SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 PM IST

പന്തം കൊളുത്തി പടയുമായി പന്തളം

photo

പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട എന്ന ചൊല്ല് പ്രസിദ്ധമാണ്. അതിന് രൂപഭേദം വന്നുകഴിഞ്ഞു. പട പേടിച്ചല്ല, വെറുതെ പന്തളത്ത് ചെന്നാലും പന്തംകൊളുത്തിപ്പട തന്നെ. അവിടുത്തെ രാഷ്ട്രീയ സാഹചര്യമാണ് കാരണം. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലുള്ള രണ്ട് നഗരസഭകളിലൊന്നാണ് പന്തളം. പാലക്കാടിന് പിന്നാലെ പന്തളം പിടിച്ചത് വലിയ വാർത്തയായി മാറി. ബി.ജെ.പി വിരുദ്ധർക്ക് അത് ഞെട്ടലായിരുന്നു. ശബരിമല അയ്യപ്പന്റെ വളർത്തുനാട്ടിൽ ബി.ജെ.പി കൊയ്ത നേട്ടം ശബരിമല വിഷയത്തിലെ സമരങ്ങൾക്കുള്ള അംഗീകാരമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താമരത്തിളക്കത്തിൽ ഭരണം തുടങ്ങിയ നഗരസഭയിൽ, ഭരണം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാതെ വശംകെട്ടിരിക്കുകയാണ് ബി.ജെ.പി.

നഗരഹൃദയത്തിലാണ് നഗരസഭാ ഒാഫീസ്. പൊതുജനം ആവശ്യങ്ങളുമായി ചെന്നാൽ വെറുതെ തിരികെ പോകാമെന്നതാണ് അനുഭവം. എന്നു ചെന്നാലും സമരം. ഒരു ദിവസം എൽ.ഡി.എഫ് എങ്കിൽ അടുത്ത ദിവസം യു.ഡി.എഫ്. ഇടവേളയിൽ ചെറുപാർട്ടികൾ. ഈ കക്ഷികൾ വിശ്രമിക്കുന്ന ദിവസങ്ങളിൽ സമരത്തിന് നോക്കിയിരിക്കുകയാണ് ഭരണകക്ഷിയായ ബി.ജെ.പി. നഗരസഭയിൽ അഴിമതി ആരോപിച്ചാണ് ബി.ജെ.പി വിരുദ്ധരുടെ സമരം. പ്രതിപക്ഷവും സെക്രട്ടറിയും ജീവനക്കാരും ചേർന്ന് തങ്ങളെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി സമരം.

കഴിഞ്ഞ തവണ പന്തളം നഗരസഭ ഭരിച്ചത് എൽ.ഡി.എഫാണ്. ഇത്തവണ എൽ.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത ബി.ജെ.പിയെ ഒരു തരത്തിലും ഭരിക്കാൻ അനുവദിക്കരുതെന്ന തന്ത്രം പയറ്റുന്നത് സി.പി.എമ്മാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ നഗരസഭയിൽ പ്രതിഷേധവും ബഹളവും ധർണയും എന്നതാണ് അടവുനയം. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങുന്ന നഗരസഭാ സെക്രട്ടറിയെക്കൂടി നിയമിച്ചുകൊണ്ടാണ് നഗരസഭയിൽ ഭരണ സ്തംഭനം സൃഷ്ടിക്കുന്നത്. ബി.ജെ.പി ഭരണത്തിലേറി ആറ് മാസം തികയുന്നതിന് മുൻപ് തന്നെ ബഹളവും സമരവും തുടങ്ങി. താത്‌‌കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ അഴിമതിയെന്നായിരുന്നു ആരോപണം. തദ്ദേശ സ്ഥാപനങ്ങളിൽ താത്‌കാലികക്കാരെ നിയമിക്കുമ്പോൾ ഭരണകക്ഷിയിൽപ്പെട്ടവർക്ക് മുൻഗണന നൽകുമെന്നത് എൽ.ഡി.എഫിനെ ആരും ഒാർമിപ്പിക്കേണ്ടതില്ല. സംസ്ഥാനത്ത് ഇങ്ങനെ നിയമനങ്ങൾ നടത്തിയതിന് ഏറ്റവും കൂടുതൽ ക്രെഡിറ്റ് അവകാശപ്പെടാവുന്നത് സി.പി.എമ്മിന് തന്നെയാണെന്ന് എതിരാളികൾ പണ്ടേ പറഞ്ഞിട്ടുളളതാണ്.

ബി.ജെ.പിക്ക് പറ്റിയത്

പദ്ധതി നിർവഹണം നടത്തുന്നതിലും മറ്റ് പ്രവർത്തനങ്ങളിലും പരിചയമുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനമാറ്റം നൽകിയതോടെ ഭരണകക്ഷിയും ഉദ്യോഗസ്ഥരുമായി ഇടഞ്ഞതാണ് പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണം. ഉദ്യോഗസ്ഥരുടെ പിണക്കം ഇടത് അനുകൂല സംഘടനകൾ വഴി പുറത്തേക്ക് എത്തിയപ്പോൾ രാഷ്ട്രീയ നേട്ടമാക്കാൻ എൽ.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നു. മാർച്ച് 31ന് മുൻപ് മിച്ച ബഡ്ജറ്റ് പാസാക്കാൻ കഴിയാതെ വന്നതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയായി. തക്കം പാർത്തിരുന്ന സെക്രട്ടറി ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് കത്ത് നൽകി. പോര് മുറുകാൻ ഇത് ധാരാളമായിരുന്നു. ജനങ്ങൾ തിരഞ്ഞെടുത്ത ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ശുപാർശ ചെയ്യാൻ സെക്രട്ടറിക്ക് എന്ത് അധികാരമെന്ന് ബി.ജെ.പി ചോദിക്കുന്നു. നിയമവും ചട്ടവും ആയുധമാക്കി സെക്രട്ടറി തിരിച്ചടിച്ചു.

നഗരവികസനത്തിന് കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പന്തളത്ത് നേരിട്ട് നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായാണ് ബി.ജെ.പി ഭരണം ആരംഭിച്ചത്. ആദ്യമായി ബി.ജെ.പിക്ക് നഗരഭരണം ലഭിച്ചത് പാലക്കാട്ടാണ്. വികസനത്തിന്റെ പാലക്കാടൻ കാറ്റ് പന്തളത്തും എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പ്രതിപക്ഷ സമരത്തിലും ഉദ്യോഗസ്ഥ നിസഹകരണത്തിലും പൊളിഞ്ഞിരിക്കുന്നത്.

കടിച്ചതിനേക്കാൾ

വലുത് മാളത്തിലിരുന്നു

സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർ ഭരണത്തിന് തുരങ്കം വയ്ക്കുകയാണെന്ന പരാതിയുമായി ചെയർപേഴ്സൺ സുശീല സന്തോഷും സംഘവും രണ്ടുതവണ തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻമാസ്റ്ററെ കണ്ടു. സെക്രട്ടറിയെ മാറ്റണമെന്നതായിരുന്നു പ്രധാന ആവശ്യം. ചെയർപേഴ്സന്റെ ആവശ്യമല്ലേ, മന്ത്രി കേട്ടു. സെക്രട്ടറിയെ മാറ്റി. അസിസ്റ്റന്റ് എൻജിനീയർക്ക് സെക്രട്ടറിയുടെ ചുമതല നൽകി. കടിച്ചതിനേക്കാൾ വലുത് മാളത്തിലിരുന്നു എന്നു പറഞ്ഞതു പോലെയായി ഇൗ നടപടി. സെക്രട്ടറിയുടെ ചാർജ് ലഭിച്ചയുടൻ അസി.എൻജിനീയർ അവധിയിൽ പോയി. എങ്ങനെയെങ്കിലും ഭരണം മുന്നോട്ടു കൊണ്ടുപോകാൻ കിണഞ്ഞു ശ്രമിക്കുന്ന ബി.ജെ.പി വീണ്ടും വെട്ടിലായി. നഗരസഭയിൽ ഭരണസ്തംഭനമെന്ന് ചെയർപേഴ്സണ് പരസ്യമായി സമ്മതിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരെ കരുവാക്കി ഭരണം അട്ടിമറിക്കലാണ് എൽ.ഡി.എഫ് ലക്ഷ്യമെന്ന് ആരോപണവുമായി ജനകീയ പ്രതിരോധത്തിലേക്ക് കടക്കുകയാണ് ബി.ജെ.പി. പ്രതിപക്ഷങ്ങൾക്കെതിരെ നഗരസഭയിലെ എല്ലാ വാർഡുകളിലും പ്രചാരണ പരിപാടി നടത്തും.

നഗരസഭയിൽ ഭരണം ലഭിക്കുമെന്ന് ബി.ജെ.പി പോലും പ്രതീക്ഷിച്ചതല്ല. സി.പി.എമ്മിലെ ചേരിപ്പോര് അനുഗ്രഹമായെന്ന് പറയുന്നതാകും ശരി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയാണ് സി.പി.എമ്മിന്റെ തിരിച്ചുവരവ്. ശബരിമല വിഷയത്തിൽ ആദ്യം നാമജപ സമരം നടന്നത് പന്തളത്താണ്. നേതൃത്വം നൽകിയത് സംഘപരിവാറും. വലിയ ജനപങ്കാളിത്തത്തോടെ അരങ്ങേറിയ സമരം ബി.ജെ.പിക്ക് നേട്ടമായിരുന്നു. ഒടുവിൽ, നഗരഭരണം ലഭിച്ചപ്പോൾ ഭരിക്കാൻ പറ്റാത്തതിന്റെ നാണക്കേടിലായി. പാർട്ടിക്കുള്ളിൽ നിന്നും ചില മുറുമുറുപ്പുകൾ പുറത്തേക്ക് വരുന്നുണ്ട്. അസംതൃപ്തരായ ബി.ജെ.പി കൗൺസിലർമാരെ പദവികൾ നൽകി റാഞ്ചാൻ സി.പി.എമ്മും കോൺഗ്രസും അണിയറ നീക്കം ശക്തമാക്കിയിട്ടുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY, PANDALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.