കൊല്ലങ്കോട്: നിധിയായി കിട്ടിയ സ്വർണം കൈമാറാമെന്നേറ്റ് ഗോവിന്ദാപുരത്തേക്ക് വിളിച്ചുവരുത്തിയ തമിഴ്‌നാട് സ്വദേശിയായ ഡോക്ടറിൽ നിന്നും 15 ലക്ഷം തട്ടിപ്പറിച്ച മുഖ്യ പ്രതി പിടിയിൽ. നടുപ്പുണി പുറവിപ്പാളയം സ്വദേശി പ്രകാശനെ(45) ആണ് ഇന്നലെ കൊല്ലങ്കോട് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പൊലീസിന് പിടികൊടുക്കാതെ തമിഴ് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു. പ്രതി കൃത്യത്തിന് ഉപയോഗിച്ച ഒമ്‌നി വാൻ പിന്നീട് മറ്റൊരാൾക്ക് കൈമാറിയിരുന്നെങ്കിലും പൊലീസ് കണ്ടെടുത്തു.
കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം സ്വദേശിയായ യുനാനി ഡോക്ടർ നടരാജന്റെ പക്കൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. നിധിയായി കിട്ടിയ സ്വർണം ചുരുങ്ങിയ തുകയ്ക്ക് ഡോക്ടർക്ക് നൽകാമെന്നേറ്റ് ഡോക്ടർ നടരാജനെ ഗോവിന്ദാപുരത്തേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്.
സാമ്പിൾ കാണിച്ച് ബോദ്ധ്യപ്പെട്ട ഡോക്ടർ 1300 ഗ്രാം സ്വർണം വാങ്ങാമെന്നാണ് സമ്മതിച്ചിരുന്നത്. എന്നാൽ ഗോവിന്ദാപുരത്ത് എത്തിയപ്പോൾ പ്രതികൾ വ്യാജ സ്വർണം കാണിച്ചത് തിരിച്ചറിഞ്ഞ നടരാജൻ ഇടപാട് നിഷേധിച്ചു. ഈ സമയം നടരാജന്റെ കൈയിലുണ്ടായിരുന്ന 15 ലക്ഷം കൈക്കലാക്കി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടരാജൻ കൊല്ലങ്കോട് പൊലീസിൽ പരാതി നൽകി.
2019 നവംബർ 16ന് വൈകിട്ട് ഏഴിന് ഗോവിന്ദാപുരം ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗോവിന്ദാപുരം സ്വദേശി അക്ബർ, ഉദുമൽപേട്ട സ്വദേശി ചിന്നരാജ് എന്നിവരെ പൊലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |