SignIn
Kerala Kaumudi Online
Wednesday, 09 July 2025 3.45 AM IST

വിൽക്കാനുണ്ട് വ്യാജ ഡോക്ടറേറ്റ്

Increase Font Size Decrease Font Size Print Page

kk

ഒരിക്കൽ ഒരു കോടീശ്വരൻ വാസ്തുശില്‌പി ലാറി ബേക്കറുടെ അടുത്ത് ചെന്ന് പറഞ്ഞു. എത്ര കോടിയായാലും കുഴപ്പമില്ല. എനിക്കൊരു ലോ കോസ്റ്റ് വീട് നിർമ്മിച്ചു തരണം. ഇതുകേട്ട ബേക്കർ ചിരിച്ചുവെന്നു മാത്രം.

അതുപോലെയാണ് എത്ര ലക്ഷം വേണമെങ്കിലും തരാം. ചെറിയ ഒരു ഡോക്ടറേറ്റ് കിട്ടിയാൽ മതിയെന്നാണ് പലരുടെയും ആഗ്രഹം. പേരിനൊപ്പം ഒരു അലങ്കാരമായി കൊണ്ടു നടക്കാമല്ലോ? അദ്ധ്യാപകരും അഭിഭാഷകരും എൻജിനീയർമാരും എന്നു വേണ്ട ഭൂമിയിലെ സകല സർവചരാചരങ്ങളും ഡോക്ടറേറ്റിനായി തിരക്കോട് തിരക്കാണ്. ബോർഡ് കണ്ട് അത്യാവശ്യം ചികിത്സയ്‌ക്ക് വരുന്നവരും ഏറെയുണ്ട്. ചെറിയ അസുഖങ്ങൾക്കൊക്കെ ഒറ്റമൂലി കൈയിലുള്ളവർ ഇതോടെ രക്ഷപ്പെട്ടു.

വൻതുക വാങ്ങി വ്യാജ ഡോക്ടറേറ്റുകൾ നൽകുന്ന വൻ സംഘം മലബാറിലും സജീവം. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പ് സംഘം വിലസുന്നത്. വടക്കൻ കൊറിയ,അമേരിക്ക, ജർമ്മനി, ശ്രീലങ്ക, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടറേറ്റ് ബിരുദങ്ങളാണ് ഇവർ നൽകുന്നത്. അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം വരെയാണ് ഇതിന് ഈടാക്കുന്നത്.

ബിസിനസുകാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം ബിരുദങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്ന നിരവധിപേർ മലബാറിൽ തന്നെയുണ്ടെന്നു ഗവേഷകരുടെ കൂട്ടായ്മ കണ്ടെത്തിയിരുന്നു.വ്യാജസർവകലാശാലകൾ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെ പലരുടെയും വിലാസം ശേഖരിച്ച് ഡോക്ടറേറ്റ് നൽകാമെന്ന് പറഞ്ഞു ക്ഷണിക്കുന്ന രീതിയാണ്. പലരും അതിൽ വീണുപോവും. വിശ്വാസം വരാൻ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവാർഡ്ദാന ചടങ്ങും സംഘാടകർ നടത്തും. പലപ്പോഴും അവാർഡ് ദാനചടങ്ങിന്റെ ചെലവും ഡോക്ടറേറ്റ് കിട്ടിയ ആൾ വഹിക്കേണ്ടിവരും.

പ്രമുഖയായ പൊതുപ്രവർത്തകയുടെ ഡോക്ടറേറ്റിനെ ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അവർക്ക് സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഇന്റർനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡീലിറ്റ് ലഭിച്ചെന്നാണ് അവർ പറയുന്നത്. ഏത് ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നു അവർ പറയുന്നില്ല.

വ്യാജസർവകലാശാലകളിൽ നിന്നും ഗവേഷണ ബിരുദം നേടിയ നൂറുകണക്കിനാളുകൾ ഇപ്പോഴും വടക്കൻ ജില്ലകളിലുണ്ട്. 2019 ൽ തന്നെ ഇത്തരം സർവകലാശാലാ ഗവേഷണ ബിരുദങ്ങളെ തുറന്നുകാട്ടിയതിനെ തുടർന്ന് ഇങ്ങനെ വ്യാജബിരുദം നേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായിരിക്കയാണ്.

വ്യാജസർവകലാശാലകൾ

ഇഷ്ടം പോലെ

സാധാരണ ഏതെങ്കിലും ഒരു മേഖലയിലെ പ്രശംസനീയ സേവനം പരിഗണിച്ചാണ് സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകാറുള്ളത്. എന്നാൽ ഏജന്റുമാർക്ക് പണം നൽകിയാൽ ഓണററി ഡോക്ടറേറ്റ് തയ്യാർ. ചെന്നൈ, ബാംഗ്ലൂർ, നേപ്പാളിലെ കാഠ്മണ്ഡു തുടങ്ങിയ ഇടങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഡോക്ടറേറ്റ് നേടി നാട്ടിൽ വിദ്വാൻ ചമഞ്ഞ് നടക്കുന്നവരും ഇവിടെ ഏറെയുണ്ട്. .

സംസ്ഥാന വിദ്യാഭ്യാസവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ വരെ ഇത്തരത്തിൽ പണം നൽകി വ്യാജ ഡോക്ടറേറ്റുകൾ നേടിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട് ആസ്ഥാനമായുള്ളവരാണ് ഇത്തരം യൂണിവേഴ്‌സിറ്റികൾക്ക് പിന്നിലെന്നതും പകൽ പോലെ സത്യം.

വിദേശങ്ങളിൽ പലയിടങ്ങളിലും ഉണ്ടെന്ന് പറയുന്ന യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ വരെ തട്ടിപ്പാണ്. രജിസ്ട്രാറും ഫിനാൻസ് കൺട്രോളറും അടക്കമുള്ള വിവരങ്ങളെല്ലാം പേര് ഉൾപ്പടെ വൈസ് ചാൻസലറുടെ വിവരങ്ങൾ എല്ലാം വ്യാജമാണ്.

ഇരുപതിലധികം വ്യാജസർവകലാശാലകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട് ഇതിൽ ഭൂരിപക്ഷവും കടലാസ് സർവകലാശാലകളാണ്. വെബ്‌സൈറ്റിൽ മാത്രമായി ജീവിക്കുന്ന സർവകലാശാലകളാണ്. എല്ലാ ബിരുദങ്ങളെക്കുറിച്ചും അതിൽ അറിയിപ്പുണ്ടെങ്കിലും ഗവേഷണബിരുദത്തിന്റെ അപേക്ഷക്കായുള്ള ലിങ്ക് മാത്രമാണ് തുറക്കുക. കിംഗ് യൂണിവേഴ്സിറ്റിയുടെ വിലാസം നോക്കിയാൽ ആസ്ഥാനം കിംഗ്ഡം ഓഫ് ടോങ്ക എന്നാണ് കാണുക. വെറും ഒരുലക്ഷം പേർ മാത്രം താമസിക്കുന്ന ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് സമൂഹമാണ് ടോങ്ക.

വ്യാജ ഡോക്ടർമാരെ മാത്രമെ പൊലീസും മറ്റും പിടികൂടുന്നുള്ളൂ. വ്യാജ ഡോക്ടറേറ്റ് ബിരുദക്കാരെ പിടിക്കുന്നുമില്ല. അവർ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നതു കൊണ്ട് അവർക്ക് അലങ്കാരത്തിനായി ഡോക്ടറേറ്റ് ബിരുദം കൊണ്ടുനടക്കുന്നതിൽ തെറ്റില്ലെന്നതാണ് ഇവരുടെ മനസിലിരിപ്പ്.

TAGS: KANNUR DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.