അബദ്ധവും തെറ്റുകളുമെല്ലാം മനുഷ്യസഹജമാണ്. തെറ്റുകളിൽ നിന്ന് പാഠം പഠിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നവരാണ് മനുഷ്യർ. എന്നാൽ എത്ര തെറ്റു പറ്റിയാലും ഒരു പാഠവും പഠിക്കാത്ത ചിലരുണ്ട്, അതിലൊരാളാണ് മന്ത്രി എ.കെ.ശശീന്ദ്രൻ. ഏറെ ജാഗ്രത വേണ്ട മന്ത്രി പദവിയിലിരുന്ന് തുടർച്ചയായി ബാലിശമായി പെരുമാറുകയാണ് ശശീന്ദ്രൻ. 2017ലെ അശ്ലീല ഫോൺവിളി വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായി, ചൂടുവെള്ളത്തിൽ വീണിട്ടും ഒന്നും പഠിക്കാതെ അടുത്ത വിവാദത്തിൽ പെട്ടിരിക്കുകയാണ് അദ്ദേഹം. കൊല്ലം കുണ്ടറയിൽ പാർട്ടി പ്രാദേശിക നേതാവിന്റെ മകൾ നൽകിയ പീഡനപരാതി ഒതുക്കിതീർക്കാൻ പിതാവിനെ ഫോൺവിളിച്ച് പുലിവാല് പിടിച്ചിരിക്കുകയാണിപ്പോൾ. പീഡനപരാതി നല്ല നിലയിൽ തീർക്കണമെന്നാണ് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രിയുടെ നിർദ്ദേശം.
മന്ത്രിയുടെ ഫോൺവിളി കേവലം ധാർമ്മികതയ്ക്ക് നിരക്കാത്തതിനപ്പുറം ഗുരുതരമായ നിയമപ്രശ്‌നങ്ങൾ കൂടി ഉയർത്തുന്നതാണ്. പാർട്ടിയിലെ പ്രശ്‌നമെന്ന് ന്യായീകരിച്ച് ഒതുക്കാനാവുന്നതിനപ്പുറം ഗുരുതരമായ നിയമലംഘനം കൂടിയാണ് മന്ത്രിയുടെ ഫോൺവിളി. റോഡിലൂടെ പോയപ്പോൾ കടയിലേക്ക് വിളിച്ചുവരുത്തി, പണം വാഗ്ദാനം ചെയ്ത് കൈയിൽ കടന്നുപിടിച്ചെന്നാണ് കുണ്ടറയിലെ യുവതിയുടെ പരാതി. സ്ത്രീകളുടെ അന്തസിന് ക്ഷതമുണ്ടാക്കിയതിന് ഐ.പി.സി 354പ്രകാരമുള്ള ജാമ്യമില്ലാ കേസെടുക്കാവുന്ന പരാതിയാണിത്. അതായത് ഗുരുതരമായൊരു കുറ്റകൃത്യം. ഈ കേസ് നല്ലരീതിയിൽ അവസാനിപ്പിക്കാനാണ് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ഫോണിൽ ആവശ്യപ്പെട്ടത്.
ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായിരിക്കെ, 2017ൽ ഇതുപോലൊരു ഫോൺവിളിയിലാണ് ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ചത്. ചാനൽ ലേഖികയാണെന്ന് മറച്ചുവച്ച് ഒരു പെൺകുട്ടി ശശീന്ദ്രനുമായി ഫോണിൽ തുടർച്ചയായി സംസാരിച്ചു. സ്വന്തം പദവി മറന്ന് അവരുമായി വഴിവിട്ട സംഭാഷണം നടത്തിയത് ഒരു പുതിയ വാർത്താ ചാനൽ അപ്പാടെ സംപ്രേക്ഷണം ചെയ്തു. സഭ്യതയ്ക്ക് നിരക്കാത്ത അശ്ലീല സംഭാഷണം സംപ്രേക്ഷണം ചെയ്തതിന് ചാനൽ മേധാവിയടക്കം അഞ്ച് മാദ്ധ്യമപ്രവർത്തകർ ജയിലിലായി. ശബ്ദം തന്റേതല്ലെന്ന് ശശീന്ദ്രൻ ഇതുവരെ നിഷേധിച്ചിട്ടില്ല. ഇതേക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനന്തമായി നീളുകയാണ്. ചാനലിൽ നിന്ന് പിടിച്ചെടുത്ത ഓഡിയോ ടേപ്പിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിച്ചില്ലെന്ന കാരണത്താലാണ് ക്രൈംബ്രാഞ്ച് നടപടികൾ നീളുന്നത്. ഫോറൻസിക് ലാബിലെ ശബ്ദപരിശോധനയിൽ ടേപ്പിലുള്ളത് ശശീന്ദ്രന്റെ ശബ്ദമാണെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിനും സർക്കാരിനും കുരുക്കായി മാറും. അതിനാൽ പരിശോധനാ ഫലം മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
2017ലെ ഫോൺവിളി വിവാദത്തിൽ കുടുങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ശശീന്ദ്രൻ രാജിവച്ചിരുന്നു. പിന്നീട് കേസിൽ നിന്ന് പരാതിക്കാരി പിന്മാറുകയും ജൂഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് അനുകൂലമാവുകയും ചെയ്തതോടെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഈ സംഭവത്തിൽ നിന്ന് ശശീന്ദ്രൻ ഒന്നും പഠിച്ചിട്ടില്ലെന്നാണ് കുണ്ടറയിലെ പീഡനപരാതി ഒതുക്കാനുള്ല ഫോൺവിളിയിൽ നിന്ന് മനസിലാക്കേണ്ടത്. പീഡനപരാതിയാണെന്ന് അറിയാതെയാണ് ഫോൺവിളിച്ചതെന്ന ശശീന്ദ്രന്റെ ദുർബലവാദം, ആ ഫോൺവിളി ടേപ്പിൽ തന്നെ പൊളിയുന്നുണ്ട്. എല്ലാം ഞാനറിഞ്ഞു എന്ന് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി തന്നെ പറയുന്നുണ്ട്. കുണ്ടറ പൊലീസിൽ പരാതി നൽകി ആഴ്ചകൾ കഴിഞ്ഞിട്ടും കേസെടുക്കാനും പ്രാഥമികഅന്വേഷണത്തിനും തയ്യാറാവാതിരുന്നത് മന്ത്രിയുടെയും പാർട്ടിക്കാരുടെയും സമ്മർദ്ദം കാരണമാണെന്ന് പരാതിക്കാരി ആരോപണമുന്നയിച്ചിട്ടുണ്ട്.
മിസ്ഡ്കോളിലെ സ്ത്രീസുരക്ഷ
ഒരു മിസ്ഡ് കോൾ അടിച്ചാൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് പൊലീസ് പാഞ്ഞെത്തുമെന്നാണ് മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞത്. പിന്നാലെ വന്ന അനിൽകാന്ത് കുറേക്കൂടി കടുപ്പിച്ചു. സ്ത്രീകൾ പീഡനം നേരിടുന്നുണ്ടോ എന്നറിയാനും പരാതികൾ സ്വീകരിക്കാനും സ്വീകരിക്കാൻ പൊലീസ് വീട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയെ പൊലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തി ഇതടക്കമുള്ള ഒരു ഡസൻ സ്ത്രീസുരക്ഷാപദ്ധതികളുടെ നാട മുറിച്ച് 24മണിക്കൂർ തികയും മുൻപ്, പീഡനപരാതി ഒതുക്കിതീർക്കാനുള്ള മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺവിളി പുറത്തായത് സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്ത്രീസുരക്ഷാ പദ്ധതികളിലെ പൊള്ളത്തരം ഇന്നുചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കും.
