ശ്രീ സഹ്യാമലക ക്ഷേത്രം സ്മരണാദുക്തി മുക്തിദാ
കാശി ക്ഷേത്രേ മൃതായാ വല്ലഭന്തേ പരമാം ഗതിം
അസ്മിൻ ക്ഷേത്ര നിവാസേന മുക്താ ഏവ ന സംശയാഃ
ശ്രീ സഹ്യാമലക ക്ഷേത്രേ സകൃൽ പിണ്ഡ പ്രദാനതഃ
ഗയാശ്രാദ്ധ ഫലം യത്തല്ലഭതേ നാത്ര സംശയം.
(ശ്രീ തിരുനെല്ലി ക്ഷേത്രം ഒാർത്താൽ ഐശ്വര്യവും മോക്ഷവും ലഭിക്കും. ഇൗ ക്ഷേത്രത്തിൽ എത്തുന്ന ശരീരികൾക്ക് കാശിയിൽ പരമമായ ഗതി ലഭിക്കും പോലെ മോക്ഷം നേടാം. ഇവിടെ പിണ്ഡം വച്ചാൽ ഗയാശ്രാദ്ധം ഉൗട്ടിയ ഫലം ഉണ്ടാകും) ഭാരതത്തിൽ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. പിതൃമോക്ഷം തേടിയെത്തുന്നവരുടെയെല്ലാം പ്രിയ ഇടം. വിശ്വാസികൾക്ക് ഇവിടം സഹ്യാമലക ക്ഷേത്രവും തെക്കൻ കാശിയുമൊക്കെയാണ്. ബ്രഹ്മഗിരിയുടെ മടിത്തട്ടിൽ നാലു മലകളുടെയും മദ്ധ്യത്തിലായി ചെറിയൊരു കുന്നിൻ മുകളിലാണ് ക്ഷേത്രം. 'പത്മപുരാണ"ത്തിൽ താമരപ്പൂവിന്റെ ദളങ്ങൾ പോലെ ചുറ്റിലും മലകൾ സ്ഥിതി ചെയ്യുന്നു എന്നാണ് വർണിച്ചിരിക്കുന്നത്. പ്രളയസമയത്ത് പോലും ക്ഷേത്രത്തിന് നാശമില്ലെന്നും ചുറ്റുമുള്ള മലകൾ താമര മൊട്ടു പോലെ കൂമ്പി നിൽക്കുമെന്നും പ്രളയശേഷം വീണ്ടും വിടർന്ന് പൂർവസ്ഥിതിയിലാകുമെന്നാണ് വിശ്വാസം. കിഴക്കുവശത്തായി ഉദയ ഗിരിയും തെക്കുവശത്തായി നരിനിരങ്ങിമലയും പടിഞ്ഞാറ് കരിമലയും വടക്ക് സാക്ഷാൽ ബ്രഹ്മഗിരിമലയും തിരുനെല്ലിക്ക് അഴക് കൂട്ടുന്നു. അടുത്ത ഞായറാഴ്ച കർക്കടക വാവ്. തിരുനെല്ലി ക്ഷേത്രത്തെ കുറിച്ചും ബലിതർപ്പണത്തെ കുറിച്ചും ക്ഷേത്രമേൽശാന്തി ഹെഗ്ഡമന നീലിമന ഇ.എൻ.കൃഷ്ണൻ നമ്പൂതിരിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.
ക്ഷേത്ര ഐതീഹ്യം
പിതൃമോക്ഷ പരിഹാരം അന്വേഷിച്ച് ബ്രഹ്മദേവൻ ആകാശമാർഗം സഞ്ചരിക്കവേ വിഷ്ണുചൈതന്യം അനുഭവപ്പെട്ട് ഇവിടെ ഇറങ്ങിയെന്നാണ് വിശ്വാസം. ബ്രഹ്മാവിന്റെ പാദസ്പർശമേറ്റ മല ബ്രഹ്മഗിരിയായി. ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് വന്ന് വിഷ്ണു ഭഗവാനെ തപസ് ചെയ്തപ്പോൾ മഹാവിഷ്ണു ഒരു നെല്ലി മരത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. ഭൂമിയിൽ പിതൃക്കൾക്ക് മോക്ഷം കിട്ടാനുള്ള ബുദ്ധിമുട്ട് ബ്രഹ്മാവ് ധരിപ്പിച്ചു. മഹാവിഷ്ണുവിന്റെ നിർദേശ പ്രകാരം പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഉണ്ടായ വിഗ്രഹം ക്ഷേത്രം പണിത് പിതൃമോക്ഷത്തിനായി പ്രതിഷ്ഠ ചെയ്തു എന്ന് ഐതിഹ്യം. നെല്ലിമരത്തിൽ പ്രത്യക്ഷപ്പെട്ടതിനാൽ സഹ്യാമലക ക്ഷേത്രം എന്നും തിരുനെല്ലി എന്നും പേര് വന്നു.
തിരുനെല്ലിയിലെ പിതൃതർപ്പണം
ഗയയിൽ ബലിയിടുന്നതിന് തുല്യമാണ് തിരുനെല്ലിയിൽ ബലി ഇടുന്നത്. കാശിയിലെ ഗയ മുതൽ തിരുനെല്ലി വരെ നീണ്ടുകിടക്കുന്ന പവിത്രമായ ശിലയാണ് ഗയാശില. പുണ്യനദികളായ ഗംഗ, സരസ്വതി, കാവേരി മുതലായ തീർത്ഥങ്ങൾ അന്തർലീനയായി പാപനാശിനിയിൽ എത്തുന്നു എന്നാണ് വിശ്വാസം. ഈ തീർത്ഥം പാപനാശിനിയായത് അങ്ങനെയാണ്. പുണ്യമായ ഗയാശ്രാദ്ധമാണ് തിരുനെല്ലിയിൽ നടക്കുന്നത്. പാഷാണ വേദി എന്ന അസുരന് വിഷ്ണു ഭഗവാൻ ശാപമോക്ഷം നൽകിയതാണ് ഗയാശില. കാവേരി ബ്രഹ്മഗിരിയിൽ നിന്നുത്ഭവിക്കുന്നു. മഹാവിഷ്ണുവിനെ തൊഴുത് പ്രാർത്ഥിക്കുന്നവരുടെ തറവാട്ടിലെ എല്ലാ പിതൃക്കൾക്കും മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരാമൻ, പരശുരാമൻ, സനഹാധി മഹർഷിമാർ, ജമദഗ്നി മഹർഷി, ശങ്കരാചാര്യർ തുടങ്ങിയ പുണ്യാത്മാക്കൾ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ബലികർമങ്ങൾ നടത്തിയതായും പുരാണത്തിൽ പറയുന്നു. പദ്മ പുരാണത്തിൽ ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഗരുഡ പുരാണത്തിൽ ബലി കർമത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിപാദിക്കുന്നു.ചേര രാജാക്കന്മാരുടെ കൈവശമായിരുന്നു ആദ്യം ക്ഷേത്രം. പിന്നീട് അവരുടെ തായ് വഴി പഴശി രാജാക്കന്മാരുടെ കൈവശമായി. ഇപ്പോൾ മലബാർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലാണ്.
ഗുണ്ഡിക ക്ഷേത്രവും കരിങ്കൽ പാത്തിയും
പഞ്ചതീർത്ഥക്കുളത്തിന്റെ അടുത്തുനിന്ന് അല്പം മുന്നോട്ടു പോയാൽ കാണുന്നത് ഗുണ്ഡിക ക്ഷേത്രം. ഇവിടെ ഗുഹക്കുള്ളിൽ ശിവലിംഗമാണ് പ്രതിഷ്ഠ. അഗസ്ത്യമുനിയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. അദ്ദേഹം തപസ് ചെയ്തിരുന്ന സ്ഥലം കൂടിയാണിത്. ദക്ഷ യാഗത്തിന് കൊട്ടിയൂരിലേയ്ക്ക് ഇവിടെ നിന്നാണ് ശിവഭഗവാൻ പോയതെന്നും ഐതിഹ്യമുണ്ട്. ബ്രഹ്മഗിരിയിൽ നിന്നുള്ള നീരുറവയിൽ നിന്ന് അരകിലോമീറ്ററോളം കരിങ്കൽ പാത്തികൾ ഉപയോഗിച്ച് ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ വെള്ളം എത്തിക്കുന്നു. സദാസമയവും വെള്ളം ഒരു കരിങ്കൽ ടാങ്കിൽ നിറഞ്ഞൊഴുകുന്നു. വരാഹം എന്നാണ് ഈ തീർത്ഥത്തിന്റെ പേര്. ചിറക്കൽ രാജാവിന്റെ ഭാര്യ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ പാപനാശിനിയിൽ നിന്ന് ജലം തലച്ചുമടായി കൊണ്ടുവന്ന് ക്ഷേത്രകാര്യങ്ങൾ നടത്തുന്ന ബുദ്ധിമുട്ട് ശാന്തിക്കാർ അറിയിച്ചു. അതിന് പരിഹാരമായി വാല്യക്കാരെ കാട്ടിലേക്ക് പറഞ്ഞുവിട്ടു. വാല്യക്കാർ ഈ നീരുറവ കണ്ടെത്തുകയും മുളകൾ വെട്ടി മുള പാത്തികൾ ഉണ്ടാക്കി നീരുറവ ക്ഷേത്രത്തിലെത്തിച്ച് അതിൽ നിന്നും തീർത്ഥം സേവിച്ചാണ് അവർ മടങ്ങിയത്. പിന്നീട് കുഞ്ഞി മംഗലത്ത് നിന്നും കരിങ്കൽ പണിക്കാരെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് അയച്ച് മുള പാത്തി മാറ്റി കരിങ്കൽ പാത്തി നിർമ്മിച്ചു നൽകിയെന്നാണ് ചരിത്രം. കണ്ണൂരിലെ പയ്യന്നൂരിനടുത്ത് വരിക്കര നായർ തറവാട്ടിലാണ് ഇവർ ജനിച്ചത്. ഇന്നും ആ തറവാട്ടുകാർ ഉണ്ട്. കിണറുകൾ ഇല്ലാത്ത ഒരു പ്രദേശമാണ് തിരുനെല്ലി. ക്ഷേത്രത്തിലോ ചുറ്റുവട്ടത്തുള്ള വീടുകളിലോ കിണറില്ല. എല്ലാവരും കരിങ്കൽ പാത്തിയിൽ നിന്നുമാണ് പൈപ്പിട്ട് വെള്ളമെടുക്കുന്നത്.
തൃശിലേരി മഹാദേവക്ഷേത്രം
108 ശിവാലയങ്ങളിൽ പെട്ടതാണ് തൃശിലേരി ശിവക്ഷേത്രം. തിരുനെല്ലി പഞ്ചായത്തിൽ തന്നെയാണിത്. ഇവിടെ ശിവലിംഗം സ്ഥാപിച്ചത് പരശുരാമനാണ് എന്നാണ് ഐതിഹ്യം. ആദ്യകാലത്ത് തിരുനെല്ലിയിലേക്ക് നടന്നുവന്നിരുന്നവർ ഇവിടെ കുളിച്ചു മഹാദേവനെ വണങ്ങി ക്ഷീണമൊക്കെ തീർത്ത ശേഷമാണ് തിരുനെല്ലിയിൽ എത്തിയിരുന്നത്. ഇന്നും തിരുനെല്ലിയിൽ ബലിയിടാൻ എത്തുന്നവർ തൃശിലേരി മഹാദേവന് വിളക്കു മാല വഴിപാട് ചെയ്ത ശേഷമാണ് ബലിയിടുന്നത്.
തിരുനെല്ലിയിലെ വാവുകൾ
പ്രധാനമായി അഞ്ച് വാവുകൾ ആണുള്ളത്. തുലാം വാവ്, കുംഭം വാവ്, വൈശാഖം തുടങ്ങുന്നതും കഴിയുന്നതുമായ വാവുകൾ, കർക്കടക വാവ്. ഇതിൽ കർക്കടക വാവിനാണ് ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്നത്. ഓരോ വർഷവും ഏകദേശം അരലക്ഷം പേർ ഈ ദിവസം ഇവിടെ എത്തും. മീനമാസത്തിൽ മൂന്നു ദിവസങ്ങളിലായി അശ്വതി നക്ഷത്രത്തിൽ ദിവ്യ കലശത്തോടുകൂടിയുള്ള പ്രതിഷ്ഠ ദിന ഉത്സവം നടക്കുന്നു. വിഷു ആണ് പ്രധാന ഉത്സവം. വിഷുക്കണി കാണലോടുകൂടി അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവമാണ് വിഷു ഉത്സവം. പ്രത്യേക പൂജാ പരിപാടികളും കലാ പരിപാടികളും ഉണ്ടാകാറുണ്ട്. തരണനല്ലൂർ പത്ഭനാഭൻ ഉണ്ണി നമ്പൂതിരിയാണ് ഇവിടെ തന്ത്രി.
പഞ്ചതീർത്ഥക്കുളത്തിന്റെ പ്രത്യേകത
പ്രധാനക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തായി പാപനാശിനിയിൽ പോകുന്ന വഴിയിലാണ് പഞ്ചതീർത്ഥക്കുളം. ശംഖ്, പത്മം,ചക്രം, ഗദ, പാദം എന്നീ തീർത്ഥങ്ങളാണ് തീർത്ഥക്കുളത്തിൽ ചെന്നുചേരുന്നത്. ഇതിൽ പാദ തീർത്ഥം ഭഗവാന് അഭിഷേകം ചെയ്യുന്നു. ക്ഷേത്രത്തിൽ ഭഗവാന് അഭിഷേകം ചെയ്യുന്ന തീർത്ഥം ഒരു ചെറിയ കുഴിയിൽ പതിക്കുന്നു. ഇതിൽ നിന്ന് പുറത്തേക്ക് ഒഴുകി പോകാൻ ഓവുചാൽ ഇല്ല. ഈ കുഴി നിറഞ്ഞ് കവിയാറുമില്ല. ഭൂമിക്കടിയിലൂടെ ഇത് പഞ്ചതീർത്ഥക്കുളത്തിൽ എത്തുന്നു എന്നാണ് പറയുന്നത്. ക്ഷേത്രത്തിൽ വരുന്നവർക്ക് ഇത് നേരിട്ട് കാണാം.
തിരുനെല്ലിയിലെ മറ്റു വിശേഷങ്ങൾ
മണ്ഡലകാല സമാപനത്തിന് ചുറ്റുവിളക്ക് ഉത്സവം നടത്തും. ഇതോടൊപ്പം താഴത്തെ ദൈവത്താർ മണ്ഡപത്തിൽ ഉത്സവവും. ഈടും കൂറ്, വാള് എഴുന്നള്ളത്ത് മുതലായവ. ദൈവത്താർ മണ്ഡപം ആദിവാസി കുറുമ വിഭാഗത്തിന് പ്രാധാന്യമുള്ള സ്ഥാനം ആണ്. തുലാം മാസത്തിലെ തിരുവോണം നാളിലാണ് നിറപുത്തരി ആഘോഷം. ആയിരക്കണക്കിന് ഭക്തർ നെൽക്കതിരിനായി എത്തും. കൊട്ടിയൂർ വൈശാഖ ഉത്സവം തുടങ്ങുന്ന സമയത്ത് തിരുനെല്ലിയിൽ നിന്നും മേടമാസത്തിലെ വിശാഖം നാളിൽ ഭൂതത്തെ പറഞ്ഞയയ്ക്കൽ ചടങ്ങ് നടത്തും.
ബലികർമ്മത്തിനായി വരുമ്പോൾ
ബലി കർമ്മം ചെയ്യാനായി എത്തുന്നവർ തലേന്ന് തന്നെ ക്ഷേത്രത്തിൽ എത്തണം. ക്ഷേത്രനടയിൽ വാദ്ധ്യാർ ചൊല്ലി തരുന്ന പ്രാർത്ഥനയിൽ പങ്കെടുക്കണം. രാത്രിയിൽ അത്താഴം കഴിക്കാൻ പാടില്ല. ഒരിക്കൽ വ്രതം. ബലിയിടാനുള്ള രസീത് കൗണ്ടറിൽ ലഭിക്കും. കൗണ്ടറിൽ നിന്നും തരുന്ന ബലിസാധനങ്ങൾ വാങ്ങിച്ചു പാപനാശിനിയിൽ മുങ്ങിക്കുളിച്ച് പാപഭാരമില്ലാത്ത മനസോടെ,സ്മരണയോടെ വാദ്ധ്യാർ പറഞ്ഞുതരുന്ന മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ഭക്തിയോടെയും ശ്രദ്ധയോടെയും പിതൃക്കൾക്കായി ബലികർമ്മം ചെയ്യണം. ക്ഷേത്രത്തിലെത്തി സാക്ഷാൽ മഹാവിഷ്ണുവിനോട് പിതൃമോക്ഷത്തിന് പ്രാർത്ഥിക്കാം. തീർത്ഥപ്രസാദം സ്വീകരിച്ച് ബലിശേഷം കൊള്ളൽ ത്രിമധുരം കഴിക്കുന്നതോടെ ബലികർമ്മം പൂർത്തിയാകും.
ജമദഗ്നി മഹർഷി ,പരശുരാമൻ, ശ്രീരാമൻ, സനകാദി മുനിമാർ, ശങ്കരാചാര്യർ തുടങ്ങിയ പുണ്യാത്മാക്കൾ ക്ഷേത്രത്തിലെത്തി പിതൃക്കൾക്ക് ബലി കർമ്മം നടത്തിയെന്നാണ് വിശ്വാസം. ഇവിടെ കർമ്മം ചെയ്തപ്പോഴാണ് പരശുരാമനും ശ്രീരാമനുമെല്ലാം തങ്ങളുടെ പിതൃക്കൾക്ക് മോക്ഷം കിട്ടിയതിന്റെ സംതൃപ്തി അറിഞ്ഞത്. കർമ്മം ചെയ്യാൻ എത്തുന്ന ഏതൊരാൾക്കും ഇത് അനുഭവിച്ചറിയാം. 365 ദിവസവും ഇവിടെ ബലികർമ്മം നടക്കാറുണ്ട്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ബലിയിടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇപ്പോൾ ചടങ്ങുകൾ.
(മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി: 9656569636)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |