SignIn
Kerala Kaumudi Online
Thursday, 25 April 2024 9.54 AM IST

ശബരിമല വിമാനത്താവളം ;കടമ്പകൾ ഏറെ പറന്നുയരുമോ...!

fly

കേരളമെന്ന ഇട്ടാവട്ടത്തിൽ എന്തിനാണ് ഇത്രയേറെ വിമാനത്താവളങ്ങൾ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ബാങ്കുകളിൽ പ്രവാസി നിക്ഷേപമായി കഴിഞ്ഞവർഷം എത്തിയ 2.27ലക്ഷം കോടി രൂപ. ഗൾഫ് രാജ്യങ്ങളിൽ മാത്രം 40ലക്ഷത്തോളം മലയാളികളുണ്ട്. അമേരിക്കയിലും കാനഡയിലും ആസ്ട്രേലിയയിലും എന്നു വേണ്ട ലോകത്താകെ വ്യാപിച്ചുകിടക്കുകയാണ് പ്രവാസി മലയാളികൾ. കാര്യമായ വ്യവസായങ്ങളോ വരുമാന മാർഗങ്ങളോ ഇല്ലാത്ത കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് വിദേശ മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കാനാണ് ശബരിമല വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടത്. വർഷം തോറും ശബരിമലയിലെത്തുന്ന അഞ്ചു കോടി തീർത്ഥാടകർക്കു കൂടി ഉപകാരപ്പെടുന്ന വിധത്തിൽ എരുമേലിക്ക് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് നിർദ്ദിഷ്ട വിമാനത്താവളം.

ഒരു കോടി രൂപ ഈടാക്കി അമേരിക്കൻ കൺസൾട്ടൻസി കമ്പനി ലൂയ് ബഗ്ർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഇക്കാര്യത്തിൽ സർക്കാരിന്റെ ആദ്യചുവടു തന്നെ പിഴച്ചു. എന്നാൽ ഡി.ജി.സി.എയുടെ സംശയങ്ങളെല്ലാം തീർത്ത്, പദ്ധതിയുമായി മുന്നോട്ടുപോവാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെങ്കിലും, വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ ഡ്രോണുപയോഗിച്ച് സൈറ്റ് സർവേയ്ക്ക് സർക്കാർ ഒരുക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഏറ്റവും മുൻഗണന നൽകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. സൈറ്റ് ക്ലിയറൻസ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് വ്യോമസേന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം, മണ്ണുപരിശോധന തുടങ്ങിയ നിരവധി കടമ്പകൾ വേറെയുമുണ്ട്. എങ്കിലും പദ്ധതിയുമായി മുന്നോട്ടുപോവാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

അമേരിക്കൻ കമ്പനിയുടെ സാദ്ധ്യതാ പഠനത്തിൽ തുടക്കം മുതൽ സംശയങ്ങളുണ്ടായിരുന്നു. സാങ്കേതിക, സാമ്പത്തിക പഠനം, പരിസ്ഥിതി ആഘാത പഠനം, കേന്ദ്രാനുമതി നേടിയെടുക്കൽ എന്നിവയ്ക്കായാണ് 2017ൽ ലൂയ് ബഗ്ർ കൺസൾട്ടൻസിക്ക് 4.6കോടിക്ക് കരാർ നൽകിയത്. നാലുമാസത്തിനകം റിപ്പോർട്ട് നൽകാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും 2018 നവംബറിലാണ് കൺസൾട്ടൻസി റിപ്പോർട്ട് നൽകിയത്. വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെത്തി പരിശോധന പോലും നടത്താതെ ഡിജിറ്റൽ സർവേ നടത്തിയാണ് 38പേജുള്ള സാദ്ധ്യതാ പഠന റിപ്പോർട്ട് കേന്ദ്രത്തിന് അയയ്ക്കാനായി അമേരിക്കൻ കമ്പനി തയ്യാറാക്കിയത്. വിമാനത്താവളം നിർമ്മിക്കുന്ന സ്ഥലം കാണുക പോലും ചെയ്യാതെ ഡിജിറ്റൽ ഭൂരേഖകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചാണ് ലൂയി ബഗ്ർ റിപ്പോർട്ടുണ്ടാക്കിയത്. ഇതിനാണ് ഒരുകോടിയോളം ഈടാക്കിയത്. ഇത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്ന് 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വിമർശനമുയർന്നു. യാതൊരു തിരുത്തലുമില്ലാതെ, പഠനം നടത്തിയ കൺസൾട്ടൻസിയുടെ ഒപ്പുപോലുമില്ലാതെ റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് അയച്ചു. റൺവേയുടെ രൂപകൽപ്പന, കാറ്റിന്റെ ദിശ, മലകളുടെ സാന്നിദ്ധ്യം, മണ്ണിന്റെയും പാറയുടെയും ഘടന, സാന്നിദ്ധ്യം തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വിശ്വാസയോഗ്യമല്ലാത്ത റിപ്പോർട്ടാണെന്ന ഡി.ജി.സി.എയുടെ വിമർശനം ഒഴിവാക്കാമായിരുന്നു. എസ്റ്റേറ്റിലെ പരിശോധനയ്ക്ക് നിയമക്കുരുക്കുകൾ അഴിക്കുകയും ഉടമസ്ഥരുടെ സമ്മതം നേടിയെടുക്കുകയും വേണം.

രാജ്യത്തെ ഞെട്ടിച്ച മംഗളുരു, കരിപ്പൂർ വിമാനദുരന്തങ്ങളുണ്ടായത് കുന്ന് ഇടിച്ചുനിരത്തിയുണ്ടാക്കിയ ടേബിൾടോപ്പ് റൺവേയിലായിരുന്നു. ടേബിൾടോപ്പിൽ ലാൻഡിംഗ് ദുഷ്‌കരമാണ്. സമാനമായ റൺവേ ശബരിമല വിമാനത്താവളത്തിലും വേണ്ടിവരുമെന്നാണ് ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്നത്. അപകട സാദ്ധ്യതയേറിയതിനാൽ ടേബിൾടോപ്പ് റൺവേയ്ക്ക് ഇപ്പോൾ അനുമതി നൽകാറില്ല. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം വലിയ കുന്നിൻപുറത്തല്ലെന്നും ഭൂമി നിരത്തി സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു വശത്തും കുഴികളുണ്ടാവില്ലെന്നും സർക്കാ‌ർ പറയുന്നു. അതിനാൽ ടേബിൾടോപ്പ് റൺവേ വേണ്ടിവരില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഡിജിസിഎയ്ക്ക് സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി നൽകും.

ദൂരപരിധി മാറുമോ

ചട്ടപ്രകാരം അന്താരാഷ്ട്ര വിമാനത്താവത്തിന് 3000മീറ്റർ നീളമുള്ല റൺവേയാണ് വേണ്ടത്. അതിന് ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥലമില്ലെന്നാണ് ഡി.ജി.സി.എ കണ്ടെത്തിയത്. എന്നാൽ എസ്റ്റേറ്റിൽ ഇത്രയും നീളമുള്ള റൺവേയുണ്ടാക്കാമെന്ന് സർക്കാ‌ർ പറയുന്നു. നെടുമ്പാശേരിയിൽ 3400 മീറ്റർ, കണ്ണൂരിൽ 3050മീറ്റർ എന്നിങ്ങനെയാണ് റൺവേയുടെ നീളം. നെടുമ്പാശേരിയിൽ നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരത്തു നിന്ന് 120 കിലോമീറ്ററും മാത്രം അകലെയാണ് നിർദ്ദിഷ്ട ശബരിമല വിമാനത്താവളമെന്നും 150കിലോമീറ്റർ ദൂരപരിധിയിൽ പുതിയ വിമാനത്താവളം പാടില്ലെന്നാണ് കേന്ദ്രചട്ടമെന്നും ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. എന്നാൽ കരിപ്പൂർ, മംഗലാപുരം വിമാനത്താവളങ്ങളെ ചൂണ്ടിക്കാട്ടി കണ്ണൂർ വിമാനത്താവളത്തിന് അഞ്ചുവർഷത്തിലേറെ അനുമതി നിഷേധിച്ചിരുന്നതായി സർക്കാ‌ർ ചൂണ്ടിക്കാട്ടുന്നു. 150കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾക്ക് അനുമതി നൽകാറില്ലെങ്കിലും ഡൽഹിയിൽ നിന്ന് അറുപതു കിലോമീറ്റർ അകലെ ഗ്രേറ്റർ നോയ്ഡയിലും മുംബയ്ക്കടുത്ത് നവിമുംബയിലും പുതിയ വിമാനത്താവളങ്ങൾ വരുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തിന് 50കിലോമീറ്റർ അകലെ ചെങ്കൽപേട്ടിലാണ് രണ്ടാം വിമാനത്താവളം വരുന്നത്. ശബരിമല തീർഥാടനം, മലയോര മേഖലയുടെ വികസനം എന്നിവ ചൂണ്ടിക്കാട്ടി ദൂരപരിധി മാത്രമല്ല പരിഗണിക്കേണ്ടതെന്ന് സർക്കാർ കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തും. മംഗളുരു, കരിപ്പൂർ വിമാനത്താവളങ്ങൾക്കിടയിലാണ് പുതിയ വിമാനത്താവളമായ കണ്ണൂർ. അവിടെ 150കിലോമീറ്റർ ദൂരപരിധി നിബന്ധന ഒഴിവാക്കിയാണ് അനുമതി നൽകിയത്. 2025ഓടെ 100പുതിയ വിമാനത്താവളങ്ങൾ വികസിപ്പിക്കാനാണ് കേന്ദ്രനയം.

സിഗ്നലുകളെ വേർതിരിക്കാം

അടുത്തടുത്ത് വിമാനത്താവളങ്ങളുണ്ടായാൽ എയർട്രാഫിക് കൺട്രോളിൽ നിന്നുള്ള സിഗ്നലുകൾ ഇടകലരുമെന്നും ഇത് ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നുമാണ് ഡിജിസിഎയുടെ വിമർശനം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സിഗ്നലുകൾ നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പരിധിയിൽ കടക്കാൻ ഇടയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ഇത് സാങ്കേതികമായി പരിഹരിക്കാവുന്നതാണെന്നും ഡൽഹിയിൽ വളരെയടുത്ത് രണ്ട് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നതും സംസ്ഥാനം ചൂണ്ടിക്കാട്ടും. എയർ സ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് സിഗ്നലുകൾ കൂടിക്കലരുന്നത് ഒഴിവാക്കാനാവും. ഭൗമോപരിതലത്തെ 360 ഡിഗ്രിയായി കണ്ട് ഓരോ വിമാനത്താവളങ്ങളുടെയും സിഗ്നൽ പരിധികൾ നിശ്ചയിക്കുന്ന രീതിയാണിത്. വിദേശത്തെ വിമാനത്താവളങ്ങളിൽ വിജയകരമായി ഉപയോഗിക്കുന്നു. റൺവേയ്ക്ക് വീതി ഉറപ്പാക്കാൻ ആവശ്യത്തിന് സ്ഥലമെടുക്കാൻ യാതൊരു തടസവുമില്ലെന്നും 2500ഏക്കർ വിട്ടുനൽകാൻ ഉടമസ്ഥർ സമ്മതിച്ചെന്നും കേന്ദ്രത്തെ അറിയിക്കും. മതിയായ സ്ഥലമുണ്ടെങ്കിൽ ടേബിൾടോപ്പ് റൺവേ ഒഴിവാക്കാം. റൺവേയ്ക്ക് മതിയായ നീളം ഉറപ്പാക്കാൻ നൂറ് ഏക്കർ ഭൂമി അധികമായി ഏറ്റെടുത്താൽ മതിയെന്നാണ് സർക്കാ‌ർ വിലയിരുത്തുന്നത്. പക്ഷേ, അന്താരാഷ്ട്ര നിലവാരമുള്ള റൺവേയ്ക്ക് 3600മീറ്റർ നീളമെങ്കിലും വേണം.

എതിർപ്പുകൾ പലവിധം

കണ്ണൂർ വിമാനത്താവള പദ്ധതി കേന്ദ്രാനുമതിക്കായി സമർപ്പിച്ചപ്പോൾ കണ്ണൂരിൽ മയിലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് കാട്ടി പരിസ്ഥിതി മന്ത്രാലയം എതിർത്തു. പിന്നീട് മയിൽ സംരക്ഷണ പദ്ധതിക്കായി സംസ്ഥാന വനഗവേഷണ കേന്ദ്രത്തിൽ പണം കെട്ടിവച്ച ശേഷമായിരുന്നു അനുമതി കിട്ടിയത്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി മാത്രമാണ് ശബരിമല വിമാനത്താവളത്തിന് ലഭിച്ചിട്ടുള്ളത്. അന്തിമാനുമതി ലഭിക്കാൻ കടമ്പകൾ ഇനിയുമുണ്ട്. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിനാവശ്യമായ 2263ഏക്കർ ഭൂമിയേറ്റെടുക്കാൻ കിൻഫ്രയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളത്തിലേതിനു സമാനമായ രീതിയിലാവും സ്ഥലമെടുപ്പ്. കണ്ണൂരിൽ സ്ഥലമെടുപ്പിനെച്ചൊല്ലി വ്യക്തികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവച്ചാണ് കിൻഫ്ര സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം, നഷ്ടപരിഹാരം ആർക്കു നൽകണം എന്നിങ്ങനെ അവ്യക്തതകൾ ബാക്കിയാണ്.

കണക്കുകൾ ഇങ്ങനെ

വിമാനത്താവളത്തിന് 2250കോടി ചെലവുണ്ടാവുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കാൻ 570കോടി വേണം. മലകളും ഗർത്തങ്ങളുമുള്ള എസ്റ്റേറ്റ് നിരപ്പാക്കിയെടുക്കാൻ 723കോടി ചെലവിടണം. 2700മീറ്റർ നീളത്തിൽ റൺവേയുണ്ടാക്കാനാണ് പദ്ധതി. 2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാരുണ്ടാവും. 60വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാവും. 2025ൽ 52കോടിയും 2050ൽ 524കോടിയുമാണ് പ്രവർത്തന ചെലവ്. 2025ൽ 122കോടി, 2050ൽ 1662കോടി എന്നിങ്ങനെയാവും വരുമാനം. 2035ഓടെ ആദ്യഘട്ട നിർമ്മാണവും 2048ഓടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കാനാവുമെന്നും അമേരിക്കൻ കമ്പനി ലൂയി ബഗ്ർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA AIRPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.