SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

ആവർത്തിച്ച് കസ്റ്റംസ് കമ്മിഷണർ : സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചു

Increase Font Size Decrease Font Size Print Page

sumith-kumar

കൊച്ചി: തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ആവർത്തിച്ച്, സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ. വെല്ലിംഗ്ടൺ ഐലൻഡിലെ വസതിയിൽ മാദ്ധ്യമങ്ങളുമായി​ സംസാരിക്കവേയാണ് ഇക്കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്.

കേസിൽ ഇടപെടാൻ ഒരു രാഷ്ട്രീയപാർട്ടി ശ്രമിച്ചെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു. ഭരിക്കുന്ന പാർട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. അത്തരം ശ്രമങ്ങൾ ഉണ്ടായി. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണ്. താൻ നിയമത്തിന്റെ വഴിക്കാണ് പോകുന്നത്.

തന്റെ റിപ്പോർട്ടിംഗ് ഓഫീസർ മുഖ്യമന്ത്രിയല്ല. കേന്ദ്ര ധനമന്ത്രാലയമാണ്. കേസിന്റെ വിവരം അവിടെ അറിയിച്ചിട്ടുണ്ട്. ഞാൻ മാത്രമാണ് സ്ഥലംമാറിപ്പോകുന്നത്. ഉദ്യോഗസ്ഥർ ഇവിടെത്തന്നെ ഉണ്ട്. സംസ്ഥാനത്തിനെതിരെ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് ശരി​യല്ല. ശ്രമങ്ങളുണ്ടാകാമെങ്കിലും കസ്റ്റംസ് വഴങ്ങാറില്ല. കേന്ദ്ര ഏജൻസികൾക്കെതിരായ ആക്രമണത്തിൽ പൊലീസ് നടപടിയെടുത്തില്ല. പൊലീസെടുത്ത കേസുകളിൽ വീഴ്ചയുണ്ടായി​. ഒന്നിലും കുറ്റപത്രം കൊടുത്തില്ല. വിദേ ഡോളർകടത്ത് കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 ജലീലിന് നേരിട്ട് പങ്കില്ല

സ്വർണക്കടത്തി​ൽ നയതന്ത്രചാനൽ ദുരുപയോഗിച്ചതായി മനസിലായി. കസ്റ്റംസ് പി​ടി​ച്ച നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിക്കാണും. ഡോളർ കടത്തിൽ നിരവധി കേസുകളുണ്ട്. അതിൽ മുൻമന്ത്രി കെ.ടി. ജലീലിന് നേരിട്ട് പങ്കില്ല.

കസ്റ്റംസിനെതിരായ ജുഡീഷ്യൽ അന്വേഷണത്തെ സുമിത്കുമാർ ശക്തമായി വിമർശിച്ചു. ഇത് വിഡ്ഢിത്തമാണ്. സർക്കാർ ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മിഷനെ വയ്ക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സർക്കാരിനെതിരേ താനൊരു കമ്മീഷനെ വച്ചാൽ എങ്ങനെയിരിക്കും.

അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായുള്ള ഫേസ്ബുക്ക് പോസ്റ്രിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടികളെയല്ല, വ്യക്തികളെയാണ് കസ്റ്റംസ് പരിഗണിക്കുന്നതെന്നായിരുന്നു മറുപടി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്നും സുമിത്കുമാ‌ർ പറഞ്ഞു.

TAGS: CUSTOMS COMMISSIONER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY