SignIn
Kerala Kaumudi Online
Monday, 02 August 2021 5.54 PM IST

വിചാരണത്തടവുകാരെ നിറയ്‌ക്കുന്ന ജയിലുകൾ

stan-swami

സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചില്ലെങ്കിലും സ്പർശിക്കുകയുണ്ടായി. ഞെട്ടിച്ചിലെങ്കിലും എന്ന് പറയാൻ കാരണം ആ മരണം മുൻകൂട്ടി അറിയാമായിരുന്നു എന്നതു തന്നെ.. പ്രായം എൺപത്തിനാല്, പാർക്കിൻസൺ രോഗം, മറ്റനേകം അസുഖങ്ങൾ, ജാമ്യം അനുവദിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത നിയമവകുപ്പുകൾ ആരോപിക്കപ്പിട്ടിരിക്കുന്ന കുറ്റമോ മാവോയിസ്റ്റ് ബന്ധം. കൈയിൽ ഗ്ലാസ് പിടിക്കാൻ കഴിയാത്ത വിധം മൂർച്ഛിച്ച പാർക്കിൻസൺ രോഗിക്ക് സിപ്പറും സ്‌ട്രോയും അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ നീതിപീഠത്തിന് വേണ്ടിവന്നത് മൂന്നാഴ്ച! ഈ സാഹചര്യത്തിൽ സ്റ്റാൻ സ്വാമിയുടെ ഭാവി എന്താകുമെന്നറിയാൻ പ്രവചനശേഷി വേണ്ട. ഒരുമനുഷ്യാവകാശപ്രവർത്തകൻ എന്ന നിലയിൽ അംഗീകാരം നേടിയ ഈ ജെസ്യൂട്ട് വൈദികൻ ആരോപിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തതായി ആരും വിശ്വസിക്കുന്നില്ല.

നീതിനിഷേധത്തിന്റെയും നിയമം ദുരുപയോഗം ചെയ്യുന്നതിന്റെയും ലക്ഷണമൊത്ത കേസായി സ്റ്റാൻ സ്വാമിയുടെ അറസ്റ്റും മരണവും നിയമചരിത്രത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. സാങ്കേതികമായി സ്റ്റാൻ സ്വാമി ഒരു വിചാരണത്തടവുകാരനായിരുന്നു. ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെടുകയോ കോടതി അദ്ദേഹത്തെ കുറ്റവാളിയായി കണ്ടെത്തുകയോ ശിക്ഷ വിധിക്കുകയോ ചെയ്തിട്ടില്ല. നിഷ്പക്ഷ അന്വേഷണത്തിന് ആവശ്യമാകയാൽ അറസ്റ്റു ചെയ്യപ്പെട്ട സ്റ്റാൻസ്വാമിയെ കോടതി ജയിലിൽ പാർപ്പിച്ചെന്നുമാത്രം.. എന്നാൽ വിചാരണക്കാലത്തെ ഈ ജയിൽവാസം തന്നെയാണ് ഏറ്റവും വലിയ ശിക്ഷ. സ്റ്റാൻ സ്വാമിയുടെ മരണം വിചാരണത്തടവുകാർ എന്ന വിഭാഗത്തെക്കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം.

നീണ്ട വിചാരണയ്ക്ക് ശേഷം പ്രതി നിരപരാധിയാണെന്ന് കണ്ടെത്തി ജയിൽ മോചിതനാവുമ്പോൾ, കൊഴിഞ്ഞു പോയിട്ടുണ്ടാവുക ജീവിതത്തിലെ നാലോ അഞ്ചോ, അതിൽ കൂടുതലോ വർഷങ്ങളായിരിക്കും. അതാർക്കും തിരികെ കൊടുക്കാൻ കഴിയുകയില്ല. തെറ്റായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ, അന്വേഷണ ഉദ്യോഗസ്ഥരെ ആരും ശിക്ഷക്കുകയില്ല. (നമ്പി നാരായണന്റെ കേസിൽ ഇപ്പോൾ നടക്കുന്ന പുനരന്വേഷണം

ഈ ദിശയിലുള്ള അപൂർവമായ സംഭവവികാസമാണ്.) കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതൻ നിരപരാധിയാണെന്നു
സങ്കല്‌പിക്കണമെന്ന തത്വത്തിനു വിരുദ്ധമാണ് വിചാരണത്തടവുകാരുടെ നീണ്ട ജയിൽവാസം. അപൂർവം
കേസുകളിൽ ജാമ്യം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാമെന്നല്ലാതെ, യാന്ത്രികമായി ജാമ്യം നിഷേധിക്കപ്പെടുന്ന അവസ്ഥ മനുഷ്യാവകാശലംഘനവും ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധവുമാണ്.
ഇന്ത്യയിലെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന 257600 പേരിൽ 193627
പേരും വിചാരണത്തടവുകാരാണ്. ശിക്ഷ അനുഭവിക്കുന്നവർ 63975 പേർ. ആകെ ജയിൽ ജനസംഖ്യയുടെ 75 ശതമാനവും വിചാരണത്തടവുകാർ. കേരളത്തിൽ ഇത് 66 ശതമാനവും. ജയിലുകളിൽ കഴിയുന്ന 75 ശതമാനം ആളുകളിൽ സിംഹഭാഗത്തിനും പൗരസ്വാതന്ത്ര്യത്തിനു അർഹതയുണ്ടെങ്കിലും അവ നിരന്തരം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട്?
പ്രധാന കാരണം UAPA പോലുള്ള നിയമങ്ങളിലെ കർശന വ്യവസ്ഥകൾ തന്നെ. ആ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ നിയമനിർമ്മാണസഭ അനുവദിച്ചത് എന്തിനു വേണ്ടിയാണോ,
അതിനല്ലാതെ യാന്ത്രികമായും മറ്റ് പരിഗണനകൾക്കു വിധേയമായും അവ പ്രയോഗിക്കുമ്പോൾ, ആ നിയമങ്ങൾ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു കേവലമൊരു പീഡനോപകരണമായി മാറിപ്പോകുന്നു. നിരന്തരം ദുരുപയോഗം ചെയ്യപ്പെടുക വഴി അത്തരം നിയമങ്ങളുടെ സാധുതയും ധാർമ്മികതയും ജനമനസിൽ ചോദ്യം ചെയ്യപ്പെടുന്നു.. മറ്റു നിയമങ്ങൾക്കു കീഴിൽ അറസ്റ്റു ചെയ്യപ്പെട്ടവരും ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്നുണ്ട്. ആൾജാമ്യത്തിനു ആരെയും കിട്ടാതെയും ബോണ്ട് വയ്ക്കാൻ പണമില്ലാതെയും ജയിലിൽ
വിചാരണത്തടവുകാരായി കഴിയുന്നവരുമുണ്ട്. വിചാരണ നീണ്ടുപോകുന്നത് കാരണം ജയിൽവാസവും നീണ്ടു പോകുന്നവരാണ് മറ്റൊരു കൂട്ടർ. ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയാൽ തനിക്കു തൊന്തരവാകുമല്ലോ എന്ന് കരുതി യാന്ത്രികമായി കസ്റ്റഡി ആവശ്യപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ വിചാരശീലത്തിലുമുണ്ട് കുഴപ്പം. കോടതി ജാമ്യം കൊടുക്കുന്നെങ്കിൽ കൊടുക്കട്ടെ എന്നാണ് അവരുടെ ന്യായം. ജാമ്യാപേക്ഷ എന്തായാലും എതിർക്കണം, നിയമത്തിന്റെ പിൻബലമില്ലെങ്കിലും കസ്റ്റഡി വലിയ ആവശ്യമില്ലെങ്കിലും. അത് പ്രോസിക്യൂഷന്റെ ശീലം. വിചാരണത്തടവുകാരുടെ എണ്ണം പെരുകുന്നതിനു പിന്നിൽ ഈ മനോഭാവവും പ്രതിസ്ഥാനത്താണ്. നിയമപരമായ ധാർമ്മികതയ്ക്ക് പകരം സ്വാർത്ഥപ്രേരിതമായ സുരക്ഷിതത്വത്തിനാണിവിടെ പ്രാമുഖ്യം.
വിചാരണത്തടവുകാരെക്കൊണ്ട് നിറയുമ്പോൾ ജയിലിലെ
സൗകര്യങ്ങൾ പരിമിതമാകും. മേൽനോട്ടം ദുർബലമാകും. ആ
പഴുതിലൂടെ ജയിലുകൾക്കുള്ളിൽ അനാശാസ്യ പ്രവണതകൾ തലപൊക്കും. ശിക്ഷ അനുഭവിക്കുന്നവരുടെ തിരുത്തൽ പ്രക്രിയകളിലോ പുനരധിവാസ പ്രവർത്തനങ്ങളിലൊ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ ജയിൽ ഭരണകർത്താക്കൾക്കു പലപ്പോഴും കഴിയാതെ പോകുന്നത് സ്വാഭാവികം. കേരളത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർ രണ്ടായിരത്തിനു താഴെയും, വിചാരണത്തടവുകാർ നാലായിരത്തിനടുത്തുമാണെന്ന് അറിയുമ്പോൾ ജയിലുകളുടെ
മേലുള്ള അധികഭാരം എത്രയെന്ന് ഊഹിക്കാം. വിചാരണത്തടവുകാരുടെ എണ്ണം, ശിക്ഷിക്കപ്പെട്ടവരെക്കാൾ താണിരിക്കുന്ന അവസ്ഥയാണ് മികച്ച നീതിവ്യവസ്ഥ പുലരുന്ന
സമൂഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. കൂടുതൽ ആളുകളെ
വിചാരണക്കാലത്തു തടങ്കലിൽ പാർപ്പിക്കുന്നത് ആഘോഷിക്കേണ്ടതാണോ എന്ന് ആത്മപരിശോധന നടത്താനെങ്കിലും സ്റ്റാൻ സ്വാമിയുടെ മരണം പ്രേരിപ്പിക്കണ്ടേ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIRAKATHIR, STAN SWAMI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.