SignIn
Kerala Kaumudi Online
Thursday, 26 May 2022 8.16 PM IST

ഗുരുദേവ ദർശനത്തിലേക്ക് മടങ്ങണമെന്ന് സത്യദീപം

sathyadheepam

കൊച്ചി: ശ്രീനാരായണഗുരുദേവ ദർശനത്തിന്റെ സർവകാല പ്രസക്തിയെ പ്രകീർത്തിച്ച് സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ 'സത്യദീപം'. മതത്തിന്റെ നൈതികമാനത്തെ ഉയർത്തിയുറപ്പിച്ച ശ്രീനാരായണഗുരുവിന്റെ ശിക്ഷണത്തിലേക്ക് കേരളം വീണ്ടും മടങ്ങണമെന്ന് പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിൽ സത്യദീപം ആഹ്വാനം ചെയ്തു.

'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി' കേരളത്തെ പ്രതിഷ്ഠിച്ച ഗുരുചിന്തകൾക്ക് തന്നെയാകണം ചിരപ്രതിഷ്ഠ ലഭിക്കേണ്ടത്. വിദ്യകൊണ്ട് പ്രബുദ്ധരായും സംഘടന കൊണ്ട് ശക്തരായും കീഴാളവർഗം സമൂഹത്തിൽ പരിവർത്തന സ്വഭാവത്തോടെ പരിണമിക്കണമെന്ന ഗുരു സ്വപ്നം ഇപ്പോഴും പാതിവഴിയിലാണ്. ആചാരലോകത്തെ അതിലംഘിക്കുന്ന മതത്തിന്റെ സനാതന മൂല്യങ്ങൾ പുരോഹിത മേൽക്കോയ്‌മയിൽ പിറകിലാകുന്നതാണ് കേരളത്തിന്റെ എപ്പോഴത്തെയും സങ്കടക്കാഴ്ച. ചരിത്രത്തെ അഗാധമാക്കിയ ആത്മീയ സാന്നിദ്ധ്യമായി ലോകം ഗുരുവിനെ തിരിച്ചറിഞ്ഞതാണ്. 'ഒരു പീഡയെറുമ്പിനും വരാ' എന്ന അനുകമ്പാദശകത്തിലെ പ്രാർത്ഥനയെ തന്റെ അവതാരലക്ഷ്യമാക്കി അവതരിപ്പിച്ച ഗുരുവിന്റെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും ആധുനിക കേരളത്തെ അതിഗാഢമാം വിധം അഭിസംബോധന ചെയ്തു.
പരനും അപരനും ഒന്നാണെന്ന ശങ്കരദർശനത്തിന്റെ അദ്വൈത ഭൂമികയിൽ ഗുരു വ്യത്യസ്തനാകുന്നത് അപരനെക്കുറിച്ചുള്ള അതീവ വാത്സല്യത്തിന്റെ ആകെത്തുകയാണ്. കരുണയെ ബൗദ്ധിക വ്യാപാരത്തിന് മുകളിൽ പ്രതിഷ്ഠിച്ചാണ് അദ്ദേഹം നൈതികഭൂവിൽ ചിരപ്രതിഷ്ഠ നേടിയത്. വിഗ്രഹപ്രതിഷ്ഠയിലൂടെ മതം വിഗ്രഹമാക്കുന്നതിനെതിരെ വീറോടെ പോരാടിയ ഗുരുചരിതം കേരളത്തിന്റെ നവോത്ഥാനത്തിൽ ശ്രദ്ധേയമായ തിരുത്തും തീരുമാനവുമായി. കണ്ണാടി പ്രതിഷ്ഠയിലൂടെ ''സൂക്ഷ്‌മാന്വേഷണത്തിനു സഹായിക്കുന്ന മാർഗദർശികൾ മാത്രമാണ് മതങ്ങൾ'' എന്ന പ്രമേയത്തെയാണ് പ്രതിഷ്ഠിച്ചത്. മലയാളത്തിലെ ആദ്യത്തെ മതനിരപേക്ഷ പ്രാർത്ഥനയായ 'ദൈവദശകത്തിൽ' എല്ലാ മതങ്ങളുടെയും സത്തയെ ഏകമായി കണ്ട് സമന്വയിപ്പിക്കാൻ ഗുരു ശ്രമിച്ചു. 'പരമേശ പവിത്ര പുത്ര 'നായ ക്രിസ്തുവിനെയും 'കാരുണ്യവാൻ നബിമുത്തു രത്‌നത്തെയും' തന്റെ ദൈവസങ്കല്പത്തിൽ സ്വാഭാവികമായി സമ്മേളിപ്പിച്ചാണ് ഗുരു 'അനുകമ്പാദശക' മെഴുതിയത്.
ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നും മോചനമെന്ന ഗുരുവാക്യത്തിൽ ആധുനിക ഭാരതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്കുള്ള കൃത്യമായ ഉത്തരമുണ്ട്.
'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമെന്ന' തത്ത്വത്തിലൂന്നി ആലുവയിൽ ഗുരു സംഘടിപ്പിച്ച 'സർവമത സമ്മേളനത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്. അനുകമ്പയായിരുന്നു ഗുരുവിന്റെ സ്ഥായീഭാവം. ജാതിപ്പിശാചിനോടുള്ള സന്ധിയില്ലാ സമരത്തോട് തന്നെത്തന്നെ താദാത്മ്യപ്പെടുത്തുന്നിടത്ത് ഗുരുവിന്റെ കാരുണ്യഭാവം കടലാഴമേറുന്നുണ്ട്. 'മനുഷ്യജാതി' എന്ന ഏകകത്തിലേക്ക് എല്ലാ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും അദ്ദേഹം വെട്ടിയൊതുക്കി. ജാതിയുടെ ചരിത്രപരവും സാമൂഹികവുമായ ഉള്ളടരുകളെ അറിഞ്ഞുകൊണ്ട് തന്നെയുള്ള ഇടപെടലാണത്- മുഖപ്രസംഗം പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SATHYADEEPAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.