SignIn
Kerala Kaumudi Online
Saturday, 20 April 2024 3.58 AM IST

ശിഹാബ് തങ്ങളെ ഓർമ്മിക്കുമ്പോൾ

panakkadu-thangal

ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിദ്ധ്യവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഇഹലോകവാസം വെടിഞ്ഞിട്ട് ഇന്നേക്ക് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നു.

1975 സെപ്തംബർ ഒന്നിന് മുസ്ളിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷപദം ഏറ്റെടുക്കുമ്പോൾ ശിഹാബ് തങ്ങൾ കേരള രാഷ്ട്രീയത്തിൽ തീരെ പരിചിതനായിരുന്നില്ല. ലീഗിന്റെ ഏറനാട് താലൂക്ക് പ്രസിഡന്റായി പ്രവർത്തിച്ച അനുഭവപരിചയമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. പാണക്കാട് പൂക്കോയ തങ്ങളുടെ മകൻ, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ മരുമകൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന യോഗ്യത. ഇൗജിപ്‌തിലെ പ്രസിദ്ധമായ അൽ അസർ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. അന്ന് സി.എച്ച്. മുഹമ്മദ് കോയ, അവുക്കാദർ കുട്ടി നഹ, ചാക്കീരി അഹമ്മദ് കുട്ടി, ബി.വി. അബ്ദുള്ള കോയ എന്നിങ്ങനെ അതിപ്രഗത്ഭരായ നേതാക്കളുടെ ഒരുവലിയ നിര തന്നെ പാർട്ടിയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പരിചയക്കുറവ് അത്രവലിയ പ്രശ്നമായി പാർട്ടിക്ക് അനുഭവപ്പെട്ടില്ല. എന്നാൽ ഉമർ ബാഫഖി തങ്ങൾ, ചെറിയ മമ്മുക്കേയി, എം.കെ. ഹാജി, ബാവാ ഹാജി, പി.എം. അബൂബക്കർ എന്നിങ്ങനെ പ്രമുഖരായ പലനേതാക്കളും എതിർഭാഗത്ത് അഖിലേന്ത്യാ ലീഗിലായിരുന്നു. അവർ യൂണിയൻ ലീഗിനോടു വലിയ എതിർപ്പ് വച്ചുപുലർത്തി. അവരിൽ പലരും അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും അനുഭവിച്ചു. സി.എച്ചിന്റെയും എം.കെ. ഹാജിയുടെയും കാലശേഷം ശിഹാബ് തങ്ങൾ മുൻകൈയെടുത്ത് 1985 ൽ വിമതരെക്കൂടി സ്വപാളയത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മാത്രമല്ല അവർക്ക് പാർട്ടിയിൽ മാന്യമായ പരിഗണന നൽകുകയും ചെയ്തു. 1987 ൽ ബാവാ ഹാജിയെ മുസ്ളിം ലീഗ് നിയമസഭാ കക്ഷിയുടെ നേതാവായി തിരഞ്ഞെടുത്തു. അഖിലേന്ത്യാലീഗിൽ നിന്ന് തിരിച്ചുവന്നവരാണ് ഇ.ടി. മുഹമ്മദ് ബഷീറും കെ.കെ. മുഹമ്മദും അബ്ദുറഹ്മാൻ രണ്ടത്താണിയും മറ്റും. 1983 ൽ സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ചശേഷം പാർട്ടിയുടെ നിയന്ത്രണം പൂർണമായും ശിഹാബ് തങ്ങൾ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കായിരുന്നു പാർട്ടിയെ സംബന്ധിച്ചിടത്തോളം അന്തിമതീരുമാനം. പാർട്ടിയുടെ ഉന്നതാധികാര കമ്മിറ്റി യോഗം ചേരുമ്പോഴൊക്കെ ഉചിതമായ സമയത്ത് യുക്തമായ തീരുമാനം കൈക്കൊള്ളാൻ തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു പതിവ്. അദ്ദേഹത്തിന്റെ തീരുമാനം എല്ലായിപ്പോഴും സർവസമ്മതമായിരുന്നു. അതിനൊരിക്കലും യാതൊരു എതിർശബ്ദവും പാർട്ടിയിൽ നിന്നുയർന്നില്ല.

1991 ൽ മുസ്ളിംലീഗിൽ തലമുറമാറ്റം യാഥാർത്ഥ്യമായി. ബാവാ ഹാജിയും യു.എ. ബീരാനും പി.എം. അബൂബക്കറുമടക്കമുള്ള മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ.കെ. ബാവ, സി.ടി. അഹമ്മദലി എന്നിങ്ങനെയുള്ള യുവനേതാക്കൾ പ്രതിഷ്ഠിക്കപ്പെട്ടു. ഇ. അഹമ്മദിനെ പാർലമെന്റംഗമാക്കി ദേശീയ നേതൃത്വത്തിലേക്ക് അയച്ചു. അതിനുശേഷമാണ് മുസ്ളിം ലീഗ് ചരിത്രത്തിലേറ്റവും വലിയ വെല്ലുവിളി നേരിട്ടത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. ആരും പ്രകോപിതരാകരുതെന്നും അക്രമത്തിന് ഒരുമ്പെടരുതെന്നും ശിഹാബ് തങ്ങൾ സമുദായാംഗങ്ങളെ കർശനമായി വിലക്കി. അതുകൊണ്ടുതന്നെ കേരളത്തിൽ അനിഷ്ടസംഭവങ്ങൾ തുലോം കുറവായിരുന്നു. എന്നാൽ കോൺഗ്രസുമായി ചേർന്ന് സംസ്ഥാനഭരണം കൈയാളുന്നതിൽ പാർട്ടിക്കകത്തു തന്നെ വലിയൊരു വിഭാഗം നേതാക്കളും അണികളും അസംതൃപ്തരായിരുന്നു. ഏറ്റവും മുതിർന്ന നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ട് പരസ്യമായി അതൃപ്തി അറിയിക്കുകയും ഇന്ത്യൻ നാഷണൽ ലീഗ് എന്നൊരു പാർട്ടിയുണ്ടാക്കി പുറത്തു പോവുകയും ചെയ്തു. പി.എം. അബൂബക്കറും യു.എ. ബീരാനും അദ്ദേഹത്തോടൊപ്പം പോയി. അതേസമയം ഐ.സി.എസ് അബ്ദുൾ നാസർ മഅ്ദനി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് ലീഗ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചു. 'മുസ്ളിം ലീഗ് മറുപടി പറയണം' എന്ന മഅ്ദനിയുടെ കാസറ്റ് വില്‌പനയിൽ റെക്കാഡ് സ്ഥാപിച്ചു. അയോദ്ധ്യയിൽ പള്ളിപൊളിച്ചപ്പോഴും ഇവിടെ ലീഗുകാർ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്ന മഅ്ദനിയുടെ പരിഹാസം സമുദായാംഗങ്ങളെ തീർത്തും അസ്വസ്ഥരാക്കി. പിന്നീട് നടന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പാണക്കാട് തങ്ങൾ നൂറിലധികം വേദികളിൽ പ്രസംഗിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ. ബാലകൃഷ്‌ണൻ ഒരുലക്ഷത്തിൽപ്പരം വോട്ടുകളുടെ വലിയ പരാജയം ഏറ്റുവാങ്ങി. ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥിക്ക് പരാജയം നേരിട്ടു. ഇങ്ങനെ പോയാൽ നമുക്കൊപ്പം അധികം ആളുണ്ടാവില്ലെന്ന് ലീഗിലെ തന്നെ പലനേതാക്കളും അടക്കം പറഞ്ഞപ്പോൾ ഉണ്ടാവുന്ന ആളുകൾ മതിയെന്ന ഉറച്ച നിലപാടാണ് തങ്ങൾ കൈക്കൊണ്ടത്. പാണക്കാട് തങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു.

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടെങ്കിലും മുസ്ളിം ലീഗിന് വലിയ തിരിച്ചടിയുണ്ടായില്ല. ഇന്ത്യൻ നാഷണൽ ലീഗോ പി.ഡി.പിയോ കേരള രാഷ്ട്രീയത്തിൽ യാതൊരു ചലനവും സൃഷ്ടിച്ചില്ല. പൊഴിഞ്ഞുപോയ അണികൾ വൈകാതെ യൂണിയൻ ലീഗിലേക്ക് തിരിച്ചുവന്നു. 2001 ൽ യൂണിയൻ ലീഗ് പൂർവാധികം ശോഭയോടെ അധികാരത്തിൽ തിരിച്ചെത്തി. അതിനുശേഷവും വെല്ലുവിളികൾ നിരവധിയുണ്ടായി. 2003 ൽ മാറാട് കൂട്ടക്കൊല, 2004 ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ഉയർന്നുവന്ന ലൈംഗിക അപവാദം, 2006 ന്റെ തുടക്കത്തിൽ നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമുദായത്തിനകത്തുണ്ടായ അസ്വാരസ്യങ്ങൾ തുടങ്ങിയവ വലിയ വിഷയമായി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ളിംലീഗ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. നിയമസഭാംഗങ്ങളുടെ എണ്ണം കേവലം ഏഴായി ചുരുങ്ങി. കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും മങ്കടയിൽ മുനീറും തിരൂരിൽ മുഹമ്മദ് ബഷീറും തോറ്റു. ലീഗിന്റെ കാലം കഴിഞ്ഞു, മലപ്പുറം ചുവന്നു എന്നൊക്കെ മാദ്ധ്യമങ്ങളും നിരീക്ഷകരും അഭിപ്രായപ്പെട്ടു. പക്ഷേ ശിഹാബ് തങ്ങളുടെ ശക്തമായ നേതൃത്വത്തിൽ പാർട്ടി 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചുവരവ് നടത്തി. മലപ്പുറം, പൊന്നാനി സീറ്റുകൾ വൻഭൂരിപക്ഷത്തോടെ വിജയിച്ചുവെന്നു മാത്രമല്ല, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ പാർലമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാനും ലീഗിന് സാധിച്ചു. ഇ. അഹമ്മദ് കേന്ദ്രത്തിൽ സഹമന്ത്രിയുമായി. അതിനു ശേഷമാണ് ശിഹാബ് തങ്ങളുടെ വിയോഗമുണ്ടായത്. രാഷ്ട്രീയമായ വിയോജിപ്പുകൾ മാറ്റിവച്ചുകൊണ്ട് ദേശാഭിമാനിയും ജന്മഭൂമിയും വരെ ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് മുഖപ്രസംഗങ്ങൾ എഴുതിയെന്നത് അദ്ദേഹത്തിന്റെ മഹത്വത്തിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്. മുസ്ളിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നതിലുപരി മുസ്ളിം സമുദായത്തിനകത്തും പൊതുസമൂഹത്തിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയാണുണ്ടായിരുന്നത്. അധികാര സ്ഥാനങ്ങളിൽ നിന്ന് എപ്പോഴും അകലം പാലിച്ചിരുന്ന ശിഹാബ് തങ്ങളെ കേരളീയർ സർവാത്മനാ ആദരിച്ചു. മതസൗഹാർദ്ദത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹാമാതൃക എന്ന നിലയ്ക്ക് തങ്ങൾ കൊണ്ടാടപ്പെട്ടു. മിതവാദ സമീപനം പുലർത്തുന്ന ഒരു സമുദായപാർട്ടി എന്ന നിലയിൽ മുസ്ളിം ലീഗിന് കേരള രാഷ്ട്രീയത്തിൽ വലിയ അംഗീകാരം നേടിക്കൊടുത്തത് ശിഹാബ് തങ്ങളുടെ സൗമ്യനേതൃത്വമായിരുന്നു.

അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണ് 2010 ജൂലായ് നാലിന് മൂവാറ്റുപുഴയിൽ ചില തീവ്രവാദികൾ അദ്ധ്യാപകന്റെ കൈവെട്ടിയ കഠോര സംഭവമുണ്ടായത്. ആ ഘട്ടത്തിൽ മുസ്ളിം ലീഗ് അതിന്റെ ചരിത്രദൗത്യം നിറവേറ്റി. വിവിധ സമുദായസംഘടനകളെ വിളിച്ചുകൂട്ടി സംഭവത്തെ ശക്തമായി അപലപിക്കുകയും വിധ്വംസക ശക്തികളെ സംശയാതീതമായി തള്ളിപ്പറയുകയും ചെയ്തു. അത് പൊതുസമൂഹത്തിൽ പാർട്ടിക്ക് മുമ്പുണ്ടായിരുന്ന ശോഭ പൂർവാധികം വർദ്ധിപ്പിച്ചു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മങ്ങിയ വിജയമാണ് ഉണ്ടായതെങ്കിലും മുസ്ളിം ലീഗ് പൂർവാധികം ശക്തമായി. പാർട്ടിക്ക് 20 അംഗങ്ങളെ നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞു. നാല് മന്ത്രിമാരുമുണ്ടായി. 2007 ൽ മുസ്ളിംലീഗ് അഞ്ചാമതൊരു മന്ത്രിക്കു വേണ്ടി ഉയർത്തിയ അവകാശവാദം ആ പാർട്ടിക്ക് അതുവരെയുണ്ടായിരുന്ന യശസിന് മങ്ങലേൽപിച്ചു. മുസ്ളിംലീഗിന്റെ പിടിവാശി ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കുകയും സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിന് കളമൊരുക്കുകയും ചെയ്തു. ആ വികാരം പോകെപ്പോകെ കൂടുതൽ ശക്തമാവുകയും ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ അവസരമുണ്ടാക്കുകയും ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പിൽ അതു യു.ഡി.എഫിന് വലിയ വിനയായിത്തീർന്ന് അധികാരം നഷ്ടപ്പെടാനിടയാക്കി. അപ്പോഴും മുസ്ളിം ലീഗിന് വലിയ പോറലൊന്നും ഏറ്റില്ല. 18 പേരെ വിജയിപ്പിക്കാൻ കഴിഞ്ഞു.

