കൊച്ചി: കൊവിഡ് കാലമായതോടെ നമ്മളിൽ പലരും സമയം തളളിനീക്കാനും പുത്തൻ കാര്യങ്ങളറിയാനുമെല്ലാം സമൂഹമാദ്ധ്യമങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാൽ പഠിച്ച കാര്യങ്ങൾ പുതിയ കണ്ടെത്തലിലേക്ക് എത്തിച്ചവർ വളരെ ചുരുക്കമാണ്.
ഗിറ്റാർ വായന പഠിക്കണമെന്ന വലിയ ആഗ്രഹക്കാരനായ കണ്ണൂർ സ്വദേശി കൊമേഴ്‌സ് വിദ്യാർത്ഥിയായ മെൽവിൻ ജോർജ് യൂട്യൂബിൽ ഗിറ്റാർ പാഠങ്ങൾ നോക്കി പഠിച്ചു. തന്റെ കൈയിലുളള ഗിറ്റാറിന്റെ ഭാഗങ്ങൾ പ്രിന്റെടുക്കണമെന്ന തോന്നൽ അതിനിടെ മെൽവിനുണ്ടായി. എന്നാൽ 3ഡി പ്രിന്റർ വഴി അത് പ്രിന്റ് ചെയ്യാൻ സാധിക്കുമായിരുന്നുളളു. ഒരു 3ഡി പ്രിന്ററിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ വിലയാകും. അതിന് സാധിക്കില്ലെന്ന് ഉറപ്പായി അങ്ങനെയാണ് തന്റെ ഗിറ്റാറിന്റെ ഭാഗമുണ്ടാക്കാൻ സ്വയം ഒരു 3ഡി പ്രിന്ററുണ്ടാക്കാൻ മെൽവിൻ തീരുമാനിച്ചത്.
പ്രിന്ററിന്റെ പ്രവർത്തന ശൈലി ഇന്റർനെറ്റിൽ പരിശോധിച്ച് മനസിലാക്കി. പിന്നെ പ്രിന്റർ സ്വയം നിർമ്മിക്കാൻ തുടങ്ങി. സ്വന്തം ആവശ്യങ്ങൾ മനസിലാക്കി പ്രിന്ററിന് വേണ്ട പുതുമകളൊക്കെ വരുത്തി. അങ്ങനെ തനിക്കാവശ്യമായ 3ഡി പ്രിന്റർ മെൽവിൻ വെറും 20,000 രൂപ ചിലവിൽ നിർമ്മിച്ചു. ഗിറ്റാറിന്റെ ഭാഗങ്ങളും ആംപ്ളിഫയറും നിർമ്മിക്കാനായിരുന്നു മെൽവിൻ പ്രിന്റർ ഉണ്ടാക്കിയത്. ഇവ കൂടാതെ ചില പ്രതിമകളും അലങ്കാര വസ്‌തുക്കളും 3ഡി പ്രിന്ററുപയോഗിച്ച് മെൽവിൻ നിർമ്മിച്ചു.
3ഡി പ്രിന്റിംഗിനുപയോഗിക്കുന്ന പോളിൽആക്‌ടിക് ആസിഡ് ഉപയോഗിച്ചാണ് മെൽവിൻ ഇവയൊക്കെ നിർമ്മിച്ചത്. എഞ്ചിനീയറിംഗിൽ മതിയായ അറിവോ അനുഭവമോ ഇല്ലാതെ മെൽവിൻ മികച്ചൊരു 3ഡി പ്രിന്റർ നിർമ്മിച്ചത് കണ്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ അത്ഭുതപ്പെട്ടു. ഇപ്പോൾ അവരിൽ പലരും ആവശ്യമായ സാധനങ്ങൾ പ്രിന്റൗട്ട് എടുക്കാൻ മെൽവിനടുത്തെത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |