SignIn
Kerala Kaumudi Online
Wednesday, 09 July 2025 9.19 AM IST

'അശോക' വനത്തിൽ അപൂർവ്വ കാഴ്ചകളൊരുക്കി റിങ്കുനവീൻ

Increase Font Size Decrease Font Size Print Page
rinku
റിങ്കു നവീൻ തന്റെ ഗാർഡനിൽ

കണ്ണൂർ: നഗരത്തിന്റെ ഇരമ്പലും അന്തരീക്ഷമലിനീകരണവും കൊണ്ടു വീർപ്പുമുട്ടുന്ന കണ്ണൂർ താളിക്കാവിലെ 'അശോക' വീട്ടിലെ ജൈവ വൈവിദ്ധ്യം ആരുടെയും കണ്ണും മനസ്സും നിറക്കും. വർണപുഷ്പങ്ങളും മധുരമൂറുന്ന കായ്കനികളും നിറഞ്ഞതാണ് ഇവിടുത്തെ സസ്യജാലം. വീട്ടമ്മയായ റിങ്കു നവീനിന്റെ അദ്ധ്വാനവും ആത്മസംതൃപ്തിയും ഒത്തുചേർന്നപ്പോഴാണ് ഇങ്ങനെയൊരു ദൃശ്യവിരുന്ന് ഇവിടെയുണ്ടായത്. മംഗ്ളൂർ സർവ്വകലാശാലയിൽ നിന്നു എം..ബി. എ കഴിഞ്ഞ റിങ്കു ഒരു വർഷം ജോലി ചെയ്തെങ്കിലും തന്റെ വഴി അലങ്കാര ചെടികളുടെയും ഔഷധസസ്യങ്ങളുടെയും പരിപാലനമാണെന്ന് തിരിച്ചറിയുകയായിരുന്നു.

വെർട്ടിക്കൽ ഗാർഡൻ,ടെറസ് ഗാർഡൻ, ഗാർഡൻ ഹട്ട് അങ്ങനെ നീളുകയാണ് റിങ്കുവിന്റെ ഉദ്യാന വിശേഷങ്ങൾ. ഭർതൃകുടുംബത്തിന്റെ ആയുർവേദ കമ്പനിയുടെ നടത്തിപ്പിൽ സഹായിക്കാൻ തുടങ്ങിയതോടെ അപൂർവ്വ സസ്യങ്ങളുടെ പരിപാലനത്തിൽ റിങ്കുവിനും കൗതുകം ജനിച്ചു തുടങ്ങി. ഭർത്താവും ബിസിനസ്സുകാരനായ നവീനും മക്കളായ അശോകും ആയുഷും കൂട്ടത്തിൽ ചേർന്നതോടെ അതൊരു അപൂർവ്വ സസ്യങ്ങളുടെ വിസ്മയതുരുത്തായി . തലശേരി എരഞ്ഞോളി സ്വദേശിയായ റിങ്കു വിവാഹശേഷമാണ് ഈ വഴി തിരഞ്ഞെടുത്തത്.

വീടിനു ചുറ്റും കൂറ്റൻ കെട്ടിടങ്ങളായതു കൊണ്ട് വെയിൽ ലഭിക്കുന്നത് കുറവാണ്. അതുകൊണ്ടു തന്നെ പാതി തണലത്ത് വളരുന്ന ഇലചെടികളാണ് ഇവിടെ അധികവുമുള്ളത്. മുല്ല, ചെമ്പരത്തി, അശോകം, ചെമ്പകം, നമ്പ്യാർവട്ടം, ചെത്തി തുടങ്ങിയ പരമ്പരാഗത ചെടികൾക്കൊപ്പം അഡീനിയം, അഗ്ളോനിമ, യൂഫോർബിയ, ഓർക്കിഡ്, ആന്തൂരിയം, ബ്രൊമീലിയാഡ് എന്നീ ന്യൂ ജെൻ ഇനങ്ങളും ഉൾപ്പെടുന്നതാണ് റിങ്കുവിന്റെ ശേഖരം. മുറ്റത്തും വരാന്തയിലും മട്ടുപ്പാവിലുമായി അവ പടർന്നു പന്തലിച്ച് കുളിര് പകരുകയാണ്.

അലങ്കാര ഇലചെടികൾ കൊണ്ട് വീടിന്റെ ഭിത്തിയിലൊരുക്കിയ വെർട്ടിക്കൽ ഗാർഡനാണ് മുഖ്യ ആകർഷണം. പാതി തണലിൽ റീയോ, സ്പൈഡർ പ്ളാന്റ്, സിങ്കോണിയം തുടങ്ങിയ ചെടികൾ കൊണ്ട് ആകർഷമായി ഒരുക്കിയ വെർട്ടിക്കൽ ഗാർഡനിലെ കാഴ്ച മനസ്സിന് കുളിരേകും. തൂക്കുചട്ടികളിലും സ്റ്റാൻഡിലും ടീപ്പോയിലുമായി മണിപ്ളാന്റ്, ഹിലോഡെൻഡ്രോൺ,പെടിലാന്തസ്, സാനഡു, സിങ്കോണിയ,ലക്കി ബാംബു തുടങ്ങിയവയും ഇവിടുത്തെ കാഴ്ചകളാണ്.

വെർട്ടിക്കൽ ഗാർഡന്റെ ചുവട്ടിലെ ഡ്രൈ ഗാർഡനിൽ സീസി പ്ളാന്റ്, പീസ് ലില്ലി, ഡ്രസീന, സ്നേക്ക് പ്ളാന്റ്, മിനിയേച്ചർ ആൽമരം തുടങ്ങിയവയുടെ വൈവിദ്ധ്യവുമുണ്ട്.

ഓർക്കിഡ്, ആന്തൂരിയം, ബ്രൊമീലിയാഡ് ശേഖരം എല്ലാം നെറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് തണൽവീടിനുള്ളിലെ സ്റ്റാൻഡുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.ഡെൻ ഡ്രോബിയം, ഫലനോപ്സിസിസ് , ഡാൻസിംഗ് ഗേൾ എന്നിവയാണ് ഈ ശേഖരത്തിലെ മുഖ്യ ഓർക്കിഡ് ഇനങ്ങൾ..

ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്ന പ്രൊഫഷണന് അപ്പുറം അപൂർവ്വ സസ്യങ്ങളുടെ പരിപാലനം നൽകുന്നത് വല്ലാത്ത അനുഭൂതിയാണ്. കുഞ്ഞുങ്ങളെ പോലെ അവയെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദം ഒരു പക്ഷെ മറ്റൊരു ജോലിയിൽ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല-

റിങ്കു നവീൻ

TAGS: KANNUR, SHE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.