SignIn
Kerala Kaumudi Online
Thursday, 24 September 2026 7.54 PM IST

65 ഡിഗ്രി ചൂടിലും കേടാകാത്ത ഇൻസുലിൻ വരുന്നു

insulin

ന്യൂഡൽഹി: ഫ്രി‌ഡ്ജിൽ വച്ച് തണുപ്പിക്കാതെ ഉപയോഗിക്കാവുന്ന ഇൻസുലിൻ വരുന്നു. ഇന്ത്യയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ വികസിപ്പിച്ച 'ഇൻസുലോക്' 65 ഡിഗ്രി താപനിലയിലും ഉപയോഗിക്കാം. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മനുഷ്യരിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി ഫലപ്രദമെന്നുകണ്ടാൽ ഇൻസുലോക് വിപണിയിലിറക്കും.

കൊൽക്കത്തയിലെ ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനായ ശുഭ്രാംശു ചാറ്റർജി, കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ബയോളജിയിലെ അദ്ധ്യാപകൻ പാർത്താ ചക്രബർത്തി, ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്നോളജിയിലെ ബി. ജഗദീഷ്, ജെ.റെഡ്ഡി എന്നിവരാണ് നാലു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ പുതിയ തരം ഇൻസുലിൻ വികസിപ്പിച്ചത്.

ഇൻസുലോക്ക് എത്രനാൾ വേണമെങ്കിലും സാധാരണ താപനിലയിൽ സൂക്ഷിക്കാമെന്ന് ശുഭ്രാംശു ചാറ്റർജി പറഞ്ഞു. പ്രമേഹ രോഗികൾക്ക് കൈയിൽ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഇൻസുലിനാണിത്. കേടുകൂടാതെ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് നിലവിൽ ഇൻസുലിന്റെ വിലയും കൂട്ടുന്നു. ഏതു താപനിലയിലും സൂക്ഷിക്കാവുന്ന ഇൻസുലിൻ വൻ തോതിൽ ഉത്പാദിപ്പിച്ചാൽ വിലക്കുറവിൽ ലഭ്യമാക്കാനാകും. തങ്ങളുടെ ഉത്പന്നത്തിന് ആചാര്യ ജഗദീഷ് ചന്ദ്രബോസിന്റെ പേരു നൽകണമെന്ന് ശാസ്ത്രസാങ്കേതിക വകുപ്പിന് അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഉയർന്ന താപനിലയിൽ ഇൻസുലിൻ തൻമാത്രകൾ ഉറയ്ക്കുന്നത് പ്രത്യേക അമിനോ ആസിഡ് തന്മാത്രകളുടെ സഹായത്തോടെ തടയാമെന്ന കണ്ടുപിടിത്തമാണ് ഇൻസലോക്കിലേക്ക് വഴിതുറന്നത്.

അന്താരാഷ്‌ട്ര അംഗീകാരമുള്ള ഐ സയസൻസ് എന്ന ജേണലിൽ ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പും സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് കൗൺസിലും സംയുക്തമായാണ് ഗവേഷണത്തിന് സഹായം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSULIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA