SignIn
Kerala Kaumudi Online
Thursday, 19 February 2026 8.40 AM IST

വെറുതെ മത്സര പരീക്ഷ വിജയിക്കുകയായിരുന്നില്ല ഈ മിടുക്കരുടെ ലക്ഷ്യം; ശുഭം കുമാറും ജാഗ്രതി അവസ്‌തിയും സിവിൽ സർവീസ് നേടാനാഗ്രഹിച്ചത് രാജ്യത്ത് ചില മാറ്റങ്ങൾ കൊണ്ടുവരാൻ ഉറച്ച്

Increase Font Size Decrease Font Size Print Page
ias

ന്യൂഡൽഹി: മൂന്നാം തവണ നടത്തിയ ശ്രമത്തിലാണ് 24കാരനായ ശുഭം കുമാറിന്റെ സിവിൽ സർവീസ് ശ്രമങ്ങൾക്ക് ശുഭാന്ത്യമുണ്ടായത്. രാജ്യത്ത് വലുപ്പത്തിൽ മുന്നിലെങ്കിലും വികസനത്തിൽ പിന്നിൽ നിൽക്കുന്ന ബീഹാർ സംസ്ഥാനത്തിലെ കത്തിഹാർ പട്ടണത്തിലാണ് ശുഭം ജനിച്ചത്. തന്റെ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ പരമാവധി പ്രവർത്തിക്കണം എന്ന ഉറച്ച വിശ്വാസത്തിന്റെ പുറത്താണ് സിവിൽ സർവീസിന് ഇറങ്ങി പുറപ്പെട്ടത്. 2018ൽ ആദ്യ പരിശ്രമത്തിൽ വിജയിക്കാനായില്ല. 2019ൽ വീണ്ടും ശ്രമിച്ചു. സിവിൽ സർവീസിൽ പെടുന്ന ഇന്ത്യൻ ഡിഫെൻസ് അക്കൗണ്ട്സ് സർവീസ്(ഐഡിഎഎസ്) ലഭിച്ചു. തുടർന്ന് മെച്ചപ്പെടുത്താനായി നടത്തിയ ശ്രമത്തിലാണ് ഇത്തവണ ഒന്നാം റാങ്ക് തന്നെ ലഭിച്ചത്.

നരവംശശാസ്‌ത്രം മുഖ്യവിഷയമായെടുത്ത് ഐഐടി ബോംബെയിൽ നിന്ന് ബി.ടെക് പാസായ ശുഭം തന്റെ സഹജീവികളുടെ മെച്ചപ്പെട്ട ജീവിതമാണ് സ്വപ്‌നം കാണുന്നത്. ജനങ്ങളുടെ വികാസത്തിന് പ്രവർത്തിക്കാൻ രാജ്യത്തെ വലിയ പ്ളാറ്റ്‌ഫോമായ ഐ.എ.എസ് ലഭിക്കണമെന്നായിരുന്നു ശുഭം കുമാറിന്റെ ആഗ്രഹം. അത് സാധിച്ചു. 'ഗ്രാമങ്ങളിൽ ദാരിദ്രം ഇല്ലാതാക്കലാണ് ലക്ഷ്യം. പിന്നാക്കം നിൽക്കുന്നവരുടെ ഉന്നമനത്തിന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.' ശുഭം കുമാർ പറയുന്നു.'പാവപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനും അവർക്ക് മാറ്റങ്ങളുണ്ടാക്കാനും കഴിയുന്ന നിരവധി മേഖലകൾ ഇപ്പോഴും രാജ്യത്തുണ്ട്.'

രണ്ടാം റാങ്ക് നേടിയ മദ്ധ്യപ്രദേശിൽ നിന്നുള‌ള ജാഗ്രതി അവസ്‌തിയും ഇതേ ആഗ്രഹമാണ് പങ്കുവയ്‌ക്കുന്നത്. ഗ്രാമീണ ജനതയുടെ വികസനവും വനിതകളുടെയും കുട്ടികളുടെയും ഉന്നമനവുമാണ് ജാഗ്രതിയുടെയും ലക്ഷ്യം. ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിണിയായ ജാഗ്രതിക്കും ആദ്യ ശ്രമത്തിൽ വിജയിക്കാനായില്ല. രണ്ടാം ശ്രമത്തിലാണ് മിന്നും വിജയം നേടിയത്. സിവിൽ സർവീസ് യോഗ്യത നേടിയ 761 പേരിൽ 545 പുരുഷന്മാരും 216 സ്ത്രീകളുമാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, IAS, CIVIL SERVICE, TOPPERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY