SignIn
Kerala Kaumudi Online
Sunday, 06 July 2025 10.42 PM IST

ലോക്സഭയിലെ അനുഭവങ്ങളുമായി നിയമസഭ ഭരിക്കാൻ,  സ്പീക്കർ ചെയറിലേക്ക് എം ബി രാജേഷ് വരുമ്പോൾ

Increase Font Size Decrease Font Size Print Page
mb-rajesh

തിരുവനന്തപുരം : വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എസ് എഫ് ഐയുടെ ശുഭ്രപതാകയേന്തി രാഷ്ട്രീയത്തിലേക്ക് ഇടതുകാൽ വച്ചു കയറിയ എം ബി രാജേഷ് വിദ്യാർത്ഥികളുടെ ഇടയിൽ തീപ്പൊരി നേതാവായിരുന്നു. പിന്നീട് ഡി വൈ എഫ് ഐയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ തീപ്പോരി നേതാവ് പാർട്ടിയുടെ ബുദ്ധിജീവി വിഭാഗത്തിലേക്ക് മാറുകയായിരുന്നു. ചാനൽ ചർച്ചകളിലും, പൊതുയോഗത്തിലും മറ്റ് യുവ കമ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി എം ബി രാജേഷ് ഗൗരവവും, അച്ചടക്കവും സംസാരത്തിലും പ്രവർത്തിയിലും കാത്തുസൂക്ഷിച്ചു. എത്ര പ്രയാസമേറിയ വിഷയവും സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ വ്യക്താമായി പറഞ്ഞു ഫലിപ്പിക്കുവാനുള്ള കഴിവ് ചാനൽ ചർച്ചകളിൽ അദ്ദേഹത്തെ സി പി എമ്മിന്റെ മുഖമാക്കി മാറ്റുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറി ദേശീയ തലത്തിൽ സി പി എമ്മിന്റെ നാവായി രാജേഷിനെ നിയോഗിക്കുവാനാണ് പാർട്ടി എല്ലായ്‌പ്പോഴും താത്പര്യം കാട്ടിയത്. രണ്ട് തവണ എം ബി രാജേഷ് പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിൽ എത്തി. പാർലമെന്റിലും യുവ എം പിമാരിൽ എം ബി രാജേഷിന്റെ പ്രവർത്തനം വേറിട്ടുനിന്നു. ചർച്ചകളിൽ സജീവമായി പങ്കെടുത്ത് കേരളത്തിന്റെ ആവശ്യങ്ങൾ ഉയർത്താൻ അദ്ദേഹത്തിനായി. സ്വകാര്യവത്കരണമടക്കമുള്ള വിഷയങ്ങളിൽ കമ്യൂണിസ്റ്റ് ആശയങ്ങളുടെ എതിർപ്പിന്റെ ശബ്ദം അദ്ദേഹം ഉയർത്തി.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആഞ്ഞടിച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലാണ് പാലക്കാട്ടെ ഇടത് കോട്ടയ്ക്ക് ഇളക്കം സംഭവിച്ചത്. ഒരു പക്ഷേ ഈ തോൽവിയാണ് എം ബി രാജേഷിന് നിമിത്തമായതെന്നും പറയാം. തൃത്താലയെ മൂന്ന് വട്ടമായി കുത്തകയാക്കിയ വി ടി ബൽറാം എന്ന കരുത്തനെ തളയ്ക്കുവാനാണ് എം ബി രാജേഷിനെ പാർട്ടി നിയോഗിച്ചത്. തൃത്താലയിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2750 വോട്ടുകൾക്കാണ് എം ബി രാജേഷ് വിജയിച്ചത്.

ജയിച്ചു കയറിയ കന്നി മത്സരത്തിൽ നിയമസഭയിലേക്ക് പ്രവേശിക്കുന്ന എം ബി രാജേഷിന്റെ ഇരിപ്പിടം ബാക്കി എല്ലാ എം എൽ എമാർക്കും മുകളിലാണ് എന്നതാണ് വസ്തുത. ലോക്സഭയിലെ സഭാനടപടികൾ നേരിട്ടുകണ്ട ഒരു ദശാബ്ദത്തിന്റെ അനുഭവവും, സ്വതവേയുള്ള ഗൗരവത്താലും കേരളത്തിന് മികച്ച ഒരു സ്പീക്കറെ എം ബി രാജേഷിലൂടെ ലഭിക്കും എന്ന് പ്രതീക്ഷിക്കാം

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജേഷ് എസ്എഫ്‌ഐ കേരള സംസ്ഥാന സമിതിയുടെ പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. എസ് എഫ് ഐ കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായി. ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ഡി വൈ എഫ് ഐ യുടെ മുഖപത്രം 'യുവധാര' യുടെ മുഖ്യ പത്രാധിപരായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽനിന്ന് എൽഎൽബി ബിരുദവും നേടിയിട്ടുണ്ട്.

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ) കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ ചെയർപേഴ്സനുമായ ആർ. നിനിതയാണ് രാജേഷിന്റെ ഭാര്യ.


തിരഞ്ഞെടുപ്പ് ചരിത്രം

2009
15ാമത് ലോക്സഭയിലേക്ക് പാലക്കാട് നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2000 വോട്ടുകൾക്ക് കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ ആണ് പരാജയപ്പെടുത്തിയത്.

2014
പതിനാറാം ലോക്സഭയിലേക്ക് പാലക്കാട് നിന്നും തിരഞ്ഞെടുത്തു. എം പി വീരേന്ദ്രകുമാറിനെ ഒരു ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

2019
പതിനേഴാം ലോക്സഭയിലേക്ക് പാലക്കാട് നിന്നും മത്സരിച്ച് പരാജയപ്പെട്ടു. വികെ ശ്രീകണ്ഠനോട് 11637 വോട്ടുകൾക്കായിരുന്നു പരാജയം.

2021
തൃതൃത്താല നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ചു, വി ടി ബൽറാമിനെ 2750 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

TAGS: ASSEMBLY POLLS, MB RAJESH, SPEAKER, PINARAYI CABINET, PINARAYIO OATH, PINARAYI NEW CABINET OATH, SPEAKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.