ബോളിവുഡ് ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും തറവാട് വീടുകൾ പാകിസ്ഥാൻ സർക്കാർ മ്യൂസിയമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരു വീടുകളും സർക്കാർ ഏറ്റെടുക്കും.. വീടുകൾ വാങ്ങുന്നതിന് പാകിസ്ഥാനിലെ കൈബർ പക്തുൻക്കവ പ്രവിശ്യയിലെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്
വീടിന്റെ ഉടമകൾ നൽകിയ തടസഹർജി പെഷവാർ ജില്ലാ കമ്മിഷണർ തള്ളിയതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം. വീടിന്റെ ഉടമസ്ഥാവകാശം പുരാവസ്തു വിഭാഗത്തിന് കൈമാറണം എന്നും കമ്മീഷണർ ഉത്തരവിട്ടിരുന്നു. ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും വീട് ഉൾപ്പെട്ട ഭൂമിയുടെ അധികാരം സ്ഥലം ഏറ്റെടുക്കുന്ന പുരവാസ്തു - മ്യൂസിയം വകുപ്പിന്റെ കീഴിലായിരിക്കും' -
6.25 മർലയുള്ള രാജ് കപൂറിന്റെ വീടിന് ഒന്നര കോടിയും 4 മർലയുള്ള ദിലീപ് കുമാറിന്റെ വീടിന് 80 ലക്ഷം രൂപയുമാണ് കൈബർ പ്രവിശ്യ സർക്കാർ നിശ്ചയിച്ചിരുന്നത്. ഭൂവിസ്തൃതി അളക്കുന്നതിനായി ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും നിലവിലുള്ള പരമ്പരാഗത രീതിയാണ് മർല. 272. 25 സ്ക്വയർ ഫീറ്റ് അല്ലെങ്കിൽ 25.299 സ്ക്വയർ മീറ്ററാണ് ഒരു മർല എന്ന് പറയുന്നത്.
രാജ് കപൂറിന്റെ വീടിനായി ഉടമ അവി ക്വാദിർ 20 കോടിയും ദിലീപ് കുമാറിന്റെ വീടിനായി ഉടമ ഗുൽ റഹ്മാൻ മുഹമ്മത് 3.50 കോടിയും ആണ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ട് വീടിനും കൂടി 2.30 കോടിയാണ് സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്നത്. രണ്ട് കെട്ടിടങ്ങളുടെയും നിയന്ത്രണം പുരാവസ്തു വകുപ്പ് ഉടൻ ഏറ്റെടുക്കുമെന്നും. കെട്ടിടത്തിന്റെ യഥാർത്ഥ രൂപം വീണ്ടെടുക്കുന്നതിനായി നിർമ്മാണ പ്രവൃത്തികൾ നടത്തുമെന്നും കഴിഞ്ഞ മാസം പുരാവസ്തു വകുപ്പ് ഡയറക്ടർ അറിയിച്ചിരുന്നു.
ദിലീപ് കുമാറും രാജ് കപൂറും സിനിമാ മേഖലക്ക് നൽകിയ സംഭാവനകൾ ജനങ്ങൾ അറിയാനായി ഈ വീടുകൾ മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം പഞ്ഞു. കപൂർ ഹവേലി എന്നാണ് രാജ് കപൂറിന്റെ തറവാട് വീട് അറിയപ്പെടുന്നത്. ഫബ്ലദ് കിസ ഹവാനി ബസാറിൽ സ്ഥിതി ചെയ്യുന്ന വീട് 1912- 28 കാലഘട്ടത്തിൽ താരത്തിന്റെ മുത്തശ്ശനായ ദിവാൻ ബഷേസ്വരനാഥ് കപൂർ പണി കഴിപ്പിച്ചതാണ്. ഇതേ പ്രദേശത്ത് തന്നെയാണ് ദിലീപ് കുമാറിന്റെ 100 വർഷം പഴക്കമുള്ള വീടും സ്ഥിതി ചെയ്യുന്നത്.
താറുമാറായി കിടന്നിരുന്ന വീട് 2014ൽ നവാസ് ഷെരീഫ് സർക്കാരാണ് ദേശീയ പൈതൃകമായി പ്രഖ്യാപിച്ചത്. വീടിന്റെ ഉടമകൾ പലതവണ ഇത് ഇടിച്ച് പൊള്ളിച്ച് ഷോപ്പിംഗ് കോപ്ലക്സുകളും മറ്റും ഉണ്ടാക്കാനായി ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |