കാഞ്ഞങ്ങാട് (കാസർകോട്): കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഒരു വർഷത്തിനിടെ ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ. ഇതിൽ 10 ലക്ഷം പേരും തൊഴിൽ നഷ്ടമായി തിരികെ എത്തിയവരാണ്. പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന്റെ സമ്പത്ത് ഘടനയ്ക്കും കനത്ത പ്രഹരമാണ്. നോർക്കയുടെ കണക്കുകൾ പ്രകാരം ഇതുവരെ മടങ്ങിയെത്തിയത് 15.01 ലക്ഷമാണ്. തിരിച്ചെത്തിയവരിൽ 96 ശതമാനം പേർ ജി.സി.സി അംഗരാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. 8.90 ലക്ഷം പേർ യു.എ.ഇയിൽ നിന്നാണ് മടങ്ങിയെത്തിയത്. ഈ മാസം മൂന്ന് വരെയുള്ള കണക്കാണിത്. സൗദി 1.73 ലക്ഷം, ഖത്തർ 1.47 ലക്ഷം, ഒമാൻ 1.36 ലക്ഷം എന്നിങ്ങനെയാണ് പിന്നാലെ വരുന്നത്. കുവൈറ്റിൽ നിന്ന് 52,640 പേരും ബഹറിനിൽ നിന്ന് 44,246 പേരും തിരിച്ചെത്തി. 3.78 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ മലയാളികളുടെ കണക്ക് ഈ 15 ലക്ഷത്തിൽ ഉൾപ്പെട്ടിട്ടില്ല.
10,73,673 പേരാണ് തൊഴിൽ നഷ്ടപ്പെട്ടതിന്റെ പേരിൽ തിരിച്ചെത്തിയത്. 2,96,240 പേരുടെ വിസ കാലാവധി കഴിഞ്ഞു. 84,154 പേർ പത്ത് വയസിൽ താഴെയുള്ള കുട്ടികളാണ്. ഇക്കൂട്ടത്തിൽ 30,704 മുതിർന്ന പൗരന്മാരും 13,641 ഗർഭിണികളും ആണ്. ഗർഭിണികളുടെ ഉറ്റബന്ധുക്കളായ 2,914 പേരും ഇതിൽ ഉൾപ്പെടുമെന്ന് നോർക്ക പറയുന്നു. തൊഴിൽ നഷ്ടപ്പെട്ടവരുടേതടക്കമുള്ളവരുടെ പുനരധിവാസം പദ്ധതികൾ എങ്ങുമെത്താതെ കിടക്കുകയാണ്.
ഈ വർഷം ജനുവരി ആദ്യ വാരത്തോടെ 21.89 ലക്ഷം മലയാളികളാണ് വിദേശങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി മടങ്ങിയെത്തിയത്. 2020 മേയ് മുതൽ ഈ വർഷം ജനുവരി 7 വരെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 8,69,730 മലയാളികളിൽ 5,67,138 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. നോർക്കയുടെ കണക്കനുസരിച്ച് 20 ലക്ഷത്തോളം മലയാളികൾ വിദേശങ്ങളിൽ താമസിക്കുകയും ജോലിചെയ്യുകയും ചെയ്യുന്നു. ഏകദേശം 13.73 ലക്ഷം മലയാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഉണ്ട്. കേരളത്തിലെ ജനസംഖ്യ 3.48 കോടിയാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ എൻ.ആർ.ഐ ഡെപ്പോസിറ്റുകൾ ഏറെയുള്ളത് കേരളത്തിലാണ്. 2020 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 2.27 ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപമാണ് കേരളത്തിലെ ബാങ്കുകളിലുള്ളത്. കൊവിഡ് കാലത്തും ഈ നിക്ഷേപത്തിൽ 14 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിരുന്നു.
കണക്കുകൾ ഒറ്റനോട്ടത്തിൽ
ഗൾഫ് രാജ്യങ്ങളിലെ ആകെ മലയാളികൾ: 20 ലക്ഷം
മടങ്ങിവന്നവർ: 15 ലക്ഷം
ജോലി നഷ്ടമായവർ: 10.45 ലക്ഷം
വിസ കാലാധ തീർന്നവർ: 2.96 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |