SignIn
Kerala Kaumudi Online
Sunday, 06 July 2025 9.44 PM IST

ജനപ്രതിനിധികളും പ്രാദേശിക വികസനവും

Increase Font Size Decrease Font Size Print Page

janakeeyasuthranam

ഏതാനും നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ അവരുടെ മണ്ഡലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ മികച്ച പ്രവർത്തനത്തിലൂടെ ജനസമ്മതി ആർജിച്ചതെങ്ങനെയെന്നു പരിശോധിക്കുന്നതാണ് ഈ ലേഖനം. നല്ല പ്രവർത്തനം കാഴ്ചവച്ച അനേകം എം.എൽ.എമാരുണ്ടെങ്കിലും സ്ഥലപരിമിതി മൂലം വളരെക്കുറച്ച് പേരുടെ പ്രവർത്തനത്തെക്കുറിച്ച് മാത്രമാണ് പരാമർശിക്കുന്നത്.

1996- 97ൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഒമ്പതാം പഞ്ചവത്സര പദ്ധതി (1997- 2002) രൂപീകരിക്കാനുള്ള ജനകീയാസൂത്രണ പ്രചാരണ പരിപാടി ആരംഭിച്ചപ്പോൾ അതിന്റെ ഏകോപന ചുമതല സംസ്ഥാന ആസൂത്രണ ബോർഡിനായിരുന്നു. ഡോ.തോമസ് ഐസക് ബോർഡ് അംഗമായിരുന്നതുകൊണ്ട് ഒൻപതാം പദ്ധതി നടപ്പിലാക്കിയപ്പോഴുണ്ടായ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് പഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിന്റെ വെളിച്ചത്തിൽ 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം മണ്ഡലത്തിലെ കഞ്ഞിക്കുഴി, ആര്യാട് ബ്ളോക്ക് പഞ്ചായത്തുകളിലെയും അതിലുൾപ്പെട്ട എട്ട് ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാർ നടത്തി. പത്താം പഞ്ചവത്സര പദ്ധതിക്കാലത്ത് (2002 - 2007) നടപ്പിലാക്കാനുള്ള മാരാരിക്കുളം വികസനപരിപാടിക്ക് രൂപംകൊടുത്തു. പ്രസ്തുത പരിപാടി 60 ശതമാനം അംഗങ്ങൾ പങ്കെടുത്ത വേദികളിൽ ചർച്ച ചെയ്തു. അവരുടെ സമവായത്തോടുകൂടി എട്ട് പഞ്ചായത്തുകളും രണ്ട് ബ്ളോക്ക് പഞ്ചായത്തുകളും പരിപാടി അംഗീകരിച്ചു. പരിപാടി നടപ്പിലാക്കാനായി ആദ്യം കുടുംബശ്രീ, അയൽക്കൂട്ടങ്ങളെ സംഘടിപ്പിച്ചു. കാർഷിക വ്യവസായ ഉത്‌പാദനം വർദ്ധിപ്പിക്കാൻ തീവ്രശ്രമം നടത്തി.

മാരാരിക്കുളം വികസനപരിപാടി വിജയകരമായി നടപ്പിലാക്കിയതിന്റെ ഫലമായി തദ്ദേശവാസികൾക്കു തൊഴിലവസരങ്ങളും വരുമാനവും വർദ്ധിച്ചു.

2006 മുതൽ 2021 വരെ മൂന്നു പ്രാവശ്യം കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച എം.എൽ.എ ആയിരുന്നു അഡ്വ. ഐഷാപോറ്റി. ഓരോ പ്രദേശത്തെയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി രാഷ്ട്രീയത്തിനതീതമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തിയിട്ടാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൊട്ടാരക്കര മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നല്‌കി മികച്ച പ്രവർത്തനത്തിനു വഴിയൊരുക്കിയത്.

ഇതുപോലൊരു മണ്ഡലത്തിലെ (പഴയ കൊടകര) എം.എൽ.എയാണ് പ്രൊഫ. സി. രവീന്ദ്രനാഥ്. കോളേജ് അദ്ധ്യാപകനായിരിക്കുമ്പോൾ ജനകീയാസൂത്രണ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് 2006 ൽ അദ്ദേഹം കൊടകര മണ്ഡലത്തെയും രണ്ടുപ്രാവശ്യം പുതുക്കാട് മണ്ഡലത്തെയും പ്രതിനിധീകരിച്ച് എം.എൽ.എയായത്. വികേന്ദ്രീകൃത ഭരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും പ്രാധാന്യം മനസിലാക്കിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. 2006 - 11 കാലയളവിൽ അന്നത്തെ കൊടകര മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കിയ സുസ്ഥിരവികസന പരിപാടി സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായിരുന്നു. സംഘകൃഷിയിലൂടെ തുണ്ടുതുണ്ട് ഭൂമികളിൽ ഒരേസമയം കൃഷിയിറക്കിയതിന്റെ ഫലമായി കൃഷി ലാഭകരമാക്കാനായി. സുസ്ഥിര വികസന പരിപാടിയെക്കുറിച്ചും കേരളം അറിയുന്നത് തന്നെ കൊടകര ബ്ളോക്ക് പഞ്ചായത്ത് നടപ്പാക്കിയ കദളിവാഴ കൃഷിയിലൂടെയാണ്.

കാട്ടാക്കട മണ്ഡലത്തിലെ നിയമസഭാംഗമായ ഐ.ബി. സതീഷ് 2016ൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രചാരണത്തിനു മണ്ഡലത്തിലെ വിവിധഭാഗങ്ങൾ സന്ദർശിച്ചപ്പോഴാണ് പലയിടത്തും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടെന്ന് മനസിലായത്. ഇതിനു പരിഹാരം കാണാനായി സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ സാങ്കേതിക സഹായത്തോടും വിവിധ വകുപ്പുകൾ, മണ്ഡലത്തിലെ ആറ് പഞ്ചായത്തുകൾ, സന്നദ്ധപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ എല്ലാം പങ്കാളിത്തത്തോടും 'വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി" എന്ന പ്രോജക്ടിനു രൂപംകൊടുത്ത് പതിനഞ്ചിന പരിപാടി നടപ്പിലാക്കി. 2017 മാർച്ചിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഫലമായി ഭൂഗർഭ ജലനിരപ്പ് ഉയർത്തി കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാനായി. പദ്ധതി 2019 മേയിൽ ജനീവയിൽ നടന്ന ലോക പുനർനിർമ്മാണ ഉച്ചകോടിയിൽ ചർച്ചയ്ക്ക് വിധേയമാവുകയും ഈ മാതൃക ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങൾക്കു സ്വീകരിക്കാവുന്നതാണെന്നും വിലയിരുത്തപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിൽ മികച്ചപ്രകടനം കാഴ്ചവച്ച രണ്ട് മന്ത്രിമാരായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും.

തദ്ദേശതലം മുതൽ സംസ്ഥാനതലം വരെയുള്ള അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ കെ.കെ. ശൈലജയ്ക്ക് കഴിഞ്ഞു. നിപാ വൈറസിനെ പ്രതിരോധിക്കാനും കൊവിഡ് 19 മഹാമാരിയെ ആദ്യഘട്ടത്തിൽ ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞതിന് ശൈലജ ദേശീയ അന്തർദേശീയ പ്രശംസ നേടി.

കേരളം സ്വപ്നം കാണുന്ന നവകേരള സൃഷ്ടിക്കു ഏറ്റവും പ്രധാനമാണ് പൊതുഗതാഗതത്തിനുള്ള ഉന്നതനിലവാരമുള്ള റോഡുകളും പാലങ്ങളും. തുടർച്ചയായ രണ്ടുവർഷത്തെ പ്രളയം മൂലം തകർച്ച നേരിട്ട റോഡുകളും പാലങ്ങളും സമയോചിതമായി ഗതാഗതയോഗ്യമാക്കി. പൊതുമരാമത്തുവകുപ്പ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിൽ കോഴിക്കോടും എറണാകുളത്തും മേഖലാ ഓഫീസുകൾ സ്ഥാപിച്ചും അറ്റകുറ്റപ്പണിക്ക് പ്രത്യേക ചീഫ് എൻജിനിയറെ നിയമിച്ചും വകുപ്പിനെ സജ്ജമാക്കി. ഏകദേശം ഒരുലക്ഷം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് അഴിമതിക്ക് ഇടം നൽകാതെ അഞ്ച് വർഷം നടത്തിയത്.

140 നിയമസഭാ സാമാജികരും 21,900 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും യോജിച്ചു പ്രവർത്തിച്ചാൽ വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ വിജയം സുനിശ്ചിതമാണ്. കേവലം 10 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും കൂട്ടായി പ്രവർത്തിച്ചു മികച്ച പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്നാണ് വിദഗ്ദ്ധാഭിപ്രായം.

ജനകീയാസൂത്രണം ആരംഭിച്ച സമയത്ത് ഒമ്പതാം പഞ്ചവത്സര പദ്ധതി തയ്യാറാക്കാൻ കൂടിയ ഗ്രാമ / വാർഡ് സഭകളിൽ സാങ്കേതികഭരണ പരിജ്ഞാനം ലഭിച്ച ധാരാളം സന്നദ്ധസേവകർ പങ്കെടുത്തു. ഇന്ന് അവർ അകന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ പ്രധാന കാരണം അവരെ പങ്കെടുപ്പിക്കാൻ ജനപ്രതിനിധികൾ താത്‌പര്യം കാണിക്കാത്തതാണ്. അതുകൊണ്ട് പ്രാദേശികതലത്തിൽ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ വിവിധ വിഷയങ്ങളിൽ വൈദഗ്ദ്ധ്യമുള്ളതും നാടിന്റെ വികസനത്തിൽ താത്‌പര്യമുള്ളതുമായ ഏതാനും വ്യക്തികൾ അടങ്ങിയ വികസനസമിതി കേരള പഞ്ചായത്ത് ആക്ടിലെ വകുപ്പ് 164 പ്രകാരം രൂപീകരിക്കണം.

(ലേഖകൻ സെന്റർ ഫോർ ട്രോപ്പിക്കൽ ഗവേണിംഗ് ബോർഡ് മെമ്പറാണ്. ഫോൺ: 9207536441)

TAGS: JANAKEEYASUTHRANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.