SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

മറ്റു വകുപ്പുകൾക്കും മാതൃകയാക്കാം

Increase Font Size Decrease Font Size Print Page

smart-ration-card

എ.ടി.എം കാർഡ് മാതൃകയിൽ റേഷൻകാർഡും സ്‌മാർട്ടാക്കാനുള്ള ഭക്ഷ്യവകുപ്പിന്റെ നീക്കം സാധാരണക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും. റേഷൻകടകൾ നവീകരിക്കുന്നതിലും അവയുടെ സേവനം കൃത്യമായി കാർഡ് ഉടമകളിലെത്തിക്കുന്നതിലും അടുത്തകാലത്തായി ഒട്ടേറെ പുരോഗമനപരമായ നടപടികളെടുത്തിട്ടുണ്ട്. സാധാരണക്കാരുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന റേഷൻകടകളെ കൂടുതൽ ജനങ്ങളുമായി അടുപ്പിക്കാനുള്ള പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് സ്മാർട്ട് കാർഡ് ഇറങ്ങാൻ പോകുന്നത്. റേഷൻകടകളിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന സാധനങ്ങൾക്കു പുറമെ പലവ്യഞ്ജനങ്ങളും കുപ്പിവെള്ളവും ഉൾപ്പെടെ ഒരു സാധാരണ കുടുംബത്തിന്റെ നിത്യജീവിതത്തിനാവശ്യമായ സാധനങ്ങളെല്ലാം ലഭ്യമാകുമെങ്കിൽ പുതിയ തലത്തിലേക്ക് പൊതുവിതരണ ശൃംഖല ഉയരുമെന്നതിൽ സംശയമില്ല. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സ്മാർട്ട് കാർഡ് പുറത്തിറക്കാനാണ് ആലോചന. തുടക്കത്തിൽ ആയിരം റേഷൻകടകളിലാകും സ്‌മാർട്ട് കാർഡ് ഉപയോഗിക്കാനാകുക. ക്രമേണ പരിധി വർദ്ധിപ്പിക്കും. സ്‌മാർട്ട് കാർഡിനായി കാർഡുടമകൾ ഓൺലൈൻ വഴി അപേക്ഷ നൽകേണ്ടിവരും.

റേഷൻകടകളിൽ മാത്രമല്ല ഭക്ഷ്യവകുപ്പിനു കീഴിലുള്ള സപ്ളൈകോ തുടങ്ങിയ സ്ഥാപനങ്ങളിൽ കൂടി ഉപയോഗപ്പെടുത്താൻ കഴിയുംവിധമാകും സ്മാർട്ട് കാർഡ് ഇറക്കുന്നത്. ബാങ്കുകളുമായി സഹകരിച്ച് കുറഞ്ഞ തോതിൽ പണം പിൻവലിക്കാനും സ്‌‌മാർട്ട് റേഷൻകാർഡ് ഉപയോഗപ്പെടുത്താം. വൈദ്യുതി, വെള്ളം ബിൽ അടയ്ക്കാനും ഈ കാർഡ് മുഖേന സാദ്ധ്യമാകും. ചുരുക്കത്തിൽ ഒരു കുടുംബത്തിന്റെ അത്യാവശ്യങ്ങളെല്ലാം നിർവഹിക്കാൻ പാകത്തിലാകും സ്‌മാർട്ട് റേഷൻ കാർഡിന്റെ പിറവി. അവഗണിക്കപ്പെട്ടു കിടന്ന റേഷൻകടകളെ ഏറ്റവുമധികം ജനകീയമാക്കുന്നതിൽ ഭക്ഷ്യവകുപ്പുമന്ത്രി ജി.ആർ. അനിൽ കാണിക്കുന്ന താത്‌പര്യവും ഭാവനാസമ്പന്നമായ നടപടികളും അഭിനന്ദനീയമാണ്. ഒന്നാം പിണറായി സർക്കാരിൽ ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന തിലോത്തമനും റേഷൻകടകളുടെ നവീകരണത്തിനും വർഷങ്ങളായി തുടർന്നുകൊണ്ടിരുന്ന ക്രമക്കേടുകൾ തടയുന്നതിലും ഒട്ടേറെ നടപടികൾ സ്വീകരിച്ചിരുന്നു.

റേഷൻകടകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ പൊതുജനങ്ങൾ കൂടുതലായി ഇടപെടേണ്ടിവരുന്ന മറ്റു സർക്കാർ വകുപ്പുകൾക്കും മാതൃകയാക്കാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങൾ, റവന്യൂ, വിദ്യാഭ്യാസ, ഹെൽത്ത്, മോട്ടോർ വാഹന വകുപ്പുകൾ ഉൾക്കാഴ്ചയോടെ പ്രവർത്തിച്ചാൽ സേവനങ്ങൾ ലഭിക്കാൻ പൊതുജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരില്ല. ഒട്ടുവളരെ വകുപ്പുകൾ ഓൺലൈനിലേക്കു മാറിക്കഴിഞ്ഞു എന്നാണ് സർക്കാരിന്റെ അവകാശവാദം. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സേവനം വൈകിപ്പിക്കുന്നത് ഒട്ടുമിക്ക സ്ഥാപനങ്ങളിലും പതിവാണ്. അല്ലലില്ലാതെ സേവനം ലഭ്യമാക്കാൻ വേണ്ടിയാണ് ഇ - ഗവേണൻസ് പദ്ധതി എല്ലാ വകുപ്പുകൾക്കും സർക്കാർ ബാധകമാക്കിയത്. അതിന്റെ പ്രയോജനം എത്രത്തോളം ലഭിക്കുന്നുണ്ടെന്ന് വിലയിരുത്താൻ കൂടി ശ്രമിക്കേണ്ടതാണ്. വകുപ്പുമന്ത്രിമാർ കൂടി താത്‌പര്യമെടുത്താലേ ലക്ഷ്യപ്രാപ്തി സാദ്ധ്യമാവുകയുള്ളൂ. കാലത്തിന് അനുസരണമായുള്ള എല്ലാ സാങ്കേതിക മാറ്റങ്ങളും സർക്കാർ ഓഫീസുകളിലും എത്തേണ്ടതുണ്ട്.

TAGS: SMART RATION CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY