(പ്രശസ്ത വയലിൻ വിദ്വാൻ പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മയെ മകൻ അനുസ്മരിക്കുന്നു)
എന്റെ അച്ഛൻ സ്വാതിതിരുനാൾ അക്കാഡമിയിൽ 1961 മുതൽ വയലിൻ വിഭാഗം അദ്ധ്യാപകനായിരുന്നു. ഡോ.കെ.ജെ. യേശുദാസ്, ഡി.കെ ജയരാമൻ, റ്റി.ആർ.സുബ്രഹ്മമണ്യം, ഡോക്ടർ എസ്. രാമനാഥൻ, മധുരൈ ടി. എൻ. ശേഷഗോപാലൻ, റ്റി.വി ശങ്കരനാരായണൻ, വോലട്ടി വെങ്കടേശ്വരലു, ടി.ആർ മഹാലിംഗം, ശീർകാഴി ഗോവിന്ദരാജൻ തുടങ്ങിയവരോടൊപ്പമെല്ലാം അച്ഛൻ വയലിൻ പക്കവാദ്യം വായിക്കുന്ന കച്ചേരികൾ, ഞാനും വയലിൻ വിദുഷിയായ ചേച്ചി എസ്.ആർ. രാജശ്രീയും കുഞ്ഞുന്നാളിലേ നേരിട്ടാസ്വദിച്ചു. 90കളുടെ അവസാനത്തിൽ ടി.ആർ. സുബ്രഹ്മണ്യത്തിന്റെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ എനിക്കും അവസരമുണ്ടായി. 'സുബ്രഹ്മണ്യസാർ വയലിൻ വായിച്ചുതന്ന് ഞാനൊട്ടേറെ കച്ചേരികൾ പാടിയെന്ന് ' അന്നദ്ദേഹം മൈക്കിലൂടെ അറിയിച്ചു. എന്റെ കൂടെ പക്കമേളം വായിച്ചയാൾ എന്നാണ് സാധാരണ സംഗീതജ്ഞരെല്ലാം പറയാറുള്ളതെങ്കിൽ ടി.ആർ അന്നവിടെ വ്യത്യസ്തനായി. അച്ഛനോട് അദ്ദേഹത്തിനുണ്ടായിരുന്ന ബഹുമാനവും മതിപ്പുമാണവിടെ പ്രകടമായത്.
യേശുദാസിനോടൊപ്പം അച്ഛൻ ഏറെ കച്ചേരികൾ വായിച്ച കാലമായിരുന്നു 1964 മുതൽ 84 വരെ. 1978-ൽ കുവൈറ്റ് റേഡിയോയിലും റാസൽഖൈമ റേഡിയോയിലും ആദ്യമായി വായിച്ചു. 81ലും 1982ലും ലോക തമിഴ് സമ്മേളത്തിനായി ലണ്ടനിൽ ഡോ.യേശുദാസിനൊപ്പം കച്ചേരി അവതരിപ്പിക്കാൻ ചെന്നപ്പോൾ ബി.ബി.സി.യിലും അദ്ദേഹത്തോടൊപ്പം വയലിനിൽ പക്കവാദ്യം വായിക്കുകയുണ്ടായി. യേശുദാസിന്റെ ആവശ്യപ്രകാരം സോളോ വയലിൻ കച്ചേരിയും അവതരിപ്പിച്ചു. അന്ന് ബി.ബി.സി യിൽ അവതരിപ്പിച്ച 'ജബ്ദീപ് ജലെ ആനാ' എന്ന ഹിന്ദിഗാനം യൂ-ട്യൂബിൽ കിട്ടും. 1983-ൽ അമേരിക്കയിൽ പ്രഥമലോക മലയാളി സമ്മേളനത്തിൽ യേശുദാസിനൊപ്പം വയലിൻ പക്കവാദ്യം വായിച്ചശേഷം അമേരിക്കയിൽ ഒട്ടേറെ കച്ചേരികൾ ലഭിച്ചു.
അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ അന്ന് മുൻ രാഷ്ട്രപതി കെ. ആർ. നാരായണനാണ്. പത്മശ്രീ യേശുദാസ് എന്ന് യേശുദാസിനെ സംബോധന ചെയ്ത ശേഷം അച്ഛനെ നോക്കി ഇദ്ദേഹം പത്മശ്രീയിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞു. പക്ഷേ മരണംവരെയും അദ്ദേഹത്തെ ആ പുരസ്കാരം നൽകി ആദരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായില്ലെന്നത് മനസിലൊരു വേദനയായി നിൽക്കുന്നു.
1960ൽ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ അദ്ധ്യാപകനായെത്തിയ അച്ഛനോട് ശെമ്മാങ്കുടി ശ്രീനിവാസയ്യർ പറഞ്ഞു: 'പുതുതായിട്ടാണ് ഇവിടെ വയലിൻ വിഭാഗം തുടങ്ങുന്നത്. ധാരാളം വിദ്യാർത്ഥികളെ കണ്ടെത്തി ചേർത്താലേ വയലിൻ വിഭാഗം തുടരാൻ സർക്കാരിന്റെ അനുമതികിട്ടൂ. അതിനാൽ സുബ്രഹ്മണ്യശർമ്മ വിദ്യാർത്ഥികളെ അക്കാഡമിയിലേക്ക് കണ്ടെത്തണം'.
തുടർന്ന്, കച്ചേരിക്ക് പോകുന്ന കിളിമാനൂർ,കൊട്ടാരക്കര, കൊല്ലം,കോട്ടയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം അച്ഛൻ വിദ്യാർത്ഥികളെ കണ്ടെത്തി.
1984-ൽ ദൂരദർശനിൽ ആദ്യമായി (രാഗസുധ) വയലിൻ സോളോ വായിച്ചതും അച്ഛനാണ്. ആവർഷം തന്നെ ഞാനും ചേച്ചിയും ദൂരദർശനിൽ ബാലപ്രതിഭകളുടെ 'പൂമൊട്ടുകൾ' പരിപാടിയിൽ ആദ്യമായി വയലിൻ വായിക്കുകയുണ്ടായി.
1982ൽ ചലച്ചിത്ര സംഗീത സംവിധായകൻ രവീന്ദ്രന്റെ വസന്തഗീതം കാസറ്റ്, തരംഗിണിയുടെ ആദ്യ ലളിതഗാനസമാഹാരമാണ്. അതിലെ മാമാങ്കം എന്ന പാട്ടിന് വയലിൻ വായിച്ചത് അച്ഛനായിരുന്നു. സ്വാതിരുനാൾ സംഗീത കോളേജിൽ രവീന്ദ്രൻ അച്ഛന്റെ ശിഷ്യനായിരുന്നു. സുബ്രഹ്മണ്യശർമ്മസാർ തന്റെ ഗുരുവാണെന്ന് പല അഭിമുഖങ്ങളിലും രവീന്ദ്രൻ പറയുമായിരുന്നു. 1986ൽ രാജീവ് നാഥ് സംവിധാനം ചെയ്ത 'കാവേരി' എന്ന ചലച്ചിത്രത്തിൽ അച്ഛൻ ഗാനരംഗത്ത് അഭിനയിച്ച് വായിച്ചു.
1992 മുതൽ ഞാനും ദാസ് സാറിന്റെ കച്ചേരികൾക്ക് വായിക്കുന്നു. എല്ലാ സംഗീതസദസിലും അച്ഛന്റെ വായനാശൈലിയെക്കുറിച്ചും വയലിൻ നാദത്തെക്കുറിച്ചും ദാസ് സാർ പറയും. അച്ഛന്റെ വയലിൻ വാദനമാണ് അദ്ദേഹത്തിനേറ്റവും ഇഷ്ടമെന്നും.
അത്യാവശ്യത്തിന് അഞ്ച് രൂപ പോലും കൈയിലില്ലാതെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിൽ ചെന്നുനിന്ന് കരഞ്ഞിട്ടുണ്ട് അച്ഛൻ. അദ്ഭുതമെന്നോണം അപ്പോൾത്തന്നെ ആരെങ്കിലുമെത്തി കച്ചേരി ബുക്ക് ചെയ്ത് അഡ്വാൻസായി അഞ്ച് രൂപ അച്ഛന് നൽകിയ കഥകളുമുണ്ടായി. ഏറെ കഷ്ടപ്പെട്ട് വളർന്നുവന്ന അച്ഛൻ ഞങ്ങൾ മക്കളെയും സാധാരണ മനുഷ്യരായി ജീവിക്കാൻ പഠിപ്പിച്ചു. അച്ഛനെക്കുറിച്ച് ശങ്കരാഭരണ രാഗത്തിൽ ഞാനും ചേച്ചിയും സംസ്‌കൃതത്തിൽ, 'സുബ്രഹ്മണ്യ ശർമ്മസ്യ ദസോഹം' എന്ന കീർത്തനം രചിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |