തിരുവനന്തപുരം : ആർസിസിയിൽ യുവതി ലിഫ്റ്റിൽ നിന്നും വീണ് പരിക്കുപറ്റി മരണമടഞ്ഞ സംഭവത്തിൽ കർശന നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. സംഭവത്തിന് ഉത്തരവാദികളായ മൂന്ന് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ കുടുംബത്തിന് സഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പത്തനാപുരം സ്വദേശിനി നദീറയാണ് ഇന്ന് പുലർച്ചെ മരിച്ചത്. മേയ് 15ന് ആർ സി സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരിക്കേറ്റത്. അപായ സൂചന അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്.
ആരോഗ്യ മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ചു
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിന് മെഡിക്കൽ കോളേജിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. കോവിഡ് ചികിത്സയ്ക്കും നോൺ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നൽകണം. സമീപ ജില്ലകളിൽ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിനെ ആശ്രയിക്കാറുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിലും ഏറ്റവുമധികം രോഗികളെ ചികിത്സിച്ച സ്ഥലമാണിത്. അതനുസരിച്ചുള്ള ക്രമീകരണങ്ങൾ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ട്. രോഗികൾ കുറഞ്ഞു വരുന്ന സന്ദർഭത്തിൽ നോൺ കോവിഡ് ചികിത്സ ശക്തിപ്പെടുത്താനും മന്ത്രി നിർദേശം നൽകി.
ആശുപത്രികൾക്കാവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിലവിലെ സ്റ്റോക്ക്, ഒരു മാസം ആവശ്യമായവ എന്നിവ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ മന്ത്രി ആവശ്യപ്പെട്ടു. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ അതിന് മുൻകരുതലായി 6 മാസത്തെ ആവശ്യകത കണക്കാക്കി സംഭരിക്കാനും നിർദേശം നൽകി. ഓക്സിജൻ സംബന്ധമായ ക്രമീകരണങ്ങൾ വിലയിരുത്തുകയും മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ഓക്സിജൻ പ്ലാന്റ് സന്ദർശിക്കുകയും ചെയ്തു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |