പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലൂടെ മലയാളത്തിൽ എത്തിയ തെന്നിന്ത്യൻ താരം അദിതി ബാലന്റെ വിശേഷങ്ങൾ
നാലുവർഷം മുൻപ് ഒരു വെള്ളിയാഴ്ച. അന്നാണ് തമിഴകത്ത് 'അരുവി" ഒഴുകിയത്.അരുവി കണ്ടവർക്ക് അരുവി മനസിൽ പടർത്തിയ നോവ് മറക്കാനാകില്ല. അരുവിയെ മനോഹരമാക്കിയ അദിതി ബാലനെയും .അദിതിയുടെ അഭിനയപ്രകടനം തന്നെയായിരുന്നു ആ സിനിമയുടെ കരുത്ത്. സിനിമ ഒരിക്കലും സ്വപ്നം കാണാത്ത പെൺകുട്ടിയായിരുന്നു അദിതി ബാലനെന്ന് അധികം വൈകാതെ മലയാളി പ്രേക്ഷകരും അറിഞ്ഞു.അദിതി പാതി മലയാളിയാണെന്ന് അപ്പോഴും അവർ അറിഞ്ഞില്ല. 'കോൾഡ് കേസ് "എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അദിതി മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചതാണ് പുതുവിശേഷം. ഒ.ടി.ടി റിലീസായി എത്തിയ ചിത്രം അദിതിയുടെ ആദ്യ മലയാള സിനിമയായി കൈയൊപ്പ് പതിപ്പിക്കുകയും ചെയ്തു.മേധ പത്മജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം ആരെന്ന് അന്വേഷിച്ചവർക്ക് മുന്നിലേക്ക് തമിഴ് ആന്തോളജി ചിത്രം 'നവരസ" കൂടി എത്തുന്നു. അപ്പോൾ വീണ്ടും നമുക്ക് അദിതിയെ കാണാം.
ഞാനും കാഴ്ചക്കാരിയും
അരുവി ചെയ്യുന്നതിന് മുൻപ് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒരു സാധാരണ പ്രേക്ഷക. എന്നാൽ അരുവി വലിയ പ്രശസ്തി തന്നു. ഏറെ നിരൂപക ശ്രദ്ധയും. അപ്പോൾ ഉത്തരവാദിത്വം ഏറി. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഏറെ പഠിക്കണമെന്ന് തോന്നി. അടുത്ത സിനിമ ഇതിലും നന്നായി ചെയ്യണമെന്നും ടൈപ്പ് കാസ്റ്റ് ഉണ്ടാവാൻ പാടില്ലെന്നും ആഗ്രഹിച്ചു. നല്ല തിരക്കഥ വരാൻ കാത്തിരുന്നു. അങ്ങനെയാണ് ഇടവേള ഉണ്ടാവുന്നത്. മൂന്നുവർഷം കാത്തിരുന്നു. അതു നല്ലതിനു വേണ്ടിയായിരുന്നു. അപ്പോൾ സംഭവിച്ചതാണ് കോൾഡ് കേസും നവരസയും. ആദ്യ തെലുങ്ക് ചിത്രമാണ് 'ശാകുന്തളം". വലിയ പ്രതീക്ഷ ശാകുന്തളം നൽകുന്നു. ഈ സിനിമകൾ കണ്ടു സംവിധായകർ വിളിക്കുമെന്നാണ് കരുതുന്നത്.
ഞാനും നിയമ വിദ്യാർത്ഥിയും
സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സാധാരണ നിയമ വിദ്യാർത്ഥി. ബംഗളൂരു ക്രൈസ്റ്റ് കോളേജിലാണ് പഠിച്ചത്. നാടക പ്രവർത്തനത്തിന്റെ ഭാഗമാവണമെന്ന് ആഗ്രഹം കുറേവർഷമായി മനസിലുണ്ടായിരുന്നു.അങ്ങനെ വർക്ഷോപ്പിൽ പങ്കെടുത്തു. അവിടെ വച്ചാണ് അരുവിയുടെ ഓഡിഷനെപ്പറ്റി അറിയുന്നത്. സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് അപ്പോഴും കരുതിയില്ല. ഒാഡിഷനിൽ പങ്കെടുത്തെങ്കിലും നന്നായില്ലെന്നാണ് കരുതിയത്. എന്നാൽ അവർ വിളിച്ചു. ശേഷം ഫോട്ടോ ഷൂട്ട്. തിരക്കഥ കൈയിൽ കിട്ടിയപ്പോൾ നോ പറയാൻ കഴിഞ്ഞില്ല. അരുവിയുടെ നിർമ്മാണം, കഥാപാത്രത്തിന്റെ യാത്ര, എന്റെ ഒപ്പം അരുവിയും ചേർന്നു .കോഴ്സ് കഴിഞ്ഞാണ് 'അരുവി"യിൽ അഭിനയിക്കുന്നത്. ശേഷം ജീവിതവും ചിന്തയും മാറി. നല്ല സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. സിനിമകൾ കാണാൻ കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു.കുട്ടിക്കാലം മുതൽ മലയാള സിനിമ കാണാറുണ്ട്. മികച്ച സിനിമകൾ മലയാളത്തിലാണ് ഉണ്ടാവുന്നത്. മലയാള സിനിമ ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ആ ആഗ്രഹം നിവിൻപോളി ചിത്രം പടവെട്ടിലൂടെ സഫലമാകുകയും ചെയ്തു. പടവെട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്.രണ്ടാമത് ചിത്രമായ കോൾഡ് കേസ് ആദ്യ സിനിമയായി മാറുകയും ചെയ്തു.
