SignIn
Kerala Kaumudi Online
Sunday, 26 September 2021 10.36 PM IST

ആര് തുന്നിച്ചേർക്കും ഈ ജീവിതം !

life

ലോകം മുഴുവൻ കൊവിഡ് പ്രതിസന്ധിയിലാണെങ്കിലും, ഇന്നുവരെ അനുഭവിക്കാത്ത കെടുതികളുടെയും കടക്കെണിയുടെയും പീഡകളുടെയും കുരുക്കിലാണ് കേരളം. വരുമാന-തൊഴിൽ നഷ്ടവും കടക്കെണിയും താങ്ങാനാവാതെ സ്വയം ഒടുങ്ങുകയാണ് സാധാരണക്കാർ. ഒന്നരമാസത്തിനിടെ ഇരുപത് പേർ ജീവനൊടുക്കി. വായ്പാ കടക്കെണിയാണ് സാധാരണക്കാരെ വലയ്ക്കുന്നത്. ജീവനോപാധികൾ നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലായ ജനത്തെ വായ്പ മുടങ്ങിയതിന് റിക്കവറി നോട്ടീസുമായി വിരട്ടുകയാണ് ബാങ്കുകൾ. ലോകം മുഴുവൻ കൊവിഡിന്റെ നീരാളിപ്പിടുത്തത്തിലായതോടെ, പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിൽ 57ശതമാനം കുറവുണ്ടായിട്ടുണ്ട്. ഗൾഫിൽ നിന്ന് മടങ്ങി വന്ന 15 ലക്ഷം പേർ തിരിച്ചു പോകാൻ വഴികാണാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണത്തിലെ ഈ ഇടിവിന്റെ ആഘാതം വരാനിരിക്കുന്നതേയുള്ളൂ. ജീവിക്കാൻ വഴികാണാതെയുള്ള ആത്മഹത്യകൾ ഏറിയതോടെ, ലോക്ക്ഡൗണിൽ ഇളവ് നൽകി കടകൾ തുറക്കാൻ സർക്കാ‌ർ അനുവദിച്ചിട്ടുണ്ടെങ്കിലും വ്യാപാര മേഖലയുടെ ഉയിർപ്പിന് കാലമേറെയെടുക്കും.

ജീവനോപാധികൾ നഷ്ടപ്പെട്ട് ദിവസക്കൂലിക്കാരും സ്വയംതൊഴിൽ ചെയ്യുന്നവരും ചെറുകച്ചവടം നടത്തുന്ന ഇടത്തരകാരുമെല്ലാം വലയുകയാണ്. രണ്ടു കൊല്ലമായി വിവാഹ, വിനോദയാത്രകൾ മുടങ്ങിയതോടെ കടമെടുത്ത് ബസ് വാങ്ങിയവർ കുരുക്കിലായി. വാഹനം ഓടിക്കാനാവില്ലെങ്കിലും നികുതികൾക്ക് ഇളവില്ല. സ്വകാര്യബസ് സർവീസ് നിലച്ചതോടെ വായ്പാ തിരിച്ചടവ് മുടങ്ങി കടം കുന്നുകൂടി. മൂന്ന് ബസുടമകളാണ് ഇതിനകം ജീവനൊടുക്കിയത്. ഉത്സവങ്ങൾ മുടങ്ങിയതോടെ കലാരംഗത്ത് ആയിരങ്ങൾക്ക് ജീവിതമാർഗം നിലച്ചു. ജീവിതോപാധി കണ്ടെത്താനെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്കുകൾ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണ് ഇക്കാലയളവിലെ ആത്മഹത്യകളേറെയും. കോട്ടയം കടുവാക്കുളത്ത് 33 വയസുള്ള ഇരട്ട സഹോദരങ്ങൾ നിസാറും നസീറും വീട്ടിലെ രണ്ടുമുറികളിൽ തൂങ്ങിമരിച്ചതിനു കാരണവും ബാങ്കിന്റെ സമ്മർദ്ദമായിരുന്നു. 17ലക്ഷത്തിന്റെ വായ്പാ ബാദ്ധ്യത ഇവർക്കുണ്ടായിരുന്നു. വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനം ഒരുവർഷമായി അടച്ചിടേണ്ടി വന്നതിനെത്തുടർന്നാണ് മാവേലിക്കരയിലെ ഗ്രാഫിക് ഡിസൈനർക്ക് ജീവനൊടുക്കേണ്ടി വന്നത്. മൊറട്ടോറിയം മാർച്ചിൽ അവസാനിച്ചതോടെ, ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പാതിരിച്ചടവ് മുടങ്ങിയവർക്ക് റിക്കവറി നോട്ടീസ് നൽകിത്തുടങ്ങിയതാണ് ജനങ്ങൾക്ക് ഇരുട്ടടിയായത്. അതേസമയം, കൊവിഡ് കെടുതികളെല്ലാം മാറി ഉയിർപ്പിന്റെ സ്വപ്നവുമായി ജീവിതം മുന്നോട്ടു നീക്കുകയാണ് ബഹുഭൂരിപക്ഷവും.

കേരളത്തിലെ ഏതാണ്ടെല്ലാ വ്യാപാരികളും സംരംഭകരും വായ്പകളുടെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. കൊവിഡിൽ ഈ മേഖലയാകെ തരിപ്പണമായതോടെ, തിരിച്ചടവ് മുടങ്ങി. ഇതോടെ ഇവരുടെയെല്ലാം ക്രെഡിറ്ര് സ്കോർ താഴേക്കുപോവും. പുതിയ വായ്പയെടുക്കാനും വായ്പ പുന:ക്രമീകരണത്തിനുമെല്ലാം അത് കുരുക്കാവും. എല്ലാ വായ്പകൾക്കും മൊറട്ടോറിയവും വായ്പാപുനക്രമീകരണവും അനുവദിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം വിളിച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. വ്യാപാരികൾക്കും ചെറുകിട വ്യവസായികൾക്കും കൃഷിക്കാർക്കുമായി സർക്കാർ പ്രഖ്യാപിച്ച 5600 കോടിയുടെ പാക്കേജിൽ പുതുതായെടുക്കുന്ന രണ്ടുലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം പലിശ ആറുമാസത്തേക്ക് സർക്കാർ വഹിക്കുമെങ്കിലും പുതിയ വായ്പകൾ നൽകാൻ ബാങ്കുകൾ തയ്യാറാവുന്നില്ല. പലിശയിളവ് പുതിയ വായ്പകൾക്ക് മാത്രമേയുള്ളൂ എന്നതും തിരിച്ചടിയാണ്. കെ.എഫ്.സി വായ്പകൾക്ക് ഒരുവർഷത്തെ മോറട്ടോറിയവും പലിശയിളവും നൽകുന്നത് 15 ലക്ഷം പേർ ജോലിചെയ്യുന്ന ടൂറിസം, ഇവന്റ് മാനേജ്മെന്റ് മേഖലയ്ക്ക് താങ്ങാവും. എന്നാൽ കെ.എസ്.എഫ്.ഇയുടെ വായ്പകൾക്ക് പലിശയിളവിന് പകരം പിഴപ്പലിശയിൽ മാത്രമാണ് ഇളവ് നൽകിയത്. ചിട്ടികുടിശികയ്ക്ക് പലിശയിളവ് നൽകിയാലും തിരിച്ചടവിന് സാധാരണക്കാരുടെ കൈയിൽ പണമില്ലെന്നതാണ് യാഥാർത്ഥ്യം.

ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെൻഷനും കിറ്റിനുമപ്പുറം സാധാരണക്കാരുടെ കൈയിൽ പണമെത്തിക്കാനുള്ള നടപടികളാണ് ഇനി വേണ്ടത്. എങ്കിലേ വിപണികൾ ഉണരൂ. എല്ലാ മേഖലയിലും സർക്കാർ വൻതോതിൽ തൊഴിൽ സൃഷ്ടിക്കുകയും പണം ചെലവിടുകയുമാണ് പോംവഴി. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അയൽസംസ്ഥാനങ്ങളിലേതു പോലെ നേരിട്ട് പണമെത്തിക്കാൻ സർക്കാ‌‌ർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. സാമ്പത്തികനില പരുങ്ങലിലാണെന്നാണ് ഇതിനുള്ള സർക്കാരിന്റെ മറുപടി. കൊവിഡിന്റെ രണ്ട് തരംഗങ്ങൾ നേരിടാൻ രണ്ടുഘട്ടങ്ങളിലായി 40,000കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ആശ്വാസം ജനങ്ങളിലെത്തിയിട്ടില്ല.

സർക്കാർ നൽകിയിരുന്ന പ്രതിമാസ ഭക്ഷ്യക്കിറ്റ് ജൂണോടെ തീർന്നു. ഓണത്തിന് സ്പെഷൽ കിറ്റുണ്ട്. ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച കൊവിഡ് കരുതൽ പാക്കേജും കുറഞ്ഞ പലിശയിൽ വായ്പാ പദ്ധതികളും ക്ഷേമാനുകൂല്യ നിർദ്ദേശങ്ങളും നടപ്പാക്കിയിട്ടില്ല. പെരുന്നാളിന് കേരളമാകെ കടകൾ തുറക്കാൻ അനുവദിച്ചിട്ടും കച്ചവടം നാമമാത്രമായിരുന്നു, ജനങ്ങളുടെ കൈയിൽ പണമില്ലാത്തതാണ് കാരണം. 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൽ കേന്ദ്രസർക്കാ‌ർ പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യ ഭക്ഷ്യധാന്യ വിതരണവും ജൂണോടെ കഴിഞ്ഞിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയൊഴിയും വരെ വായ്പകൾക്ക് മൊറട്ടോറിയവും പലിശയിളവും അനുവദിച്ചാൽ സാധാരണക്കാർക്ക് കൈത്താങ്ങാവും. ബസുടമകൾക്കും ടൂറിസം, ഹോട്ടൽ, തീയേറ്റർ മേഖലയിലും ആശ്വാസപദ്ധതികൾ വേണം. ബസുടമകൾക്കാവട്ടെ, പതിനായിരങ്ങൾ ചെലവിട്ടാലേ രണ്ടു കൊല്ലമായി നിറുത്തിയിട്ടിരുന്ന ബസുകൾ നിരത്തിലിറക്കാനാവൂ. സഹികെട്ട കടയുടമകൾ ഒൻപത് മുതൽ എല്ലാ കടകളും തുറക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് സർക്കാരിന് വീണ്ടുവിചാരമുണ്ടായത്.

വേണം കൊവിഡ്

ദുരന്തനിവാരണ കമ്മിഷൻ

കടക്കെണിയിൽ ഗതികിട്ടാതെ കർഷകർ ആത്മഹത്യ ചെയ്യുന്നത് വ്യാപകമായപ്പോഴാണ് 2006ൽ വി.എസ്.അച്യുതാന്ദൻ സർക്കാർ കാർഷിക കടാശ്വാസ കമ്മിഷൻ രൂപീകരിച്ചത്. രണ്ടുലക്ഷം വരെയുള്ള കാർഷികവായ്പകളാണ് കടാശ്വാസത്തിനായി സർക്കാർ ഏറ്റെടുത്തത്. കടബാദ്ധ്യത എത്രയാണെങ്കിലും അതിൽ രണ്ടുലക്ഷം രൂപ വരെ കർഷകനു വേണ്ടി സർക്കാർ ബാങ്കിൽ അടയ്ക്കും. പൊതുമേഖല, ഷെഡ്യൂൾഡ്, സഹകരണ ബാങ്കുകളിലെ വായ്പകൾ കമ്മിഷന്റെ പരിധിയിൽപ്പെടും. വായ്പത്തുക തിരികെ അടയ്ക്കാൻ നിവൃത്തിയില്ലാതെ കുടിശിക വരികയോ ജപ്തി നടപടി വരികയോ ചെയ്താൽ കൃഷിക്കാരൻ കർഷക കടാശ്വാസ കമ്മിഷന് അപേക്ഷിക്കണം. കൃഷിനാശം മൂലം പണം തിരികെ അടയ്ക്കാൻ വയ്യാത്ത അവസ്ഥയിലാണെന്നു ബോദ്ധ്യമായാലാണ് രണ്ടുലക്ഷം വരെ അനുവദിക്കുക.

കാർഷിക കടാശ്വാസ കമ്മിഷൻ മാതൃകയിൽ കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ വേണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്. ഒന്നാംതരംഗകാലത്ത് പെൻഷൻ, ക്ഷേമനിധികളുടെ ആനുകൂല്യം ലഭിക്കാത്ത 14,78,236 കുടുംബങ്ങൾക്കാണ് ആയിരം രൂപ ധനസഹായം നൽകിയത്. ഇപ്പോൾ സർക്കാരിന്റെ സാമ്പത്തികനില തീരെ മെച്ചമല്ല. വരുമാനം കുത്തനെ ഇടിഞ്ഞു. 20,000 വ്യാപാര സ്ഥാപനങ്ങളാണ് കൊവിഡിനിടെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കാൻ അപേക്ഷിച്ചത്. ഇതിൽ 12,000 ഹോട്ടലുകളാണ്. ടൂറിസം കേന്ദ്രങ്ങളിലെ കടകൾ, വസ്ത്രശാലകൾ, കരകൗശലവില്പനശാലകൾ എന്നിവയാണ് പൂട്ടിയതിലേറെയും. ലോക്ക്ഡൗണിൽ 25000കോടി നഷ്ടമുണ്ടായ വ്യാപാരമേഖലയ്ക്ക് കെട്ടിടനികുതിയും വൈദ്യുതി ഫിക്സഡ് ചാർജ്ജും ഒഴിവാക്കുന്നത് കൈത്താങ്ങാവുമെങ്കിലും, കടക്കെണിയിലായി ഉപജീവനം പ്രതിസന്ധിയിലായവർക്ക് താങ്ങാവാൻ കൂടുതൽ ആശ്വാസ നടപടികൾ ഇനിയും വേണ്ടിവരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NILAPADU
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.