SignIn
Kerala Kaumudi Online
Sunday, 06 July 2025 2.21 PM IST

ഉത്ര കൊലക്കേസ് കുറ്റാന്വേഷണ മികവിന്റെ പാഠപുസ്‌തകം

Increase Font Size Decrease Font Size Print Page

uthra-case

ക്രൂരമായ ആസൂത്രണം കൊണ്ട് അത്യപൂർവമായി മാറിയ ഉത്ര കൊലക്കേസിൽ കേസന്വേഷണവും ആസൂത്രണ മികവിൽ അപൂർവമായി.

നാടിനെ ഞെട്ടിച്ചതും രാജ്യത്തു തന്നെ അപൂർവങ്ങളിൽ അപൂർവവുമായ സംഭവം. സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും കൊണ്ട് മാത്രം കേസ് കോടതിയിൽ നിലനില്‌ക്കില്ലെന്ന് അന്വേഷണസംഘത്തിന് അറിയാമായിരുന്നു. അതിനായി ശാസ്‌ത്രീയ തെളിവുകൾക്കായി പൊലീസ് നടത്തിയ അന്വേഷണങ്ങൾ കുറ്റാന്വേഷകർക്ക് പാഠപുസ്‌തകമാണ്. പ്രതി ശിക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടും ശക്തമായ തെളിവു ശേഖരണവുമാണ് അഭിമാനകരമായ അന്വേഷണത്തിന് പിന്നിലെ യഥാർത്ഥ വസ്‌തുത. ഈ കേസിൽ പൊലീസ് നടത്തിയ ജാഗ്രതയോടെയുള്ള നീക്കങ്ങൾ എല്ലാ കേസുകളിലും ഉണ്ടാകുമെന്ന് ഉറപ്പാക്കണം.

ഉത്ര കേസിലെ ശാസ്‌ത്രീയ കണ്ടെത്തലുകളും അന്വേഷണ രീതികളും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായി. ആ കുറിപ്പിലൂടെ കേസിന്റെ അന്വേഷണ വഴിത്താരകൾ വ്യക്തമാകുന്നു. കേരള പൊലീസിൽ അന്വേഷണ മികവ് പ്രകടിപ്പിക്കുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. അവരുടെ അഭിരുചിക്ക് അനുസരിച്ച് വിനിയോഗിക്കുകയാണ് വേണ്ടത്. ഇത്തരക്കാരെ മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കി കേസ് അന്വേഷണങ്ങൾക്ക് നിയോഗിക്കണം. ഈ പ്രവണത കേരള പൊലീസിൽ കാര്യമായി നടക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഉത്രയുടെ കൊലപാതകം പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണെന്ന് ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയത് രാജ്യത്തെ ആദ്യ സംഭവമാണ്. മുമ്പുണ്ടായ മറ്റു രണ്ടു കേസുകളിലും കൊലപാതകത്തിനായി പാമ്പിനെകൊണ്ട് കടിപ്പിച്ചതാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാൽ ആരും ശിക്ഷിക്കപ്പെട്ടില്ല. ഇന്ത്യയിലാകെ ഇത്തരത്തിൽ മൂന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂനെയിൽ കുടുംബാംഗത്തെ കൊല്ലാൻ മൂർഖനെ ഉപയോഗിച്ചതാണ് ആദ്യ കേസ്. അലഹബാദിൽ കൂടെ ജോലി ചെയ്യുന്നയാളെ കൊലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചതാണ് രണ്ടാമത്തെ സംഭവം. മൂന്നാമത്തെ കേസാണ് ഉത്രയുടെ കൊലപാതകം. ആദ്യ രണ്ടു കേസുകളിലും സാക്ഷിമൊഴി മാത്രമേ തെളിവായി ഉണ്ടായിരുന്നുള്ളൂ. ഈ രണ്ടു കേസുകളിലെയും പഴുതുകളാണ് ഉത്ര വധക്കേസ് അന്വേഷിച്ച മുൻ എസ്.പി ഹരിശങ്കർ പഠിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുന്നതും പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം ശാസ്ത്രീയമായി കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അതിൽ വിജയിച്ചതോടെയാണ് കേസ് നിർണായക ഘട്ടത്തിലെത്തിയത്. അതിന്റെ ഭാഗമായിരുന്നു ഡമ്മി പരീക്ഷണം. ഉത്രയുടെ ശരീരഭാരത്തിന് സമാനമായ ഡമ്മി കട്ടിൽ കിടത്തിയശേഷം ഉത്രയെ കടിച്ച അതേ വലിപ്പമുള്ള അഞ്ചടി നീളമുള്ള മൂർഖനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു.