ഞാനും മേധയും
പൃഥ്വിരാജ് സാറിന്റെ സിനിമ, നല്ല തിരക്കഥ. രണ്ടും എന്നെ ആകർഷിച്ചു.മാത്രമല്ല ഞാൻ പൃഥ്വിരാജ് സാറിന്റെ ആരാധികയും. കോൾഡ് കേസിൽ അഭിനയിക്കുന്നതിന് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല.ഹൊറർ, ഇൻവെസ്റ്റിഗേഷൻ എന്നീ രണ്ട് ജോണറിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അതു നല്ലൊരു ചേരുവയായിരുന്നു.പൃഥ്വിരാജ് സാറിനൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ദിവസം അല്പം പേടിയുണ്ടായിരുന്നു.കഥയുടെ ഒരു നിർണായക ഘട്ടത്തിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. നാലു ദിവസമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ.അർപ്പണമനോഭാവത്തിനൊപ്പം കഥാപാത്രമാകാൻ കഠിനാദ്ധ്വാനവും കാട്ടുന്ന നടൻ.മേധ പത്മജ എന്ന ജേണലിസ്റ്റിനെ ഇഷ്ടപ്പെട്ടുവെന്ന് അറിയുമ്പോൾ ഏറെ സന്തോഷം .ഒ.ടി.ടി റിലീസായതിനാൽ ഏറെ ആളുകളിലേക്ക് എത്തുകയും ചെയ്തു. അരുവി തിയേറ്റർ റിലീസായിരുന്നതെങ്കിലും ഒ.ടി.ടിയിലൂടെയാണ് കൂടുതൽ ആളുകളിലേക്ക് എത്തിയത്.എന്നാൽ തിയേറ്റർ അനുഭവം നൽകാൻ ഒ.ടി.ടിക്കു കഴിയില്ല. എന്നാൽ ഒ.ടി.ടിയിൽ സമയവും ഇഷ്ടവും നോക്കി കാണാം.നവരസയും ഒ.ടി.ടി റിലീസാണ്.
ഞാനും മാവേലിക്കരയും
ചെന്നൈയിലാണ് ജനിച്ചതും വളർന്നതും . അച്ഛൻ ചെന്നൈ സ്വദേശി. അച്ഛന് ബിസിനസാണ്.അമ്മയുടെ നാട് മാവേലിക്കര.ഒരു സഹോദരനുണ്ട്. സാധാരണ കുടുംബം.നാട്ടിൽ മുത്തശ്ശിയുണ്ട്.മുത്തശ്ശിയെ കാണാൻ വരാറുണ്ട്. അധികം ആളുകൾക്കും അറിയില്ല ഞാൻ മലയാളം സംസാരിക്കുമെന്ന്. കോൾഡ് കേസിൽ ഡബ്ബ് ചെയ്യാൻ കഴിഞ്ഞില്ല.കഥാപാ ത്രത്തിന് സ്വന്തം ശബ്ദം നൽകാ നാണ് ആഗ്രഹം. അധികം വൈകാതെ മലയാളത്തിലും ഡബ്ബ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.എന്റെ കഥാപാത്രങ്ങളെല്ലാം ഗൗരവവും പക്വതയും ഉള്ളവരാണ്. എന്നാൽ ജീവിതത്തിൽ ഞാൻ അങ്ങനെ ഒരാളേയല്ല. യാത്രകൾ ഇഷ്ടപ്പെടുന്ന, ഫുട്ബാൾ കളിക്കുന്ന ആഘോഷമായി ഒാരോ ദിവസത്തെയും കാണുന്ന ആള്.ജീവിതത്തിലെ എന്നെ എപ്പോഴാണോ സിനിമയിൽ കാണാൻ കഴിയുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |