കൊച്ചി : മുനമ്പം മനുഷ്യക്കടത്തു കേസിൽ അന്വേഷണം പരിതാപകരമാണെന്നും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും ഹൈക്കോടതിയുടെ വിമർശനം. പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്താണെന്നതിന് തെളിവുണ്ട്. എന്നാൽ ചെറിയ കുറ്റങ്ങൾ ചുമത്തി കേസിന്റെ ഗൗരവം കുറച്ചു. മനുഷ്യക്കടത്ത് കുറ്റം ചുമത്തിയാലേ കേസിനെ കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെ കാണൂവെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.
കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയുമായ അനിൽകുമാർ, ഡൽഹി സ്വദേശിയും ഏഴാം പ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യ ഹർജികൾ 25 ന് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ട് ജെട്ടിയിൽ നിന്ന് ഒരു ബോട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം 87 പേർ വിദേശത്തേക്ക് കടന്നെന്നാണ് കേസ്. പാസ്പോർട്ട് നിയമം, അനധികൃത കുടിയേറ്റ നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആരോ ഇവരിൽ നിന്ന് പണം വാങ്ങി. മെച്ചപ്പെട്ട ജീവിതത്തിനായി ഇവർ പണം നൽകി. ഇരകൾ ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇരകളുടെ സ്ഥിതി എന്താണെന്ന് അറിയില്ലെന്നും അന്വേഷണസംഘം പറയുന്നു. മനുഷ്യക്കടത്താണ് ഇതെന്ന് വിലയിരുത്താൻ ഇത്രയും മതിയെന്നും ഹൈക്കോടതി പറഞ്ഞു.
അനധികൃത കുടിയേറ്റമാണ് നടന്നതെന്ന് വ്യക്തമാക്കി സർക്കാർ നേരത്തേ സ്റ്റേറ്റ്മെന്റ് നൽകിയിരുന്നു. ഇതിനുശേഷം കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് സർക്കാർ അഭിഭാഷകൻ ഇന്നലെ അറിയിച്ചു. ആവശ്യമെങ്കിൽ മനുഷ്യക്കടത്ത് കുറ്റം ചുമത്തുമെന്നും കോടതിയുടെ ചോദ്യത്തിന് മറുപടി നൽകി. ഇരകളെ കടത്തിയത് അവയവങ്ങൾ തട്ടിയെടുക്കാനാണോ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ കൊണ്ടുപോയതാണോയെന്നൊക്കെ അന്വേഷിക്കേണ്ടേയെന്ന് കോടതി ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |