കാലത്തിന് മുന്നേ നടന്ന് കാലത്തെ വെല്ലുവിളിച്ച മാഹാത്മാ അയ്യങ്കാളി കേരളത്തിന്റെ വിപ്ലവചരിത്രത്തിന് വിസ്മരിക്കാനാവാത്ത അപൂർവ വ്യക്തിത്വമാണ്. ഭാരതത്തിന്റെ മഹാനായ പുത്രൻ എന്നാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയ അയ്യൻകാളിയുടെ ജീവചരിത്രഗ്രന്ഥങ്ങളെല്ലാം ആ വ്യക്തിത്വത്തെ വിവിധ സരണികളിലൂടെ നോക്കിക്കാണുന്നവയാണ്. എന്നാൽ ആ ഗ്രന്ഥങ്ങളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന ഒരു ജീവചരിത്രഗ്രന്ഥം തന്നെയാണ് വി.എൻ. സുകന്യ രചിച്ച നവോത്ഥാന നായകൻ അയ്യങ്കാളി എന്ന ഗ്രന്ഥം. ഇങ്ങനെ പറയാൻ പ്രധാനകാരണം അദ്ദേഹത്തിന്റെ ജീവചരിത്ര രചയിതാക്കളെല്ലാം അയ്യങ്കാളിയുടെ ജനനം മുതൽ മരണം വരെ ഇടതടവില്ലാതെ പറഞ്ഞുപോവുകയാണ്. എന്നാൽ ഒരു ഗവേഷക കൂടിയായ സുകന്യ, അയ്യങ്കാളി എന്ന വിപ്ലവനേതാവിന്റെ കാലഘട്ടത്തെയും അസ്തിത്വത്തെയും ഈ ഗ്രന്ഥത്തിൽ സമഗ്രമായി വിലയിരുത്തുന്നു. പല ഗ്രന്ഥങ്ങളിലും കടന്നുകൂടിയ ചരിത്രപരമായ വൈകല്യങ്ങളെ പാടേ മാറ്റാൻ ഈ ഗ്രന്ഥത്തിലൂടെ കർത്താവിന് കഴിഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ധേയം തന്നെ.
കീഴാളജനതയുടെ സർവനേട്ടങ്ങൾക്കും അടിസ്ഥാനശിലയും കാരണഭൂതനും അയ്യൻകാളിയാണെന്നതിന് തർക്കമില്ല. അദ്ദേഹം ശ്രീമൂലം പ്രജാസഭയിലൂടെ നേടിയ നേട്ടങ്ങളായിരുന്നു അവശരും ആലംബനഹീനരുമായ ആ പച്ചമനുഷ്യരുടെ മുന്നോട്ടുള്ള പാതയൊരുക്കിയത്. യഥാർത്ഥത്തിൽ ഈ ഗ്രന്ഥം വായിക്കുവാനല്ല, പഠിക്കാൻ തന്നെയാണ് നാം മുതിരേണ്ടത്. അധഃസ്ഥിത വർഗക്കാർക്കുവേണ്ടി കണ്ണാടി പ്രതിഷ്ഠ നടത്തി ക്ഷേത്രാരാധന സഫലമാക്കിയ ഗുരുദേവന്റെ കർമ്മകാണ്ഡത്തെ സാധുവാക്കുകയാണ് അയ്യൻകാളി ചെയ്തത്. മാറുമറയ്ക്കൽ സമരം മുതൽ അദ്ദേഹം സജീവമായി പങ്കെടുത്ത എല്ലാ പ്രവർത്തനങ്ങളേയും അതിമനോഹരമായി സുകന്യ ഇതിൽ പ്രതിപാദിക്കുന്നു. ചരിത്രപുസ്തകമാണെങ്കിലും ഒരു നോവൽ വായിക്കുന്ന ലാഘവത്തോടെയും സൗന്ദര്യത്തോടും വായിച്ചുപോകാൻ ആവുന്നവിധത്തിലാണ് ഗ്രന്ഥരചന.
നവോത്ഥാന നായകൻ അയ്യൻകാളി എന്ന ജീവചരിത്രഗ്രന്ഥം അവഗണിക്കുന്ന ഒരു ഖണ്ഡിക വായിക്കാൻ മതിയാകും ആ ഗ്രന്ഥത്തിന്റെ രചനാസൗന്ദര്യം നമുക്ക് ബോദ്ധ്യമാകാൻ. അയ്യൻകാളിയുടെ ജീവിതം കേരളത്തിലെ അധഃസ്ഥിതരുടെ ചരിത്രത്തിലെ സ്മരണീയമായ ഒരു അദ്ധ്യായമാണ്. ഈ അദ്ധ്യായം തമസ്ക്കരിച്ചുകൊണ്ട് ഒരു ചരിത്രകാരനും കേരളത്തിന്റെ വിപ്ലവചരിത്രം എഴുതാനാവില്ല. എക്കാലവും ഈ വീരപുരുഷൻ പകർന്നുതന്ന സത്യസന്ധതയും കറ തീർന്ന ആത്മാർത്ഥതയും അതിശയിക്കുന്ന ദുരാചാരങ്ങളുടെ നടുവിൽ വളർന്ന് അതിനെതിരെ സന്ധിയില്ലാത്ത സമരം നടത്തി ഒരു ജനതയെ സാംസ്ക്കാരിക പുരോഗതിയിലേക്ക് നയിച്ച ദീപസ്തംഭമായിരുന്നു അയ്യൻകാളി. ഏറ്റവും പിന്നിൽ നിന്ന് ഏറ്റവും മുന്നിലെത്തി തന്റെ കർമ്മപഥത്തിലൂടെ നവോത്ഥാനമെന്തെന്ന് തെളിയിച്ച ഭാവോജ്ജ്വലശാലിയാണ് നവോത്ഥാന നായകൻ അയ്യൻകാളി. അദ്ദേഹത്തിന്റെ പ്രബുദ്ധമായ ജീവിതം ഓരോ മലയാളിയുടെയും ഹൃദയത്തുടിപ്പായി തുടരും. 'മരിച്ചതിനു ശേഷമാണ് വിശ്രമം" എന്ന് പ്രഖ്യാപിച്ച അയ്യൻകാളിയുടെ ജീവചരിത്രം ഓരോ മലയാളിയും പാഠപുസ്തകമാക്കേണ്ടതാണ്. അതിന് വി.എൻ. സുകന്യരചിച്ച നവോത്ഥാനനായകൻ അയ്യങ്കാളി എന്ന ഗ്രന്ഥം സർവഥാശ്രേഷ്ഠം തന്നെയാണ്.
(സുകന്യയുടെ ഫോൺ: 8078131230)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |