SignIn
Kerala Kaumudi Online
Tuesday, 24 May 2022 2.58 AM IST

അർഹിക്കുന്ന കരങ്ങളിലെത്താത്ത പദ്‌മയും ഫാൽക്കെയും

ks-sethumadhavan

നായകനായി നിറഞ്ഞു നിൽക്കുന്ന വേളയിലൊരിക്കൽ നടൻ പ്രേംനസീർ സംവിധായകൻ കെ.എസ്.സേതുമാധവനോട് പറഞ്ഞു. " ഈ മരംചുറ്റിയോട്ടവും പ്രേമവും എനിക്കു മടുത്തു. ഒരു ഡാർക്ക് ഷെയിഡുള്ള കഥാപാത്രത്തെ തരൂ..." 1973 ലായിരുന്നു ഇത്. ആ വർഷം നസീർ നായകനായി അഭിനയിച്ചത് മുപ്പത് സിനിമകളിലാണെന്നുകൂടി ഓർക്കണം. നസീറിന്റെ ആ അഭ്യർത്ഥന സേതുമാധവൻ തള്ളിക്കളഞ്ഞില്ല. മുട്ടത്തുവർക്കിയുടെ അഴകുള്ള സെലീന എന്ന നോവലിനെ ആസ്പദമാക്കി അതേപേരിൽ എടുത്ത ചിത്രത്തിൽ കുഞ്ഞച്ചൻ എന്ന വില്ലൻ കഥാപാത്രത്തെ നസീറിന് നൽകി. നായക കഥാപാത്രമായ ജോണിയുടെ വേഷം വിൻസന്റിനും. ശരിക്കു പറഞ്ഞാൽ സിനിമ ഇൻഡസ്ട്രി ഞെട്ടി. നായകനെ വില്ലനാക്കിയാൽ നസീറിന്റെ മാർക്കറ്റ് ഇടിയുമെന്നുവരെ പലരും പറഞ്ഞു. നസീറിനൊരു റേപ്പ് സീനുംകൂടി നൽകിയാണ് സേതുമാധവൻ ആ വാദങ്ങളുടെയെല്ലാം മുനയൊടിച്ചത്. വെള്ളിത്തിരയിൽ അന്നുവരെ കണ്ടിട്ടില്ലാത്ത നസീറിനെക്കണ്ട് പ്രേക്ഷകർ കൈയടിച്ചു. നസീർ ആ കഥാപാത്രത്തെ ആസ്വദിച്ചു ചെയ്തുവെന്നും വലിയ സന്തോഷം പ്രകടിപ്പിച്ചുവെന്നും സേതുമാധവൻ ഓർക്കുന്നു.

നസീറിനെയല്ല ഏത് താരത്തിനെ വച്ചും അങ്ങനെ ചെയ്യാൻ ധൈര്യമുള്ള ഒരേയൊരു സംവിധായകനെ അന്നുണ്ടായിരുന്നുള്ളു. അതാണ് കെ.എസ്.സേതുമാധവൻ. സൗമ്യനും മാന്യനും മഹാപ്രതിഭയുമായ സേതുമാധവന്റെ സിനിമകൾ ഓരോന്നും മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇത്രയധികം സാഹിത്യരചനകൾ സിനിമയാക്കിയ മറ്റൊരു സംവിധായകൻ ഇല്ല. മലയാളത്തിലടക്കം ഒന്നിനൊന്നു മികച്ച അറുപതോളം ചിത്രങ്ങൾ. കലാപരമായ മികവ് പുലർത്തിയതിനൊപ്പം വാണിജ്യവിജയവും നേടിയവയാണ് അവയെല്ലാം. സംസ്ഥാന ദേശീയ അവാർഡുകളടക്കം നേടിയിട്ടും ഒരു പത്മാ ബഹുമതിയോ ഫാൽക്കെ അവാർഡോ സേതുമാധവനെ തേടിയെത്തിയില്ല. അംഗീകാരങ്ങളുടെ കാക്കപിടുത്തത്തിന് പോകാത്തതിനാലാവാം. കേരളസർക്കാർ ഇനിയെങ്കിലും ഇതിനായി ശുപാർശ ചെയ്യണം.

കണ്ണും കരളും എന്ന ചിത്രത്തിൽ കമലഹാസനെ ബാലതാരമായി അഭിനയിപ്പിച്ച സേതുമാധവൻ കന്യാകുമാരി എന്ന സിനിമയിലൂടെ കമലിനെ നായകനാക്കി. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലാണ് മമ്മൂട്ടി ഒരു നടനായി ആദ്യം മുഖം കാണിച്ചത്. തന്റെ രണ്ടാമത്തെ ചിത്രമായ കണ്ണും കരളിലും സത്യനെ നായകനാക്കിയ അദ്ദേഹം നടനെന്ന നിലയിൽ സത്യന് ഏറ്റവും മികച്ച വേഷങ്ങൾ നൽകി. സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിലായിരുന്നു സത്യൻ അവസാനമായി അഭിനയിച്ചത്. സത്യനും നസീറും മധുവും സേതുമാധവന്റെ സിനിമകളിൽ സജീവമായിരുന്നു. കഥാപാത്രങ്ങൾക്കിണങ്ങിയ നടൻമാരെയാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. നസീറിലെ നടന്റെ കഴിവ് സംവിധായകർ പ്രയോജനപ്പെടുത്തിയില്ലെന്ന് സേതുമാധവൻ കരുതുന്നു.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആരായിരുന്നു മികച്ച നടനും നടിയും ?കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ ഈ ചോദ്യം സേതുമാധവൻസാറിനോട് ചോദിച്ചു. എല്ലാവരും കഴിവുള്ളവരായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചോദ്യം ആവർത്തിച്ചപ്പോൾ തന്റെ ഫേവറിറ്റ് ഒരു പരിധിവരെ സത്യനായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു." സത്യൻ അഭിനയിക്കുകയല്ല,കഥാപാത്രമായി മാറുകയായിരുന്നു. നടിയെന്ന നിലയിൽ ഷീല അസാമാന്യമായ കഴിവുകളുള്ള അഭിനേത്രിയായിരുന്നു. ഒരു പെണ്ണിന്റെ കഥ എന്ന ചിത്രത്തിൽ സത്യനും ഷീലയും അവരുടെതന്നെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പി.കേശവദേവിന്റെ ഓടയിൽ നിന്നിൽ സത്യന്റെ പപ്പു എന്ന കഥാപാത്രം എന്നെന്നും ഓർമ്മിക്കപ്പെടുന്നതാണ്. സുരേഷ്ഗോപി ബാലതാരമായി വന്നത് ഓടയിൽ നിന്നിലായിരുന്നു. സത്യന്റെ യക്ഷി, കടൽപ്പാലം, കരകാണാക്കടൽ, വാഴ്‌‌വേമായം ഒക്കെയും സംവിധാനം ചെയ്തത് സേതുമാധവനായിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിംഹളഭാഷയിലും സിനിമകളെടുത്തു. മറുപക്കം എന്ന സേതുമാധവന്റെ സിനിമയാണ് തമിഴിൽ ആദ്യമായി മികച്ചചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രം. ജ്ഞാനസുന്ദരിയിൽ തുടങ്ങിയ സേതുമാധവന്റെ സംവിധാനജീവിതത്തിൽ സഹോദരൻ കെ.എസ്.ആർ.മൂർത്തിയുടെ പിന്തുണ നിർണായകമായിരുന്നു. പലചിത്രങ്ങളുടെയും നിർമ്മാതാവ് മൂർത്തിയായിരുന്നു. അടുത്തിടെയാണ് അദ്ദേഹം വിടപറഞ്ഞത്.

ചലച്ചിത്ര രംഗത്ത് ജന്റിൽമാൻ എന്ന വിശേഷണം എന്നും സേതുമാധവനൊപ്പമുണ്ടായിരുന്നു. എത്ര വലിയ താരങ്ങളായാലും സേതുമാധവന്റെ സെറ്റിൽ വന്നാൽ തികഞ്ഞ അച്ചടക്കം പാലിക്കും.അത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. പാലക്കാട്ടുകാരനായ സേതുമാധവന്റെ സ്വഭാവത്തിലെ ശാന്തതയും സമാധാനവും എവിടെനിന്നു കിട്ടിയെന്നു ചോദിച്ചപ്പോൾ ഉത്തരം മഹാജ്ഞാനിയായ രമണമഹർഷിയിൽ നിന്ന് എന്നായിരുന്നു." അച്ഛനും അമ്മയും അവിടെ പതിവായി പോകുമായിരുന്നു. അവരുടെ കൂടെ പോയതും രമണമഹർഷിയുടെ മുന്നിലിരിക്കാൻ കഴിഞ്ഞതും വലിയഭാഗ്യമായി കരുതുന്നു. വീട്ടിൽ നിന്ന് പച്ചക്കറികളും മറ്റും ആശ്രമത്തിലേക്ക് കൊടുത്തുവിടും. അപ്പോൾ ഞാനും കൂടെപോകുമായിരുന്നു. വീട്ടിൽനിന്നു കൊണ്ടുപോകുന്ന സാധനങ്ങൾ ഇലയിൽ മഹർഷിയുടെ അരികിൽ കൊണ്ടുവയ്ക്കും. മുന്നിൽപ്പോയി ചമ്രംപടിഞ്ഞിരിക്കുമ്പോൾ രമണമഹർഷി പുഞ്ചിരിച്ച് തലയാട്ടും." അദ്ദേഹത്തിന്റെ അനുഗ്രഹം തനിക്കു ലഭിച്ചിട്ടുണ്ടെന്ന് സേതുമാധവൻ വിശ്വസിക്കുന്നു.

നവതി പിന്നിട്ട അദ്ദേഹം ഇപ്പോൾ ആത്മീയപാതയിലാണ് . കൺവർസേഷൻസ് വിത്ത് ഗോഡ് എന്ന മൂന്ന് വാല്യമുള്ള പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്.' ഞാൻ എന്നെത്തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണ് .നടക്കുമെന്നു തോന്നുന്നില്ല. ഉള്ളിലേക്കാണ് സഞ്ചാരം'. അദ്ദേഹം പറയുന്നു.

ഇന്ത്യൻ സിനിമയ്ക്ക് ഇത്രയും വലിയ സംഭാവനകൾ നൽകിയിട്ടും പത്മാബഹുമതിയോ ഫാൽക്കെ അവാർഡോ അദ്ദേഹത്തിനു ലഭിക്കാത്തത് ആരുടെ കുഴപ്പമാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ നിസംഗതയോടെ അദ്ദേഹം അരബിന്ദോയുടെ വരികൾ ഉദ്ധരിച്ചു. ഏകദേശ പരിഭാഷയിങ്ങനെ--" ഏറ്റുവാങ്ങുക ലോകത്തെ, ദൈവത്തിന്റെ അരങ്ങായി. നിങ്ങൾ ആ നടന്റെ മുഖാവരണം മാത്രമാകുന്നു. അരങ്ങുവാഴട്ടെ അവൻ നിങ്ങളിലൂടെ,നിങ്ങളെ ആളുകൾ സ്തുതിക്കുകയോ അപഹസിക്കുകയോ ചെയ്യട്ടെ, അപ്പോഴും നിങ്ങളറിയുക അവരും മുഖം മൂടികളാണെന്ന്, ഉള്ളിലേക്ക് ആവാഹിക്കുക ദൈവത്തെ,നിങ്ങളുടെ വിമർശകനും പ്രേക്ഷകനുമായി." സ്ഥിതപ്രജ്ഞനായ സേതുമാധവൻ ഒന്നും ആരിൽ നിന്നും പ്രതീക്ഷിക്കുന്നില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALAM, K S SETHUMADHAVAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.