കറുപ്പ് എല്ലാ നിറങ്ങളെയും
ആഗിരണം ചെയ്യുമെന്നും
വെളുപ്പ് എല്ലാ നിറങ്ങളെയും
ചിതറി തെറിപ്പിക്കുമെന്നും
ടീച്ചർ പറഞ്ഞ് തന്നതാ...
അതുകൊണ്ടായിരിക്കുമോ
എല്ലാ ദൈന്യതയും
കറുപ്പിൽ ഉൾചേർത്തത്.
അടിച്ചമർത്തലുകളിൽ
അടർന്നു പോയത്.
ഓർമ്മയാഴങ്ങളിൽ
പത്തിവിടർത്തി നിൽക്കുന്ന
അകറ്റിനിർത്തലുകളുടെ
ചൂളയിൽ വിശപ്പെരിയുന്ന
കനൽപാടങ്ങളായത്.
വിസ്മൃതിയുടെ പാതയോരങ്ങളിൽ
വെളുപ്പിന്റെ ഘോഷയാത്രയിൽ
വിലപിച്ചകന്നു മാറുന്നവന്റെ
കൺതടങ്ങളിൽ ഉരുണ്ടുകൂടുന്ന
വിദ്വേഷത്തിന്റെ അലയൊലികളായത്.
അടർന്നു വീഴുന്ന മേലങ്കിയിൽ
വെൺപട്ടു കുടയ്ക്ക് കീഴേ
താമ്രപത്രവും കാത്ത്
ധവളവിപ്ലവത്തിന്റെ
മാറ്റൊലിയിൽ അലിഞ്ഞു
പോകുന്നുണ്ട്
പകലിരവുകൾ കാത്തുവെച്ച
ഇരുട്ടിൽ വെളിച്ചത്തേക്ക്
ഉറ്റുനോക്കുന്ന
വെള്ളാരം കണ്ണുകൾ.
അതെ...
കറുപ്പും വെളുപ്പും ഇടചേർന്ന
ചാരത്തെ പുഴയിലോഴുക്കി
ഊതിയാൽ ചുവന്നു തുടുക്കും
കനൽക്കട്ടയെ നെഞ്ചിലേറ്റി
നടക്കട്ടെ ഞാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |