SignIn
Kerala Kaumudi Online
Friday, 19 April 2024 11.26 PM IST

ഒഴുക്കിന് വേഗം കൂടി സ്വർണക്കടത്ത്; നോക്കുകുത്തിയായി ഏജൻസികൾ

karippur

കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഒരുവശത്ത് ശക്തമാകുമ്പോഴും ഇതിനെയെല്ലാം നോക്കുകുത്തിയാക്കി സ്വർണക്കടത്ത് നി‌ർബാധം തുടരുന്നു. സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയ്ക്ക് പിന്നാലെ കോഴിക്കോട്ടെ രാമനാട്ടുകരിലുണ്ടായ വാഹനാപകടത്തിൽ ഗുണ്ടാസംഘത്തിലെ അഞ്ച് യുവാക്കൾ മരിച്ചിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിൽ ഇതുവരെ 40ഓളം പേർ പിടിയിലായിട്ടുണ്ട്. കൂടുതൽ മാഫിയ,​ ഗുണ്ടാ സംഘങ്ങളിലേക്ക് വേരൂന്നി നിൽക്കുന്ന കേസാണിത്. സ്വർണക്കടത്തും അപകട മരണവും ഏറെ വിവാദമായതിന് പിന്നാലെ വിമാനത്താവളത്തിനകത്തും പുറത്തും രഹസ്വാന്വേഷണ വിഭാഗങ്ങളുടെ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയതായി അധികൃതർ അവകാശപ്പെടുമ്പോഴും സ്വർണക്കടത്ത് തുടരുന്നതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ കരിപ്പൂർ വഴി 56.96 കോടി രൂപയുടെ 130.07 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. 2019- 20 കാലയളവിൽ 79.21 കോടിയുടെ 234.45 കിലോഗ്രാം സ്വർണവും പിടികൂടി. ഈ വർഷവും ഒട്ടും പിറകിലല്ല.

മേയ് മുതൽ സെപ്തംബർ 24 വരെ 20.19 കോടിയുടെ സ്വർണമാണ് അധികൃതർ പിടികൂടിയത്. മേയിൽ 5.99 കോടി,​ ജൂണിൽ 7.02 കോടി,​ ജൂലായിൽ 2.99 കോടി,​ ആഗസ്റ്റിൽ 1.99 കോടി,​ സെപ്തംബറിൽ 2.15 കോടി എന്നിങ്ങനെയാണ് പിടികൂടിയ സ്വ‌ർണത്തിന്റെ മൂല്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വാഹനാപകടമുണ്ടായ ജൂണിലാണ് ഈ വർഷം ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടന്നത്. വിമാനത്താവളത്തിന് അകത്തും പുറത്തും ശക്തമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയ ജൂലായിലും സ്വർണക്കടത്തിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. സർക്കാർ ഏജൻസികളെ നോക്കുകുത്തിയാക്കും വിധത്തിൽ മാഫിയ വളർന്നെങ്കിൽ ഇതിനുപിന്നിൽ ചെറിയ സ്രാവുകളല്ലെന്ന ആക്ഷേപം ശക്തമാണ്. പിടിക്കുന്നതിന്റെ എത്രയോ ഇരട്ടി സ്വർണം പിടിക്കപ്പെടാതെ പോവുന്നുണ്ടെന്നത് ഉദ്യോഗസ്ഥർക്ക് തന്നെ അറിയാം. പിടിക്കപ്പെടുന്നതിൽ നല്ലൊരു പങ്കും സ്വർണക്കടത്തുകാർ പരസ്പരം ഒറ്റുന്നതിലൂടെയാണ്. കഴിഞ്ഞ ദിവസം 30 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കൻ യുവതി ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലായിരുന്നു. ഇതും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കരിപ്പൂരിനെ സ്വർണക്കടത്തിന്റെ ഹബ്ബാക്കി മാറ്റാൻ മാഫിയകൾ ശ്രമിക്കുമ്പോഴും ശക്തമായ നടപടികളുണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൂലിക്ക് സ്വർണം കടത്തുന്ന കാരിയർമാരെ മാത്രം പിടികൂടുകയും ഇതിനായി പണമിറക്കുന്ന പ്രധാനികളിലേക്ക് അന്വേഷണം എത്താതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴും നിലനില്‌ക്കുന്നത്. സ്വർണക്കടത്തിന് പണമിറക്കുന്നവരും ഈ സ്വർണം വാങ്ങിക്കുന്നവരും പിടിക്കപ്പെടുന്നത് അപൂർവമാണ്.

ചില്ലറയല്ല ലാഭം
അധികൃതരുടെ കണ്ണുവെട്ടിച്ച് ഒരു കിലോ സ്വർണം വിമാനത്താവളത്തിന് പുറത്ത് എത്തിച്ചാൽ അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെയാണ് ലാഭം. ആറ് മാസമെങ്കിലും വിദേശത്ത് കഴിഞ്ഞവരാണെങ്കിൽ ഒരുകിലോ സ്വർണം വരെ കൊണ്ടുവരാം. സ്വർണത്തിന്റെ വിവരം കസ്റ്റംസിനെ അറിയിച്ച് 11 ശതമാനം നികുതി അടയ്‌ക്കണം. 24 കാരറ്റിന്റെ ഒരുകിലോ സ്വർണത്തിന് അരക്കോടി രൂപയോളം വരും. നികുതി ഇനത്തിൽ അഞ്ചര ലക്ഷത്തോളം രൂപ അടയ്‌ക്കണം. നികുതി അടയ്‌ക്കാതെ എത്തുന്ന സ്വർണം വില്‌ക്കുന്ന ജ്വല്ലറികൾക്ക് മൂന്ന് ശതമാനം ജി.എസ്.ടിയും ലാഭം. ഈ ലാഭക്കണക്ക് തന്നെയാണ് സ്വർണകടത്ത് വർദ്ധിക്കാൻ കാരണം. സാധാരണഗതിയിൽ ഒരു വർഷമെങ്കിലും വിദേശത്ത് കഴിഞ്ഞവർക്ക് തിരിച്ചുവരുമ്പോൾ പുരുഷന് 20 ഗ്രാമും സ്ത്രീകൾക്ക് 40 ഗ്രാമും ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ഇതിൽ അധികമായാൽ നികുതി അടക്കേണ്ടി വരും. ദിവസങ്ങളുടെ ഇടവേളകളിലാണ് സ്വർണം കാരിയർമാർ ഗൾഫിലെത്തി തിരികെ പോരുന്നത്. ഹ്രസ്വസന്ദർശനം നടത്തി വരുന്നവർക്ക് 38.5 ശതമാനമാണ് നികുതി. ഇത് ലാഭകരമല്ലാത്തതിനാലാണ് സ്വർണം ഒളിപ്പിച്ച് കടത്തുന്നത്. സ്വർണക്കടത്താണെന്ന് കസ്റ്റംസിന് ബോദ്ധ്യപ്പെട്ടാൽ 38.5 ശതമാനം നികുതിക്ക് പുറമെ 30 ശതമാനത്തോളം പിഴയും അടയ്‌ക്കേണ്ടി വരും. സ്വർണക്കടത്തിലെ വേര് പുറത്തറിയും എന്നതിനാൽ നികുതി നൽകി സ്വർണം വാങ്ങാൻ മാഫിയകൾ തയ്യാറാവാറില്ല.


എന്തൊക്കെ മാർഗങ്ങൾ
കരിപ്പൂരിൽ സ്വർണം കടത്തുന്നതിന് മാഫിയാ സംഘങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങളറിഞ്ഞാൽ ആരും മൂക്കത്ത് വിരൽവയ്ക്കും. ശരീരത്തിലും വിവിധ യന്ത്രങ്ങൾക്കുള്ളിലും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചാണ് കടത്ത്. ഗുഹ്യഭാഗത്ത് ഗുളിക രൂപത്തിലും വസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കിയും 1.22 കോടിയുടെ 2.54 കിലോഗ്രാം സ്വർണമാണ് ആഗസ്റ്റ് 14ന് ഷാർജ്ജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്.

പാന്റ്സിനുള്ളിൽ സ്വർണം പൂശി കള്ളക്കടത്തിന്റെ പുതിയ മാതൃകയാണ് ജൂലായിൽ കാസർക്കോട് ഉപ്പള സ്വദേശിയായ യുവാവ് പരീക്ഷിച്ചത്. മിശ്രിത രൂപത്തിലാക്കിയ സ്വർണ്ണം പെയിന്റ് അടിക്കുന്ന രീതിയിൽ പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പെട്ടെന്ന് കാണാതിരിക്കാൻ ലൈനിംഗായി മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ഡി.ആർ.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് സംഘം യുവാവിനെ കൈയോടെ പിടികൂടി. 20 ലക്ഷം രൂപ വില വരുന്ന സ്വർണമിശ്രിതമാണ് പിടികൂടിയത്. ജൂലായ് ആറിന് മിശ്രിത രൂപത്തിലാക്കിയ 2.2 കിലോഗ്രാം സ്വർണം ഇരുകാലുകളിലും കെട്ടിവച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിലായിരുന്നു. ഈ മിശ്രിതത്തിൽ നിന്നും ഏകദേശം ഒരുകോടിയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്. ഷർട്ടിന്റെ ബട്ടണിലും സ്വർണം കടത്തി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 14 സ്വർണ ബട്ടണുകളാണ് പിടികൂടിയത്. തലമുടി പകുതി വടിച്ച് ഇവിടെ സ്വർണം ഒട്ടിച്ച് വിഗ്ഗ് വച്ചെത്തിയ കാരിയർ പിടിയിലായതും അടുത്തിടെയാണ്. കാർ വാഷ് യന്ത്രം,​ കോഫി മേക്കർ,​ മിക്സി,​ എമർജൻസി,​ ട്രോളി ബാഗിന്റെ പിടി എന്നിവയ്ക്കുള്ളിൽ സംശയം തോന്നാത്ത വിധത്തിലും സ്വർണക്കടത്ത് നടക്കുന്നുണ്ട്. നേരത്തെ ശുചിമുറികളിൽ സ്വർണം ഉപേക്ഷിച്ച് താത്‌കാലിക ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നു. ഇത് പിടികൂടിയതോടെ ജീവനക്കാരെ ഉപയോഗിച്ചുള്ള കടത്ത് കുറഞ്ഞു. പിടിക്കപ്പെടുമെന്ന സൂചനയ്ക്ക് പിന്നാലെ കടത്തികൊണ്ടുവന്ന സ്വർണം വിമാനത്തിൽ തന്നെ ഒളിപ്പിച്ചവരുമുണ്ട്. സീറ്റിന് താഴെയുള്ള ലൈഫ് ജാക്കറ്റ് പാക്കറ്റിൽ നിന്ന് ഒരുകിലോ സ്വർണം ലഭിച്ച സംഭവത്തിൽ യാത്രക്കാരനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് എയർ കസ്റ്റംസ് വിഭാഗം.

സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വർണ ശുദ്ധീകരണ കേന്ദ്രമുൾപ്പെടെയുണ്ട് . മുക്കം നീലേശ്വരം നുഞ്ഞിക്കരയിലെ സ്വർണശുദ്ധീകരണ കേന്ദ്രം ഡി.ആർ.ഐ സംഘം കണ്ടെത്തിയിരുന്നു. 570 കിലോ സ്വർണം ശുദ്ധീകരിച്ച് നൽകിയതിന്റെ രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. എല്ലാ കള്ളക്കടത്ത് സംഘങ്ങൾക്കും സ്വന്തം ഏജന്റുമാരും കാരിയർമാരും സ്വർണം കൊണ്ടുപോവാൻ അകമ്പടിക്കുള്ള ഗുണ്ടാ സംഘങ്ങളുമുണ്ട്. സ്വർണക്കള്ളക്കടത്തിന്റെ വേര് തേടിപ്പിടിച്ചാൽ മാത്രമേ ഒരുപരിധി വരെയെങ്കിലും ഈ മാഫിയകൾക്ക് തടയിടാനാവൂ. ഇതിനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് വിവിധ ഏജൻസികളിൽ നിന്ന് ഉണ്ടാവേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAPPURAM DIARY, GOLD SMUGGLING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.