പൊലീസിന്റെ കൈകെട്ടരുത്
രാജ്യത്തെ മുൻനിര പൊലീസാണ് കേരളത്തിലേത്. അതിസാഹസികമായി കേസുകൾ തെളിയിക്കാൻ കഴിവുള്ള പ്രഗത്ഭരുടെ നിരയുണ്ട്. പക്ഷേ, രാഷ്ട്രീയ സമ്മർദ്ദം പൊലീസിനെ വരിഞ്ഞുമുറുക്കുകയാണിപ്പോൾ. വനിതകൾക്കെതിരായ അതിക്രമ പരാതികളിൽ 24മണിക്കൂറിനകം കേസെടുക്കണമെന്നും കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കണമെന്നുമൊക്കെ പൊലീസ് മേധാവി ഇറക്കുന്ന ഉത്തരവുകൾ ഫയലിൽ ഇരിക്കും. പരാതി സ്റ്റേഷനിലെത്തും മുൻപു തന്നെ രാഷ്ട്രീയക്കാരുടെ വിളി തുടങ്ങും. പ്രാദേശിക നേതാക്കൾ മുതൽ മന്ത്രി വരെ. ഈ സമ്മർദ്ദക്കുരുക്കിൽ അകപ്പെട്ട് പൊലീസുദ്യോഗസ്ഥർ മൗനികളാവും. അതിനാലാണ് കുണ്ടറയിലേതടക്കമുള്ള പീഡനക്കേസുകളിൽ പൊലീസ് ഒരു അന്വേഷണവും നടത്താതെ നിർവീര്യമായിപ്പോവുന്നത്. അതിന് പൊലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നയെന്നും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിറക്കുക മാത്രമല്ല, പൊലീസിന് നിർഭയമായി പ്രവർത്തിക്കാൻ കൂടി പൊലീസ് മേധാവി അനിൽകാന്ത് അവസരമൊരുക്കുകയാണ് വേണ്ടത്.
മന്ത്രിക്കെതിരെ കേസെടുക്കാം-
ജസ്റ്റിസ് കെമാൽപാഷ
'പീഡനക്കേസൊതുക്കാൻ നിർബന്ധിച്ചതിന് മന്ത്രിക്കെതിരെ കേസെടുക്കാനാവും. ഒരു ക്രിമിനൽ കേസ് ഒതുക്കാൻ നിർബന്ധിക്കുന്നതും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതും ഐ.പി.സി-201 വകുപ്പ് ചുമത്താവുന്ന കുറ്റമാണ്. കുറ്റകൃത്യം നടന്നതായി വിവരം കിട്ടിയിട്ടും പൊലീസിനെ അറിയിക്കാതെ കേസൊതുക്കാൻ ശ്രമിച്ചതിന് ആറുമാസം വരെ തടവുശിക്ഷ കിട്ടാവുന്ന 202-ാം വകുപ്പ് ചുമത്താം. കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം കിട്ടിയാൽ പൊലീസിനെ അറിയിക്കേണ്ടത് പൗരന്മാരുടെ നിയമപരമായ ബാദ്ധ്യതയാണ്. ക്രിമിനൽ കുറ്റം ഒളിപ്പിക്കാൻ എന്തെങ്കിലും തരത്തിലുള്ല ഓഫർ നൽകുന്നത് 214-ാം വകുപ്പുപ്രകാരം കുറ്റകരമാണ്. പരാതിക്കാരിയുടെ പിതാവിന് പാർട്ടിയിലെ സ്ഥാനം നിലനിറുത്താമെന്ന വാഗ്ദാനമുണ്ടെങ്കിൽ പോലും ഈ വകുപ്പ് നിലനിൽക്കും. പരാതിക്കാരിയോ കുടുംബമോ തന്നെ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കണമെന്നില്ല. ഏതെങ്കിലുമൊരു പൗരൻ കോടതിയെ സമീപിച്ചാലും മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവുണ്ടായേക്കാം. പാർട്ടിയിലെ ക്രിമിനലിനെ സംരക്ഷിക്കാൻ ശ്രമിച്ചത് സത്യപ്രതിജ്ഞാ ലംഘനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |