സിനിമാ ചിത്രീകരണത്തിനിടയിൽ താരങ്ങൾക്ക് അപകടങ്ങൾ സംഭവിക്കുന്നത് സാധാരണമാണ്. എത്ര തന്നെ മുൻകരുതലുകൾ എടുത്താലും ചില അവസരങ്ങളിൽ സൂപ്പർ താരങ്ങൾക്കു പോലും പരിക്കുകൾ പറ്റാറുണ്ട്. അത്തരത്തിൽ നടൻ മോഹൻലാലിന് നേരിടേണ്ടിവന്ന ഒരു അപകടത്തെ കുറിച്ച് പറയുകയാണ് നടൻ ബാബു നമ്പൂതിരി. 1986ൽ പുറത്തിറങ്ങിയ അടിവേരുകൾ എന്ന ചിത്രത്തിനിടെയായിരുന്നു സംഭവമെന്ന് സഫാരി ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി വ്യക്തമാക്കി.
'ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്ന അനിലാണ് അടിവേരുകൾ സംവിധാനം ചെയ്‌തത്. തെന്മലയായിരുന്നു ഷൂട്ടിംഗ്. പേടിപ്പെടുത്തുന്നതായിരുന്നു സംഭവം. കാട്ടിൽ മോഹൻലാൽ ഒരു കയറിൽ ആടുകയാണ്. കയറല്ല വൃക്ഷത്തിൽ നിന്ന് ഊർന്നു കിടക്കുന്നവയാണ്. ഞാൻ അഭിനയിക്കുന്നില്ലെങ്കിലും കണ്ടുകൊണ്ടിരിക്കുകയാണ്. തൃശൂരുള്ള ഒരു ആനയും അതിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെ ആനയെ അവിടെ കൊണ്ടു വന്നു. ഞാൻ നോക്കുമ്പോൾ ആനയ്‌ക്ക് മദത്തിന്റെ ലക്ഷണമുണ്ട്.
ഒരറ്റത്തുനിന്നും മരത്തിൽ കെട്ടിയിരിക്കുന്ന കയറിൽ തൂങ്ങി ആനയുടെ മുമ്പിൽ കൂടി മറ്റേ അറ്റത്തേക്ക് മോഹൻലാൽ ചാടണം. അതാണ് ഷോട്ട്. മോഹൻലാൽ ചാടി എത്തുന്ന സ്ഥലത്താണ് ക്യാമറ വച്ചിരിക്കുന്നത്. ആനയുടെ കൊമ്പ് തുമ്പികൈ എന്നിവയാണ് ക്യാമറയിൽ കാണുക. ആക്ഷൻ പറഞ്ഞു. ലാൽ തൂങ്ങി വന്നു. ഒരു നാലു വിരൽ സ്ഥലത്തിന്റെ ഗ്യാപ്പിൽ തുമ്പികൈ കൊണ്ട് ആന ഒറ്റയടി നൽകി. ദൈവാദീനം കൊണ്ട് ദൈവകൃപ കൊണ്ട് ആ അടി ലാലിന്റെ മേത്ത് കൊണ്ടില്ല. കൊണ്ടിരുന്നെങ്കിൽ ഒരു ഫുട്ബോൾ പന്തു പോലെ ലാൽ തെറിച്ചു പോയേനെ. അത്ര ശക്തിയായിരുന്നു'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |