SignIn
Kerala Kaumudi Online
Friday, 25 July 2025 3.54 PM IST

അരയൻ' - നവോത്ഥാനത്തിലെ വേറിട്ട ചരിത്രം

Increase Font Size Decrease Font Size Print Page

velukkutty-arayan

സാമൂഹിക പരിഷ്‌കർത്താവ്, പണ്ഡിതൻ, കലാകാരൻ, ഇടതുപക്ഷനായകൻ, സാഹിത്യകാരൻ, ഗവേഷകൻ, ഭിഷഗ്വരൻ എന്നീ മേഖലകളിൽ ശാശ്വതമുദ്രകൾ പതിപ്പിച്ച
നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു ഡോക്ടർ വി.വി.വേലുക്കുട്ടി അരയൻ. അടിമത്തത്തിന്റെയും അധഃസ്ഥിതാവസ്ഥയുടെയും ഫലമായുണ്ടായ ദൈന്യത വെളിച്ചത്തുകൊണ്ടുവരാൻ 1917-ൽ കരുനാഗപ്പള്ളിയിൽ നിന്നുമാരംഭിച്ച പത്രമാണ് അരയൻ'. അവർണ ജനവിഭാഗങ്ങൾക്ക് വേണ്ടി ആദ്യമായി രൂപീകൃതമായ അവർണ ഹിന്ദുമഹാസഭ'യുടെ ജനറൽ സെക്രട്ടറിയായിരുന്ന ഡോ. വി.വി.വേലുക്കുട്ടി അരയൻ ആയിരുന്നു പത്രത്തിന്റെ ഉടമയും പത്രാധിപരും.

ജാതിപ്പേര് പറയാൻ അഭിമാനക്കുറവില്ലാതിരുന്ന വേലുക്കുട്ടി അരയൻ സ്വന്തം പത്രത്തിന് 'അരയൻ' എന്ന് പേരിട്ടുകൊണ്ട് ജാതിവ്യവസ്ഥയെന്ന ഉച്ചനീചത്വത്തെ സമർത്ഥമായി ചോദ്യം ചെയ്തു. അരയസമുദായ പരിഷ്‌കരണത്തിനൊപ്പം പൊതുജനങ്ങൾക്ക് ആവശ്യമായ വിഷയങ്ങളിലേക്കും ശ്രദ്ധവച്ച പ്രസിദ്ധീകരണം അവർണരുടെയാകെ ജിഹ്വയായി മാറി.

ക്ഷേത്രങ്ങളിൽനിന്നും ആട്ടിയകറ്റപ്പെടുന്ന അവർണ ജനവിഭാഗങ്ങൾക്ക് നേരെയുള്ള അനീതിക്കെതിരെ നിലകൊള്ളാൻ പ്രേരിപ്പിക്കുന്ന ' കാവുകളിൽ പോകരുത് ' എന്ന സഹോദരസംഘത്തിന്റെ ലഘുലേഖ അച്ചടിച്ചുവന്നത് അരയൻപത്രത്തിലായിരുന്നു. മറ്റു പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മടിച്ച വിവാദലേഖനം 'അരയൻ' സധൈര്യം പ്രസിദ്ധീകരിക്കുകയായിരുന്നു.

തിരുവിതാംകൂറിൽ വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ച രാജഭരണത്തിന്റെ നടപടിക്കെതിരെ 1921 ൽ വിദ്യാർത്ഥികൾ സമരത്തിനിറങ്ങി. സെപ്തംബർ 21 ന് തിരുവനന്തപുരം മഹാരാജാസ് കോളജിൽ കുതിരപ്പട്ടാളം കയറി വിദ്യാർത്ഥികളെ ആക്രമിച്ചപ്പോൾ 28 ന് പ്രസിദ്ധീകരിച്ച വിദ്യാർത്ഥികൾക്ക് ഒരനുസ്മരണം' എന്ന മുഖപ്രസംഗം വൻവിവാദം സൃഷ്ടിച്ചു. ശ്രീമൂലം പ്രജാസഭാംഗമായി ഡോക്ടർ വേലുക്കുട്ടി അരയന്റെ പേര് നിർദ്ദേശിക്കാൻ സർക്കാർ നിശ്ചയിച്ചിരുന്ന സന്ദർഭത്തിലാണ് മുഖപ്രസംഗം അച്ചടിച്ചു വന്നത്. ഡോക്ടർ അരയന്റെ പേര് ഒഴിവാക്കിയെന്ന് മാത്രമല്ല പത്രം നിരോധിക്കുകയും ചെയ്തു. എന്നാൽ ജാമ്യത്തുക കെട്ടിവച്ച് വൈകാതെ പത്രം പുറത്തിറക്കി.

ഹിന്ദുമതപരിഷ്‌കരണം' എന്ന ലേഖനത്തിലൂടെ വീണ്ടും അരയൻ വിവാദമഴിച്ചുവിട്ടു. മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ"യ്‌ക്കെതിരെ ചില സവർണ നിരൂപകർ വാളോങ്ങിയപ്പോൾ അരയൻ ശക്തമായി കവിക്കൊപ്പം നിന്നു.

തിരുവനന്തപുരം ലോ കോളേജിൽ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടരായ വിദ്യാർത്ഥികൾ പണ്ഡിറ്റ് സന്താനത്തെ പ്രസംഗിക്കാൻ ക്ഷണിച്ചുകൊണ്ടുവന്നതിനെതിരെ സി.എസ്.സുബ്രഹ്മണ്യൻപോറ്റിയുടെ അനന്തരവൻ വിദ്യാർത്ഥിനേതാവായ കേശവൻപോറ്റിയെന്ന വിദ്യാർത്ഥിയെ പുറത്താക്കിയതിനെ അരയൻപത്രം അതിശക്തമായി വിമർശിച്ചു. പത്രം വീണ്ടും പ്രസിദ്ധീകരണം അവസാനിപ്പിക്കേണ്ടി വന്നു. ഒരിടവേളയ്ക്കുശേഷം പുറത്തുവന്ന 'അരയൻ' കൂടുതൽ ജനകീയമായി മാറി. വൈക്കം സത്യാഗ്രഹം, പൗരസമത്വവാദപ്രക്ഷോഭങ്ങൾ, ക്ഷേത്രപ്രവേശനപ്രക്ഷോഭം തുടങ്ങി ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ വരെ 'അരയൻ' കൈയൊപ്പു ചാർത്തി. ധർമ്മപോഷിണി, ഫിഷറീസ് മാഗസിൻ , ആദ്യകലാപ്രസിദ്ധീകരണമായ കലാകേരളം, തീരദേശം ഫിലിം ഫാൻ, സമാധാനം, ഫിഷറീസ് മാഗസിൻ, രാജ്യാഭിമാനി, അരയ സ്ത്രീജനമാസിക എന്നിവ കൂടി ഡോക്ടർ വേലുക്കുട്ടി അരയന്റെ പത്രാധിപത്യത്തിൽ പുറത്തുവന്നു. 100 വർഷങ്ങൾക്കിപ്പുറവും മാദ്ധ്യമചരിത്രത്തിലെ അഭിമാനമായി നിലകൊള്ളുന്നു അരയൻ പത്രവും പത്രാധിപരും.

TAGS: DR. VELUKKUTTY ARAYAN, EDITORS PICK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.