SignIn
Kerala Kaumudi Online
Wednesday, 03 September 2025 3.36 AM IST

അവയവദാനത്തിനൊരു പാദവന്ദനം

Increase Font Size Decrease Font Size Print Page

kk
ഡോ.എച്ച്.വി. ഈശ്വർ,​ ജെറി വർഗീസ്

മസ്തിഷ്‌കമരണം അഥവാ ബ്രെയിൻ ഡെത്ത് സംഭവിച്ചാൽ ഒരാൾക്ക് തുടർന്ന് ജീവിക്കാൻ സാദ്ധ്യത അല്‌പമെങ്കിലുമുണ്ടോ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോസർജറി വിഭാഗം മേധാവി ഡോക്ടർ എച്ച്.വി.ഈശ്വറിനോടാണ് ചോദിച്ചത്. ഇതായിരുന്നു ഉത്തരം.

" ശാസ്ത്രീയമായി നോക്കിയാൽ ഇല്ല. വൈകാരികമായി നോക്കിയാൽ ഉണ്ട്." മരണം രണ്ട് വിധത്തിലാണ്. ഒന്ന് നമ്മുടെ ഹൃദയസ്പന്ദനം നിലയ്ക്കുമ്പോൾ സംഭവിക്കുന്നത്. രണ്ടാമത്തേത് ബ്രെയിൻ ഡെത്ത്. ശ്വാസകോശത്തെ ഡ്രൈവ് ചെയ്യുന്ന ബ്രെയിൻ സ്റ്റെമ്മിന്റെ പ്രവർത്തനം നിലയ്ക്കുന്നു. അങ്ങനെ ശ്വാസകോശം പ്രവർത്തനരഹിതമാകും. അപ്പോൾ ഓക്സിജനില്ലാതെ ശ്വസനം നിലയ്ക്കും. സ്വാഭാവികമായും ഹൃദയം ഉൾപ്പെടെ ബാക്കി അവയവങ്ങളുടെയും പ്രവർത്തനം നിലയ്ക്കും. ഇവിടെയാണ് വെന്റിലേറ്റർ എന്ന ഉപകരണം ബ്രെയിൻ ഡെത്തിലൂടെയുള്ള മരണത്തെ നീട്ടിക്കൊണ്ടുപോകുന്നത്. വെന്റിലേറ്ററിലൂടെ കൃത്രിമ ശ്വാസോച്ഛാസം നൽകി ഹൃദയത്തെ സ്പന്ദിപ്പിക്കുന്നു. പക്ഷേ ഈ അവസ്ഥയിൽ അധികകാലം തുടരാനാവില്ല. ബ്രെയിൻ സ്റ്റെമ്മിന്റെ പ്രവർത്തനം നിലച്ചശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ആരെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവം തന്റെ ഒൗദ്യോഗിക ജീവിതത്തിലുണ്ടായിട്ടില്ലെന്ന് ഡോ. ഈശ്വർ പറഞ്ഞു.

അവയവദാനത്തിന്റെ പ്രസക്തി ഇവിടെയാണ്. സാധാരണ മരണത്തിൽ അവയവദാനം നടക്കില്ല. ആശുപത്രിയിൽ കഴിയുന്ന രോഗി മസ്തിഷ്‌കമരണം സംഭവിച്ചിട്ടും വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തിപ്പോകുന്ന സമയത്താണ് അവയവദാനം നടത്താൻ കഴിയുക. അതിന് രോഗികളുടെ ബന്ധുക്കളുടെ സമ്മതം അനിവാര്യമാണ്. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പ്രോജക്ടിന്റെ ഭാഗമായി അവയവദാനം പ്രോത്സാഹിപ്പിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രതികരണം വളരെക്കുറവാണ്.

ബ്രെയിൻ ഡെത്ത് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുള്ള പാനൽ ഓഫ് ഡോക്ടേഴ്സിലെ ഏറ്റവും സീനിയറായ അംഗങ്ങളിലൊരാളാണ് ഡോ. ഈശ്വർ. 2012 ൽ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഈശ്വറിന് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡോ.രാംദാസ് പിഷാരടി മെമ്മോറിയൽ അവാർഡും ലഭിച്ചിരുന്നു. സുഹൃത്തായ ഡോക്ടർ വൃക്കകൾ തകരാറിലായപ്പോൾ അവയവദാനത്തിനുവേണ്ടി അനുഭവിച്ച ബുദ്ധിമുട്ടുകളാണ് അവയവദാനമെന്ന മഹാദാനത്തെ പ്രോത്സാഹിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഈശ്വർ പറയുന്നു.

ഉറ്റബന്ധുവിന്റെ മരണം സംഭവിക്കാൻ പോകുന്നതിലുള്ള തീവ്രദുഖത്തിൽ കഴിയുന്ന വേളയിലാണ് അവയവദാനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നത്. മൃതസഞ്ജീവനി കോർഡിനേറ്ററോ കൗൺസിലേഴ്സോ ആണിത് ബന്ധുക്കളോട് സംസാരിക്കുക. പക്ഷേ സമ്മതം നൽകാതെ മരിച്ചയാളിന്റെ മൃതദേഹം വേഗം കൊണ്ടുപോയി സംസ്ക്കരിക്കുകയെന്ന സമീപനമാണ് ഭൂരിഭാഗവും പുലർത്തുന്നത്. ഇക്കാര്യത്തിൽ പലർക്കും തെറ്റിദ്ധാരണകളുണ്ടെന്ന് ഡോ.ഈശ്വർ പറഞ്ഞു. ഉദാഹരണത്തിന് നേത്രദാനമെന്നാൽ കണ്ണ് ചൂഴ്ന്നെടുക്കുകയെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ നേത്രപടലം മാത്രമാണെടുക്കുന്നത്. രോഗിയുടെ ശരീരം വികൃതമാക്കപ്പെടുമോയെന്ന അബദ്ധ ചിന്തയുമുണ്ട്. അങ്ങനെയൊരു പ്രശ്നമേയില്ല. ഡോക്ടർമാരിൽ പലരും വിവാദം ഭയന്ന് റിസ്ക്ക് എടുക്കാൻ തയ്യാറാവില്ല.

മസ്തിഷ്‌കമരണം രണ്ട് തവണ സ്ഥിരീകരിക്കേണ്ടതുണ്ട്. ആറുമണിക്കൂർ ഇടവിട്ടാണ് ഇത് ചെയ്യുന്നത്. ഈയിടെ അപകടത്തിൽ മരിച്ച തിരുവനന്തപുരം മണ്ണന്തല സ്വദേശി ജെറി വർഗീസിന്റെ മസ്തിഷ്‌ക മരണം ഡോ. ഈശ്വറാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇത്. 31 വയസ് മാത്രം പ്രായമുള്ള ജെറിയുടെ മരണം കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല. ഈ വിവരം അറിയിച്ചപ്പോൾ 'രണ്ട് ദിവസം കൂടി മകനെ വെന്റിലേറ്ററിൽ വയ്ക്കൂ അത്ഭുതം സംഭവിക്കും' എന്നായിരുന്നു അമ്മയുടെ പ്രതികരണം. പക്ഷേ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചതിനാൽ അതിനുള്ള സാദ്ധ്യതയില്ലെന്ന് ഡോക്ടർ അറിയിച്ചു. അപ്പോൾ ജെറിയുടെ ഭാര്യ ലിൻസി മുന്നോട്ടുവന്നു. തന്റെ രണ്ടു വയസുകാരിയായ മകളുടെ അച്ഛന്റെ ശരീരത്തിലെ ഒരു അവയവമെങ്കിലും മറ്റൊരാളിൽക്കൂടി നിലനില്‌ക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞു. നഴ്സ് കൂടിയായിരുന്ന അമ്മ ലിൻസിയുടെ കൈപിടിച്ച് മോളുടെ ഇഷ്ടംപോലെ നടക്കട്ടെയെന്ന് സമ്മതം മൂളി. തികച്ചും വൈകാരികമായ രംഗമായിരുന്നു അത്. തന്റെ കണ്ണ് നിറഞ്ഞുപോയെന്ന് ഈശ്വർ പറയുന്നു. ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ കഴിയില്ല. എങ്കിലും ആ യുവതിയുടെ നിലപാടിനെ ആദരിക്കണമെന്ന് തോന്നി. അങ്ങനെയാണ് ലിൻസിയുടെ കാൽതൊട്ട് വന്ദിച്ചത്. തന്റെ ഇത്രയും നാളത്തെ കരിയറിൽ അവയവദാനത്തിന് ഇങ്ങനെ സ്വമേധയാ ആരും സമ്മതം മൂളിയ ചരിത്രമില്ലെന്ന് ഈശ്വർ പറഞ്ഞു. ജെറിയുടെ അവയവങ്ങൾ അഞ്ച് പേർക്കാണ് ഗുണംചെയ്തത്. കരളും വൃക്കയും കണ്ണും ഹൃദയത്തിന്റെ വാൽവും ദാനം ചെയ്തു. കരൾ പാലക്കാട് സ്വദേശിക്കും വൃക്ക മറ്റു രണ്ടുപേർക്കും നേതൃപടലങ്ങൾ രണ്ട് പേർക്കും നൽകി. അനുയോജ്യനായ രോഗിക്ക് നൽകാനായി ഹൃദയവാൽവ് ശ്രീചിത്രയിൽ സൂക്ഷിച്ചിട്ടുണ്ട് .

ലിൻസിയുടെ കാൽതൊട്ടു വന്ദിച്ച ഡോ.ഈശ്വറിന്റെ മാതൃക വലിയ പ്രശംസ നേടി. തനിക്കല്ല ക്രെഡിറ്റ് നൽകേണ്ടതെന്നും ജെറിയുടെ ഭാര്യ ലിൻസിയുടെ ധീരമായ നിലപാട് വലിയ ആദരവ് അർഹിക്കുന്നുണ്ടെന്നും ഡോ.ഈശ്വർ പറയുന്നു.

കരമന സ്വദേശിയായ ഈശ്വർ ടൈറ്റാനിയത്തിൽ ജീവനക്കാരനായിരുന്ന വി.ഹരിഹരന്റെയും വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്ന ആനന്ദവല്ലിയുടെയും മകനാണ്. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞയായ വി.ഗായത്രിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. 2004 മുതൽ ഈശ്വർ ശ്രീചിത്ര ഫാക്കൽറ്റിയിലുണ്ട്.

TAGS: KAALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.