫ. മടുക് നാഥിന്റെ ഭാര്യയുടെ പേര്. നല്ലവളായ വീട്ടമ്മ. രണ്ടു മക്കൾ. തികച്ചും ശാന്തമായ ജീവിതം. സംതൃപ്തമായ കുടുംബം.അതിനിടയിലേക്കാണ് ആ വാർത്ത എത്തിയത്.

മകളാവാൻ പ്രായമുള്ള വിദ്യാർത്ഥിനിയ്‌ക്കൊപ്പം പ്രൊഫ. മടുക് പാർക്കിലും ബീച്ചിലുമൊക്കെ കറങ്ങി നടക്കുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ആഭ കേട്ടത്. നിറംപിടിച്ച കഥകൾ നാടെങ്ങും പരന്നു. ആഭ ഇത് ചോദ്യം ചെയ്തതോടെ പ്രശ്നങ്ങളുയർന്നു. ആഭ നിരന്തരമായി വഴക്കിട്ടു. കുടുംബത്തിൽ സമാധാനമില്ലാതായി.

മർദ്ദനം, കരിഓയിൽ അഭിഷേകം, ജയിൽ...

ആരൊക്കെ എതിർത്താലും പ്രണയത്തിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയതോടെ ബന്ധുക്കളും സമൂഹവും പ്രൊഫ. മടുകിനെ ഒറ്റപ്പെടുത്തി. ഭാര്യ ആഭയുടെ ബന്ധുക്കൾ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. പൊതുനിരത്തിൽ വച്ച് അദ്ദേഹത്തിന്റെ മുഖത്ത് അവർ കരിഓയിൽ ഒഴിച്ചു. സദാചാര ഭ്രംശകരെന്ന് മുദ്രകുത്തി ശാരീരികമായും മാനസികമായും ആക്രമിച്ചു. തുടർന്ന് ആഭ പ്രൊഫസർക്കെതിരെ കേസുകൊടുത്തു. ഗാർഹിക പീഡനക്കുറ്റം ചുമത്തി പൊലീസ്, മടുക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിശ്വാസ വഞ്ചനാ കേസിൽ ജൂലിയും ജയിലിലായി. പാട്ന സർവകലാശാല അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. 2009ൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. എല്ലാവരും അവരുടെ പ്രണയത്തെ ശപിച്ചു. മാദ്ധ്യമങ്ങളിൽ അവർ കുപ്രസിദ്ധരായി. അക്ഷരർത്ഥത്തിൽ പ്രൊഫസർക്കും ജൂലിക്കും മുന്നിൽ ജീവിതം ഇരുണ്ടു തുടങ്ങി. എന്നാൽ ഇരുവരും തങ്ങളുടെ പ്രണയത്തെ കൂടുതൽ മുറുകെ പിടിച്ചു, ആത്മവിശ്വാസത്തോടെ.

പുതുജീവിതം

ജയിൽ മോചിതനായ പ്രൊഫ. മടുക് ജൂലിയെ ചേർത്ത് പിടിച്ചു. പ്രൊഫസറോടുള്ള തന്റെ പ്രണയം കേവലം ശാരീരികമല്ല, മറിച്ച് ആത്മീയമാണെന്ന് ജൂലി മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. ഇരുവരും പാട്ന വിട്ട് ഭഗൽപ്പൂരിലെത്തി, ഒരുമിച്ചു താമസം തുടങ്ങി. പിന്നീട് അദ്ദേഹം പാട്ന സർവകലാശാലയ്ക്കെതിരെ കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ കോടതി വിധിച്ചു. എന്നാൽ, സർവകലാശാല വിധി നടപ്പാക്കിയില്ല. പ്രൊഫസർ സമരം ആരംഭിച്ചു. സത്യാഗ്രഹം കിടന്നു. അദ്ദേഹത്തിനൊപ്പം ജൂലിയും സമരം ചെയ്തു. ഒടുവിൽ ചാൻസലറായ ഗവർണർ ഇടപെട്ടു. വിധി നടപ്പാക്കി. അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തു. പുറത്താക്കിയ അഞ്ചുവർഷത്തെ ശമ്പളമായ 20 ലക്ഷം രൂപയും നൽകി.

പ്രണയഭരിത നാളുകൾ...

വിവാഹമോചനക്കേസിൽ വിധി വന്നു. ഭാര്യ കൂടുതൽ മാസവിഹിതം ആവശ്യപ്പെട്ടു. പ്രതിമാസം 15,000 രൂപ ചെലവിന് നൽകാമെന്ന് മടുക് സമ്മതിച്ചു. ഒപ്പം കോടികൾ വിലമതിക്കുന്ന വീടും സ്വത്തുവകകളും അവർക്ക് നല്കി. പ്രൊഫസറും ജൂലിയും സന്തോഷത്തോടെ ജീവിതം തുടങ്ങി. ഇരുവരും പൊതു സമൂഹത്തിലിറങ്ങി. ഇവരുടെ പ്രണയകഥ ലോകമാദ്ധ്യമങ്ങളിൽ വാർത്തയായി. ദേശീയ മാദ്ധ്യമങ്ങൾ അദ്ദേഹത്തെ 'ലവ് ഗുരു" എന്നു വിളിച്ചു.

പ്രേമത്തിന്റെ വിശുദ്ധ പുസ്തകം

പൊതു പരിപാടികളിലും സമൂഹത്തിലും പ്രൊഫസറും ജൂലിയും സജീവമായി. പ്രണയത്തെക്കുറിച്ച് ഇരുവരും നിരന്തരം സംസാരിച്ചു. ജൂലിയോടുള്ള പ്രണയം വെളിപ്പെടുത്തി പ്രൊഫസർ ഒരു പുസ്തകമെഴുതി. മടുക് - ജൂലി ഡയറി എന്ന പേരിൽ പ്രസിദ്ധീകരിച്ച പ്രണയകഥ ലോകമെങ്ങും ചർച്ചയായി. വാലന്റൈൻസ് ആഘോഷങ്ങളിൽ ഇരുവരും അതിഥികളായി. മടുക് ഓടിക്കുന്ന റിക്ഷയിലിരുന്ന് സഞ്ചരിക്കുന്ന ജൂലിയുടെ ചിത്രം വൈറലായി. പിന്നാലെ റിക്ഷമാറ്റി, പ്രൊഫസർ പ്രണയിനിക്ക് വെള്ള ഷെവർലെ കാർ സമ്മാനിച്ചു. വാലന്റൈൻസ് ദിനത്തിലാണ് ഈ വിലപിടിപ്പുള്ള സമ്മാനം നൽകിയത്. പിന്നീട് ജൂലി ഓടിക്കുന്ന പുതിയ കാറിൽ പ്രൊഫസർ യാത്ര ചെയ്തു. ഇരുവരുടെയും സന്തോഷനിമിഷങ്ങൾ മാദ്ധ്യമങ്ങൾ ആഘോഷമാക്കി. പ്രണയ വിദ്യാലയം സ്ഥാപിക്കാൻ പദ്ധതിയിട്ട ഇരുവരും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

വഴിത്തിരിവ്

ആറുവർഷം മുമ്പ് മടുക്-ജൂലി പ്രണയപ്പുഴ വഴിമാറിയൊഴുകിത്തുടങ്ങി. അധികമാരും അറിയാതെ. പ്രണയത്തിന്റെ ആനന്ദങ്ങളിൽ നിന്നും വിവാഹജീവിതത്തിന്റെ തിരക്കുകളിൽപ്പെട്ട ജൂലി പതിയെ ആത്മീയപാതയിലേക്ക് നീങ്ങിത്തുടങ്ങി. ബനാറസ് ഹിന്ദു സർവകലാശാലയിലും ജെ.എൻ.യുവിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങൾ ആരംഭിച്ചു. ഇത് അവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. പ്രൊഫസറുമായുള്ള ബന്ധം അവസാനിപ്പിച്ച് ജൂലി ഒറ്റയ്ക്ക് ജീവിക്കാനാരംഭിച്ചു. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമത്തിലുമായി അവരുടെ ജീവിതം. പാട്നയിൽ വരുമ്പോഴൊക്കെ ജൂലി തന്നെ കാണാനെത്തുമെന്നും ഇപ്പോഴും ഇടയ്ക്ക് വിളിക്കുമെന്നും പ്രൊഫസർ പറഞ്ഞു. ആത്മീയമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അവളെന്നും ശാന്തി തേടിയുള്ള ആ യാത്ര അവൾ തുടരട്ടെ എന്നും അദ്ദേഹം പറയുന്നു.

ഏകനായി ലവ് ഗുരു

പ്രണയത്തെപ്പറ്റി നരന്തരം സംസാരിച്ചിരുന്ന പ്രൊഫസർ, ജൂലി പോയതോടെ പാട്നയിലെ വീട്ടിൽ തനിച്ചായി. 2017ൽ ജോലിയിൽ നിന്ന് വിരമിച്ചതോടെ ഫേസ്ബുക്കിൽ സജീവമായി. യാത്രകൾ ചെയ്യുന്നു. പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ഓഷോയുടെ ആരാധകനായ പ്രൊഫസർ, ഇനിയൊരു വിവാഹ ജീവിതത്തിന് തയ്യാറാണെന്ന് പറഞ്ഞത് വാർത്തയായിരുന്നു.

മുൻഭാര്യയും മക്കളും അതേ നഗരത്തിലുണ്ടെങ്കിലും യാതൊരു ബന്ധവുമില്ല. സോഷ്യൽമീഡിയ ഇപ്പോഴും ഇവരുടെ പ്രണയം ആഘോഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.