2014 ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യസഖ്യം കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ അധികാരം പിടിച്ചെടുത്തു. അതോടെ രാജ്യത്തെമ്പാടും മുസ്ളിങ്ങൾക്കിടയിൽ ഭയവും സംശയവും വർദ്ധിച്ചു. കേന്ദ്ര സർക്കാരിന്റെ പല നടപടികളും ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ. ഗോവധ നിരോധന നീക്കം, കാശ്‌മീരിന്റെ പ്രത്യേകപദവി, രാമക്ഷേത്രം, സവർണ സംവരണം, മുത്തലാഖ് നിരോധനം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ മുസ്ളിങ്ങൾക്ക് വലിയ ആശങ്കയുണ്ടായിരുന്നു. 2019 ൽ കൂടിയ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയതോടെ അത്തരം ആശങ്കകൾ വർദ്ധിച്ചു. കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതും മുത്തലാഖ് നിയമവിരുദ്ധം മാത്രമല്ല, ശിക്ഷാർഹമാക്കിയതും ബാബറി മസ്ജിദ് കേസിലെ വിധിക്കു ശേഷം രാമക്ഷേത്രം നിർമ്മിക്കാൻ തുടങ്ങിയതുമൊക്കെ അവരുടെ വേവലാതി വർദ്ധിപ്പിച്ചു.

2020 ലെ പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ളാമിയുടെ വെൽഫെയർ പാർട്ടിയുമായി കൂട്ടുചേർന്നത് മുസ്ളിം ലീഗിന്റെ സൽപേരിനു കളങ്കം ചാർത്തി. മതമൗലികവാദികളും മതരാഷ്ട്ര വാദികളുമായാണ് ലീഗിന്റെ ചങ്ങാത്തമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. അതിനെ പ്രതിരോധിക്കാൻ ലീഗിന് കഴിഞ്ഞില്ല. കോൺഗ്രസും വിഷമവൃത്തത്തിലായി. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട പ്രചരണം ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ യു.ഡി.എഫിന്റെ വിശ്വാസ്യതയെ ബാധിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വീണ്ടും പരാജയം സംഭവിച്ചു. ലീഗിന്റെ അംഗബലം 18 ൽ നിന്ന് 15 ആയി കുറഞ്ഞു. മലപ്പുറം ജില്ലയിൽപ്പോലും ലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. തിരുവിതാംകൂർ, കൊച്ചി ഭാഗത്ത് മുസ്ളിം ലീഗിന് ഒരു സീറ്റും ജയിക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിന്റെ മുസ്ളിം വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു.

അങ്ങനെ ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് ഒരേസമയം ആന്തരികവും ബാഹ്യവുമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 12- ാം ചരമവാർഷികം കടന്നുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ പ്രഭാവം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല. മുസ്ളിങ്ങളുടെ ആശങ്കയും ഭയവും പഴയപടി നിലനില്‌ക്കുന്നു. സംസ്ഥാനത്ത് രണ്ടാംതവണയും യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടിരിക്കുന്നു. മുസ്ളിം വോട്ടർമാർ യു.ഡി.എഫിനെ പഴയപോലെ പിന്തുണയ്ക്കുന്നില്ല. ഒരു ചെറിയ വിഭാഗമെങ്കിലും ഇടതുപക്ഷത്തിന്റെ ആകർഷണവലയത്തിൽ പെട്ടിരിക്കുന്നു. സമുദായത്തിലെ ഒരു സൂക്ഷ്മ ന്യൂനപക്ഷം തീവ്രവാദ രാഷ്ട്രീയത്തിൽ ആകൃഷ്ടരായി തുടരുന്നു. പോപ്പുലർഫ്രണ്ട് പോലെയുള്ള വിധ്വംസക സംഘടനകളുടെ പ്രവർത്തനം ഉൗർജ്ജിതമാണ്. ലീഗ് പ്രവർത്തകരിൽ ഒരു വിഭാഗമെങ്കിലും അസ്വസ്ഥരാണ്. നേതാക്കൾക്കിടയിലും ആശയക്കുഴപ്പം നിലനില്‌ക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ പാർട്ടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ച് നേതൃത്വത്തിന് ആശങ്കയുണ്ട്. മതമൗലികവാദത്തെയും തീവ്രവാദത്തെയും തള്ളിപ്പറഞ്ഞുകൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുന്നോട്ടുവച്ച സർവസമുദായ മൈത്രിയുടെയും സമന്വയത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയ മാതൃക മുറുകെപ്പിടിച്ചു മാത്രമേ മുസ്ളിം ലീഗിന് ഇനി മുന്നേറാൻ കഴിയൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANAKKAD, CHATHURANGAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.