SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.03 PM IST

അമ്പലപ്പുഴ മാഹാത്മ്യം

dronar

കാലമിന്നെന്നെ വീണ്ടും /മറന്നാൽ മറന്നോട്ടെ / കാലകേയന്മാർക്കെല്ലാം /വിശ്രമം ലഭിക്കട്ടെ / കാലകേയിമാരുണ്ടോ /കാലകേയന്മാർക്കൊപ്പം / ആയവർക്കെല്ലാം നന്മ / ഭവിച്ചാൽ ഭവിക്കട്ടെ /കാലമിന്നെന്നെ വീണ്ടും / മറന്നിട്ടുണ്ടാവില്ല / കാലത്തിനുണ്ടോ മാറ്റം / മാനവവിചാരം പോൽ / മറക്കുന്നതോ സ്വന്തം / മാനവരല്ലോ, പിന്നെ /സ്മരിക്കുന്നതും അവർ / ഓർക്കുകിലിതേ സത്യം! /

അമ്പലപ്പുഴ മഹാകവി ജി.സുധാകരൻ രചിച്ച 'ഹേ, മനുഷ്യാ' എന്ന കവിതയിൽ നിന്നുള്ള ഏതാനും വരികളാണിത്. കവികൾ ത്രികാലജ്ഞാനികളാണ്. പ്രത്യേകിച്ച് അമ്പലപ്പുഴ മഹാകവിയെ പോലെ പ്രാമാണികരായ കവികൾ.

കാലകേയന്മാർക്കെല്ലാം വിശ്രമം ലഭിക്കട്ടെ എന്നദ്ദേഹം ചില അസുരന്മാരുടെ രീതികൾ മുൻകൂട്ടി കണ്ടുകൊണ്ട് നടത്തിയ ആഗ്രഹപ്രകടനമായിരുന്നു. ചിലരിതിനെ പ്രാർത്ഥന എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും കവി ജി.സു. പ്രാർത്ഥനകളിൽ വിശ്വസിക്കാത്തതിനാൽ ആഗ്രഹപ്രകടനമെന്നേ പറയുന്നുള്ളൂ. കാലകേയിമാരുണ്ടെങ്കിൽ അവർക്കും നന്മ വരട്ടെയെന്ന് അദ്ദേഹം ആഗ്രഹിച്ചു. എല്ലാവർക്കും,​ ഏത് അസുരനും നന്മയും നല്ല വിശ്രമജീവിതവും കിട്ടണമെന്നുള്ള ആത്മാർത്ഥമായ ആഗ്രഹം അകക്കാമ്പിൽ കൊണ്ടുനടക്കുന്ന മനുഷ്യനാണ് അദ്ദേഹം.

ചില പൊളിറ്റിക്കൽ ക്രിമിനലുകൾ അദ്ദേഹത്തിന്റെ രക്തം ദാഹിച്ച് നടപ്പുണ്ട് എന്നത് നാട്ടിൽ പാട്ടുള്ള കാര്യമാണ്. ആ രക്തദാഹികൾ ഉദയം ചെയ്യാനിടയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് ഹേ, മനുഷ്യാ എന്ന കവിത കൊറോണക്കാലത്ത് അദ്ദേഹം രചിച്ചത്. യഥാർത്ഥത്തിൽ കാലകേയന്മാരായ പൊളിറ്റിക്കൽ ക്രിമിനലുകൾക്ക് നന്മയും വിശ്രമവും ലഭിക്കട്ടെയെന്നാണദ്ദേഹം പാടിയത്.

പക്ഷേ അവരിപ്പോൾ അദ്ദേഹത്തെ വിശ്രമത്തിനയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും പറഞ്ഞ് നടപ്പാണ്. അമ്പലപ്പുഴയിൽ ഊണും ഉറക്കവും വെടിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചയാളാണ് കവിമന്ത്രി. സാധാരണ മഹാകവികൾ അങ്ങനെ പ്രവർത്തിക്കേണ്ടവരല്ല. മഹാകവിപ്പട്ടം ചാർത്തിക്കിട്ടുന്നവർ ഒരു നിശ്ചിതപീഠത്തിലിരിക്കണം. അതിന് താഴേക്കിറങ്ങരുത്.

ഒരു ലെവൽ വിട്ട് താഴേക്കിറങ്ങേണ്ടയാൾ അല്ലാതിരുന്നിട്ടും താഴേക്കിറങ്ങിവന്ന് പ്രവർത്തിച്ച കവിമന്ത്രിയെ വഴിയേ പോകുന്നവരെല്ലാം കൊട്ടുന്ന ചെണ്ടയായി ഉപയോഗിക്കുന്നത് സഹിക്കാവുന്നതിനുമപ്പുറമാണ്. അമ്പലപ്പുഴ പാൽപ്പായസത്തെയും കവി മന്ത്രിയെയും ഒരുമിച്ചു കിട്ടിയാൽ ആരെയെടുക്കണമെന്ന കൺഫ്യൂഷൻ ഏതൊരാൾക്കുമുണ്ടാകുമെന്നാണ് അമ്പലപ്പുഴയിൽ പോയിട്ടുള്ളവർ പറയുന്നത്. അത്തരമൊരു ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്ന കാലകേയന്മാരെയും കാലകേയിമാരെയും പറ്റിയോർക്കുമ്പോൾ ഏത് മന്ത്രിയും പാടിപ്പോകുന്നതേ അദ്ദേഹവും പാടിയുള്ളൂ: മറക്കുന്നതോ സ്വന്തം മാനവരല്ലോ, പിന്നെ സ്മരിക്കുന്നതും അവർ, ഓർക്കുകിലിതേ സത്യം!

പണ്ട് കലക്കത്ത് കുഞ്ചൻനമ്പ്യാർ കൂത്തിന് മിഴാവ് കൊട്ടവേ ഉറങ്ങിപ്പോയതിന് കളിയാക്കിയ ചാക്യാർക്ക് പിറ്റേദിവസം പണി കിട്ടിയതും ഇതേ അമ്പലപ്പുഴയിലാണ് എന്ന വസ്തുത കാലകേയന്മാരും കാലകേയിമാരുമൊക്കെ ഓർക്കുന്നത് നന്നായിരിക്കും! കവിമന്ത്രി ഉറങ്ങിപ്പോയപ്പോൾ സലാമിന്റെ വിജയത്തിന് മാറ്റ് കുറഞ്ഞുവെന്നാണല്ലോ പഴി. അതുകൊണ്ട് ഓർമ്മിപ്പിച്ചെന്ന് മാത്രം.

...............................................

കള്ളപ്പണത്തിനും രാജ്യദ്രോഹത്തിനുമെതിരെ മൂന്നാം സ്വാതന്ത്ര്യസമരം നയിച്ച പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയാണ് ന.മോ.ജി. ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന് മഹാത്മഗാന്ധിയും മറ്റും വിളിച്ചുപറഞ്ഞതിനെക്കാൾ രണ്ട് ഡെസിബെൽ ഒച്ച കൂട്ടിയാണത്രെ ന.മോ.ജിയും വി.മുരളീധർജിയും കേസുരേന്ദർജിയും കള്ളപ്പണം ഇന്ത്യ വിടുക എന്ന് വിളിച്ചുപറഞ്ഞത്. അങ്ങനെ ചില കള്ളപ്പണമൊക്കെ കുഴലിൽ കയറി രക്ഷപ്പെടാൻ നോക്കിയെന്നാണ് പറയുന്നത്. അക്കൂട്ടത്തിലൊരു കുഴൽ കൊടകര ബൈപ്പാസിലൂടെയും കടന്നുപോവുകയുണ്ടായി.

കുഴലിന്റെ ഒരറ്റത്ത് കേസുരേന്ദർജിയെ കണ്ട് പിണറായിപ്പൊലീസ് തെറ്റിദ്ധരിച്ചുവെന്നും കുഴലും സുരേന്ദർജിയും ഒരേ തരക്കാരാണെന്ന ധാരണയാൽ ശക്തമായ പോരാട്ടം പിണറായിപ്പോലീസ് അവിടെ കാഴ്ചവച്ചുവെന്നുമാണ് പറയുന്നത്. യഥാർത്ഥത്തിൽ ന.മോ.ജിയുടെ ആഹ്വാനപ്രകാരം സുരേന്ദർജി കുഴലിനെതിരെ പോരാടാൻ വന്നതായിരുന്നു. അവസാന നിമിഷമാണ് പിണറായിപ്പൊലീസ് അക്കളി തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് കള്ളപ്പണത്തിനെതിരായ പോരാട്ടം അവരിപ്പോൾ ഒരുമിച്ചാക്കിയെന്ന് വി.ഡി. സതീശൻജിയും കുമ്പക്കുടി സുധാകർജിയും സംശയിച്ചത്.

വന്നുവന്നിപ്പോൾ കൊടകരയെന്ന് പേരായ സ്ഥലം തന്നെ ഈ ഭൂമുഖത്തുണ്ടോയെന്ന് വരെ പിണറായിപ്പൊലീസ് ചോദിച്ച് തുടങ്ങിയെന്നും വർത്തമാനമുണ്ട്. കേസുരേന്ദർജിയെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളോട് തരമറിയാതെ കളിച്ചാൽ സ്ഥലജലവിഭ്രമവുമുണ്ടാകാം.

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARAVISHESHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.