'ഒഴിഞ്ഞുമാറി' മൂർഖൻ

ഡമ്മിയിലേക്ക് പാമ്പിനെ ഇട്ടുകൊടുത്തെങ്കിലും മൂന്നു തവണയും പാമ്പ് ഒന്നും ചെയ്‌തില്ല. പിന്നീട് കൈയുടെ ഡമ്മിയിൽ കോഴിയിറച്ചി കെട്ടിവച്ച് പാമ്പിന്റെ മുന്നിലേക്ക് ഇട്ടിട്ടും കടിക്കാൻ മടിച്ചു. പാമ്പിനെ പ്രകോപിപ്പിച്ചിട്ടും പത്തി ഉയർത്തിയും ശബ്ദമുണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ഒഴിഞ്ഞു മാറുകയായിരുന്നു. അവസാനം കാര്യമായി പ്രകോപിച്ചപ്പോൾ കടിച്ചു. 1.7 - 1.8 സെന്റിമീറ്ററായിരുന്നു മുറിവിന്റെ ആഴം. അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ പ്രകോപിപ്പിച്ചാൽ പോലും ഈ ആഴത്തിലെ കടിയേൽക്കുകയുള്ളൂ. ഉത്രയുടെ കൈയിലെ കടിയുടെ ആഴം 2.8 സെന്റി മീറ്ററും 2.3 സെന്റി മീറ്ററുമാണ്. ഏഴടിക്കു മുകളിൽ വലിപ്പമുള്ള മൂർഖൻ പാമ്പിനു പോലും സ്വാഭാവികമായ കടിയിൽ ഇത്രയും വലിപ്പത്തിലുളള മുറിവുണ്ടാക്കാനാകില്ല. വീണ്ടും ഡമ്മിയിൽ പാമ്പിന്റെ തല പിടിച്ചുവച്ച് കടിപ്പിച്ചു പരീക്ഷണം നടത്തി. പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതും ഈ രീതിയിലാണ്. ഈ കടിയിൽ ശാസ്ത്രീയമായ തെളിവുകൾ ഉറപ്പായി. ഉത്രയുടെ കൈയിലെ മുറിവിന്റെ ആഴത്തിന്റെ അത്രയും തന്നെ ആഴം ആ ശ്രമത്തിൽ കണ്ടെത്താനായി. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കാൻ വിഡിയോയും പകർത്തിയിരുന്നു. ഇതിലൂടെ സൂരജിന്റെ അതിക്രൂരതയാണ് തെളിഞ്ഞത്.

പാമ്പിൽ നിന്നു വിഷമെടുക്കുന്ന രീതിയാണ് ഉത്രയെ കൊലപ്പെടുത്താൻ പ്രയോഗിച്ചതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. പാമ്പിന്റെ തല പിടിച്ചുവച്ച് ഉത്രയുടെ കൈയിൽ കടിപ്പിക്കുകയായിരുന്നു. വിഷം കുത്തിയിറക്കുന്നതുവരെ പാമ്പിന്റെ തല അമർത്തിയിരുന്നു. അങ്ങനെയാണ് പാമ്പിന്റെ പല്ലുകൾ ഇത്രയേറെ ഉത്രയുടെ കൈയിലേക്ക് അമർന്നത്. സൂരജ് രണ്ട് ആഴ്ചയോളം നിരന്തരം കണ്ട യ‌്യൂടൂബ് വീഡിയോകൾ പാമ്പിൽ നിന്ന് വിഷം എടുക്കുന്ന രീതിയാണെന്ന് കണ്ടെത്തിയതും അന്വേഷണത്തെ സഹായിച്ചു.

പാമ്പിന്റെ പോസ്റ്റുമോർട്ടത്തിലും തെളിവുകൾ ലഭിച്ചു. പാമ്പിന്റെ വയറ്റിൽനിന്ന് ഭക്ഷണത്തിന്റെ അംശമൊന്നും കിട്ടിയില്ല. മൂർഖൻ ഭക്ഷണം കഴിച്ചാൽ ഏഴ് ദിവസം അവശിഷ്‌ടം വയറ്റിലുണ്ടാകുമെന്നാണ് പഠനം. ഈ മൂർഖനെ കുപ്പിയിലാക്കി അടച്ച് വച്ചിട്ട് ഏഴ് ദിവസത്തിലേറെയായെന്ന് വ്യക്തമായി. രാത്രി ഏഴുമണിക്ക് ശേഷം മൂർഖൻ പാമ്പ് കടിക്കുന്നത് അത്യപൂർവമാണെന്ന് ഗവേഷകർ പറഞ്ഞതിനാൽ അതിലേക്കും അന്വേഷണം നീണ്ടു. മൂർഖൻ ഇരതേടുന്നത് പകലാണ്. രാത്രി ഉറക്കമാണ്. ഉത്രയെ മൂർഖൻ കടിച്ചത് രാത്രി 12ന് ശേഷമാണ്.

ഗവേഷണ പ്രബന്ധം

മൂർഖൻ പാമ്പിന് ഒരിക്കലും തന്റെ നീളത്തിന്റെ മൂന്നിലൊരു ഭാഗം ഉയരത്തിനപ്പുറം സഹായമില്ലാതെ കയറാൻ പറ്റില്ല. 150 സെന്റിമീറ്ററായിരുന്നു പാമ്പിന്റെ വലിപ്പം. ഉത്ര കിടന്നിരുന്ന മുറിയുടെ ജനലിന്റെ ഉയരം തറനിരപ്പിൽ നിന്ന് 148 സെന്റിമീറ്ററായിരുന്നു. ചുറ്റിക്കയറാൻ ഒരു വസ്തുവും സമീപത്ത് ഉണ്ടായിരുന്നില്ല. അതോടെ പാമ്പിനെ മുറിയിൽ കൊണ്ടുവന്നതാണെന്നും തെളിഞ്ഞു.

ബ്യൂറോ ഒഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ് (ബി.പി.ആർ.ഡി) ആവശ്യപ്പെട്ടതിനാൽ ഉത്ര വധക്കേസ് തെളിയിച്ചതിന്റെ വഴികൾ ഗവേഷണ പ്രബന്ധമാക്കുകയാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയായ ഹരിശങ്കർ. ഡെറാഡൂണിലെ നാഷണൽ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉന്നതരോട് ഉത്രയുടെ കൊലപാതക സാഹചര്യങ്ങൾ വിവരിച്ചപ്പോൾ രാജ്യത്തെ രണ്ട് പാമ്പു വിദഗ്ദ്ധരെ അവർ ഹരിശങ്കറിന് പരിചയപ്പെടുത്തി. അവരുടെ സഹായത്തോടെയാണ് കേസിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയത്.

2018 മാർച്ച് 25നായിരുന്നു സൂരജ് -ഉത്ര വിവാഹം. സ്വത്ത് തട്ടിയെടുക്കാനായി ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യ ശ്രമം നടത്തിയത് 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് അടൂരിലെ സൂരജിന്റെ വീട്ടിലെ സ്‌റ്റെയർകേസിനു സമീപത്തുവച്ച് അണലിയെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം പാളി. തൊട്ടടുത്ത മാസം അടൂരിലെ വീട്ടിൽ ഗുളികകൾ നൽകി ഉത്രയെ മയക്കിയശേഷം കാലിൽ അണലിയെ കൊണ്ട് കടിപ്പിച്ചു. അന്ന് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു. ഏപ്രിൽ 22 ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി ഉത്ര അഞ്ചലിലെ വീട്ടിലെത്തി. മേയ് ആറിന് ഗുളികകൾ കൊടുത്ത് മയക്കിയശേഷം ഉത്രയുടെ ഇടതുക്കൈത്തണ്ടയിൽ രണ്ട് തവണ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

TAGS: UTHRA CASE INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.