കൊച്ചി: സംസ്ഥാനത്തൊട്ടാകെ മുറിച്ചു കടത്തിയത് 2,696 മരങ്ങൾ. ഇതുമായി ബന്ധപ്പെട്ട് 56 പേരെ അറസ്റ്റ് ചെയ്തു. മരം മുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയ വിധിയിലാണ് സർക്കാർ അറിയിച്ച കാര്യങ്ങൾ ഹൈക്കോടതി രേഖപ്പെടുത്തിയത്.
2,520 തേക്കു മരങ്ങളും 176 ഈട്ടിയുമാണ് മുറിച്ചു കടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പുറമേ വനനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. സുൽത്താൻബത്തേരി, അടിമാലി, അമ്പലമേട്, ഉൗന്നുകൽ, വിയ്യൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും നൽകി. അറസ്റ്റിലായ 56 പേരിൽ 16 പേർ ഭൂവുടമകളാണ്. ബാക്കി 40 പേർ തടിവ്യാപാരികളും മില്ലുടമകളും ഇടനിലക്കാരും മരം മുറിച്ച തൊഴിലാളികളുമാണ്.
മരങ്ങൾ കൊണ്ടുപോകാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പല വില്ലേജ് ഓഫീസുകളിലും പട്ടയഭൂമിയിലെ ഷെഡ്യൂൾ ചെയ്യപ്പെട്ട മരങ്ങളെക്കുറിച്ച് വിവരങ്ങളില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല വില്ലേജ് ഓഫീസർമാരും പട്ടയഭൂമി സന്ദർശിച്ചു പരിശോധന നടത്തിയിട്ടില്ല. അപേക്ഷകളിൽ ഏതു മരമാണ് മുറിക്കുന്നതെന്നുപോലും പറയുന്നില്ല. എന്നിട്ടും അനുമതി നൽകി.
വിശദീകരണത്തിൽ വൈരുദ്ധ്യം
സർക്കാർ ആദ്യം നൽകിയ സ്റ്റേറ്റ്മെന്റിൽ സർക്കാർ - വനം - പട്ടയ ഭൂമികളിലെ മരങ്ങൾ മുറിച്ചതിനെക്കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് അഡിഷണൽ സ്റ്റേറ്റ്മെന്റിൽ പട്ടയ ഭൂമിയിലെ മരങ്ങൾ എന്നു മാത്രമാണ് പറഞ്ഞത്. ഈ വൈരുദ്ധ്യം ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന്, സർക്കാർ - വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയതും അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
മുട്ടിൽ മരം മുറിക്കൽ കേസ്: രേഖകൾ ഹാജരാക്കണം
കൊച്ചി: വയനാട്ടിലെ സൗത്ത് മുട്ടിൽ വില്ലേജിലെ പട്ടയഭൂമിയിൽ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തിയ കേസിലെ മുഖ്യപ്രതികളും വയനാട് വാഴവറ്റ സ്വദേശികളുമായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ കേസിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സഹോദരന്മാരായ പ്രതികൾ നൽകിയ ഹർജി കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷകൾക്കൊപ്പം പരിഗണിക്കാൻ ജസ്റ്റിസ് വി.ഷെർസി മാറ്റി.
ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഭൂവുടമകളുടെയോ റവന്യൂ വകുപ്പിന്റെയോ അറിവോ സമ്മതമോയില്ലാതെയാണ് പ്രതികൾ മരങ്ങൾ മുറിച്ചു കടത്തിയതെന്നും 74 -ാം പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ സഹായത്തോടെയാണ് ഇതു ചെയ്തതെന്നും സർക്കാർ വാദിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ കോടതിക്കു പരിശോധിക്കാൻ കേസ് ഡയറി ഹാജരാക്കാമെന്നും വ്യക്തമാക്കി. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചത്.
പട്ടയ ഭൂമിയിൽ നിന്ന് എട്ടു കോടി രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയെന്നാരോപിച്ച് വയനാട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ ജാമ്യം തേടിയിരിക്കുന്നത്. ഇതേ കേസിലെ മറ്റൊരു പ്രതി വിനീഷ് നൽകിയ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരു പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസർക്ക് പത്തു ദിവസത്തെ മുൻകൂർ ജാമ്യം നേരത്തേ അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |