തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വൻ പ്രചാരണത്തിന് സി.പി.എം പദ്ധതിയിടുന്നു. മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും വയനാട്ടിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സി.പി.എമ്മിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പ്രചാരണം നടത്തുന്നതിന് ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ പ്രചാരണം സി.പി.എം നേരിട്ട് ഏറ്റെടുത്തിരുന്നു. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി പി.പി.സുനീറിന് വേണ്ടി ഒരു ലക്ഷം പുതിയ വോട്ടുകൾ ഇത്തവണ നേടണമെന്നാണ് സി.പി.എം തങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ബി.ജെ.പിയുടെ പ്രചാരണത്തിന് പത്തനംതിട്ട, തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സ്‌റ്രാർ പ്രചാരകരെ രംഗത്തിറക്കാനാണ് പാർട്ടി തീരുമാനം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലാകും മോദി കേരളത്തിലെത്തുക. ശബരിമല പ്രക്ഷോഭത്തിലൂടെ ഉണ്ടാക്കിയ ജനസമ്മതി ഇത്തവണ വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇതിനൊപ്പം മോദി അടക്കമുള്ളവരും കൂടി പ്രചാരണത്തിന് ചുക്കാൻ പിടിച്ചാൽ അത്ഭുതം സൃഷ്‌ടിക്കാൻ കഴിയുമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.
എന്നാൽ രാഹുലിന്റെ വരവോടെ ആവേശത്തിലായ കോൺഗ്രസ് ക്യാമ്പ് പാർട്ടി അദ്ധ്യക്ഷന്റെ പത്രിക സമർപ്പണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ന് വൈകുന്നേരത്തോടെ കോഴിക്കോട് എത്തുന്ന രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയോടൊപ്പം നാളെയാണ് പത്രിക സമർപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |