മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളിൽ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്‌ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. മലാശയത്തിലെ ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്‌ത്രീകളിൽ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവ സവിശേഷതകളുള്ള ബാക്ടീരിയ, ദീർഘനാൾ കത്തീറ്ററുള്ള രോഗികൾ, മൂത്രം കൂടുതലായി കെട്ടിനിൽക്കുന്ന രോഗികൾ മുതലായ സാഹചര്യങ്ങളിൽ മൂത്രരോഗാണുബാധയ്ക്ക് കൂടുതൽ സാദ്ധ്യതയുണ്ട്. കൂടുതൽ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രം പോവുക, മൂത്രത്തിൽ രക്തം കാണുക മുതലായവയാണ് ലക്ഷണങ്ങൾ. മൂത്രത്തിന്റെ മൈക്രോസ്‌കോപി, കൾചർ, അൾട്രാസൗണ്ട് സ്കാൻ മുതലായ പരിശോധനകൾ രോഗനിർണയത്തിന് ആവശ്യമാണ്. ക്ഷയരോഗം, ഫംഗസ് രോഗബാധ മുതലായവ സംശയിക്കുകയാണെങ്കിൽ സി.ടി സ്കാൻ പരിശോധന വേണ്ടിവരും. സ്‌ത്രീകളിലെ മൂത്രരോഗാണുബാധയ്ക്ക് മൂന്നുദിവസത്തെ ആന്റി ബാക്ടീരിയൽ ചികിത്സ മതിയാകും. പ്രമേഹം, ഗർഭിണികൾ, 65 വയസിന് മുകളിലുള്ളസ്ത്രീകൾ എന്നിവർക്ക് ഏഴു ദിവസത്തെ ചികിത്സ വേണ്ടിവരും. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് രോഗാണുബാധയുണ്ടെങ്കിൽ 14 ദിവസത്തെ ചികിത്സ വേണ്ടിവരും.
മൂത്രസഞ്ചിയെ ബാധിക്കുന്ന ക്ഷയരോഗം അത്ര അസാധാരണമല്ല. വൃക്കയിലെ ക്ഷയരോഗം വ്യാപിച്ചാണ് മൂത്രാശയത്തിലെത്തുന്നത്. മൂത്രാശയം ചുരുങ്ങിപ്പോവുക, മൂത്രനാളിയിൽ തടസം ഉണ്ടാവുക, വിട്ടുമാറാത്ത മൂത്രരോഗാണുബാധ മുതലായവ മൂത്രാശയത്തിന്റെ ക്ഷയരോഗബാധകാരണം ഉണ്ടാകാം. ക്ഷയരോഗത്തിനുള്ള ചികിത്സ, ചില പ്രത്യേക സാഹചര്യങ്ങളിൽ ശസ്ത്രക്രിയ മുതലായവയാണ് ചികിത്സാ മാർഗങ്ങൾ.
സൈക്ളോഫോസ് ഫമൈഡ് കീമോ തെറാപ്പി കാരണം മൂത്രാശയത്തിൽ രക്തപ്രവാഹം ഉണ്ടാകാം. മൂത്രസഞ്ചിയിൽ സിൽവർ നൈട്രേറ്റ്, ഫോർമാലിൻ മുതലായവ ഇടുക, ലേസർ ചികിത്സ തുടങ്ങി പലതരം ചികിത്സകളുണ്ട്.
ഇന്റർസ്റ്റീഷ്യൽ സി സ്റ്റൈറ്റിസ് മൂത്രാശയത്തെ ബാധിക്കുന്ന മറ്റൊരു അസുഖമാണ്. അടിവയറ്റിലെ വേദന, കൂടുതൽ തവണ മൂത്രം പോകുക, മൂത്രം ഒഴിക്കുമ്പോൾ വേദന മുതലായവയാണ് രോഗലക്ഷണങ്ങൾ. സിസ്റ്റോസ്കോപി, മൂത്രാശയത്തിന്റെ ബയോപ്സി മുതലായവ വഴി രോഗനിർണയം നടത്താം. പെന്റോസാൻ പോളിസൾഫേറ്റ് ചികിത്സ ഫലപ്രദമാണ്.
മൂത്രാശയത്തിലെ കാൻസർ മറ്റൊരു പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നമാണ്. പുകവലി, ഹെയർഡൈ, ചില മൂത്രാശയ അണുരോഗബാധകൾ മുതലായവ കാരണം മൂത്രാശയ കാൻസർ ഉണ്ടാകാം. മൂത്രപരിശോധം, അൾട്രാസൗണ്ട് സ്കാൻ, സി. ടി സ്കാൻ, സിസ്റ്റോസ്കോപി, ബയോപ്സി മുതലായവയാണ് രോഗനിർണയ ഉപാധികൾ. വിവിധങ്ങളായ ശസ്ത്രക്രിയകൾ വഴി മൂത്രാശയ കാൻസർ ചികിത്സിക്കാം.
മൂത്രാശയക്കല്ല്, അപകടം കാരണമുള്ള മൂത്രാശത്തിലെ ക്ഷതം, ഫിസ്റ്റുലകൾ, മൂത്രാശയം താഴേക്ക് ഇറങ്ങി വരുന്ന സിസ്റ്റോസീൻ, മൂത്രനിയന്ത്രണമില്ലായ്മ മുതലായവയാണ് മൂത്രാശയത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |