SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.26 AM IST

അന്നത്തെ 'ഒന്നിനും കൊള്ളാത്തവൻ' ക്ളിക്ക്ഡ്

deepu-das

കൊല്ലം: 'ഒന്നിനും കൊള്ളാത്തവൻ' എന്ന പേരുദോഷം ഒരുപാട് കേട്ടിട്ടുണ്ട് സ്കൂൾ പഠനകാലത്ത് ദീപുദാസ്. അതേ ദീപുദാസിന്റെ സേവനം കിട്ടാൻ ഇന്ന് കാത്തിരിക്കുന്നത് ബഹുരാഷ്ട്ര കമ്പനികൾ.

' അറബ് രാജ്യങ്ങളിലെ ക്ലാസിക് ഫുഡ് മാഗസിനുകളിലെ കവർ പേജുകളിലും ചാനൽ ഷോകളിലും ദീപുവും അദ്ദേഹം പകർത്തിയ ചിത്രങ്ങളും നിറയുകയാണ്.

വിഭവങ്ങളെ അണിയിച്ചൊരുക്കി ഫോട്ടോ എടുക്കാനുള്ള കഴിവാണ് ഇന്റർനാഷണൽ ഫുഡ് ഫോട്ടോഗ്രാഫറാക്കിയത്. നേട്ടങ്ങൾക്കു പിന്നിൽ വാശിയുടെ കഥയുണ്ട്.

സ്കൂൾ പരീക്ഷകളിൽ കാര്യമായ മാർക്ക് ലഭിച്ചിരുന്നില്ല. ഫൈൻ ആർട്സ് കോളേജ് പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയിലും തോറ്റു. സ്വകാര്യ ആനിമേഷൻ കമ്പനിയിൽ ജോലി ലഭിച്ചെങ്കിലും ക്ലച്ച് പിടിച്ചില്ല. സുഹൃത്ത് തരപ്പെടുത്തിയ വിസയിൽ അബുദാബിയിലേക്ക് പറന്നു. ചെറിയ പരസ്യക്കമ്പനിയിൽ ജൂനിയർ ആർട്ട് ഡയറക്ടറായി.

2013ൽ ഇറാനിയൻ കമ്പനിയായ ബെഹറൂസ്നിക്കിന്റെ പരസ്യത്തിനായി ചിത്രം എടുക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. ദീപു പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ബ്രോഷർ ഗൾഫ് ഫുഡ് എക്സിബിഷനിൽ ശ്രദ്ധിക്കപ്പെട്ടു. ബയറ ഫുഡ് പ്രോഡക്ട്സ് അടക്കമുള്ള വമ്പൻ കമ്പനികൾ ദീപുവുമായി കരാറൊപ്പിട്ടു. കാമറ വാങ്ങാൻ നിവൃത്തിയില്ലാതിരുന്ന ദീപു ലക്ഷങ്ങൾ വിലയുള്ള കാമറകൾ വാങ്ങി. കുറച്ചു കാലം ജർമ്മനിയിലും പ്രവർത്തിച്ചു. ഇപ്പോൾ ദുബായ് മീഡിയ സിറ്റി കേന്ദ്രീകരിച്ച് പരസ്യക്കമ്പനികൾക്കായി പ്രവർത്തിക്കുന്നു.

കൊല്ലം അഞ്ചൽ ഗുരുഭവനിൽ ശിവദാസൻ - അംബിക ദമ്പതികളുടെ മകനാണ്. ദുബായിൽ സ്വകാര്യ ബാങ്കിൽ സോഫ്റ്റ് വെയർ എൻജിനീറായ ജീനയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥിനി നന്ദിക മകൾ.

ടെസ്റ്റ് ഫോട്ടോഗ്രാഫർ

കാനൻ, പാനസോണിക് കാമറകളുടെ ടെസ്റ്റ് ഫോട്ടോഗ്രാഫറാണിപ്പോൾ. ആമസോണിന്റെ എ പ്ലസ് അപ്രൂവ്ഡ്‌ കണ്ടെന്റ് ക്രിയേറ്ററുമാണ്. യൂബർ ഈറ്റ്സ്, കെ.എഫ്.സി, എം.സി ഡൊണാൾഡ്സ്, ടിഫാനി, ലണ്ടൻ ഡയറി തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ചിത്രങ്ങളും ദീപു പകർത്തിയതാണ്.

സൂത്രവിദ്യകൾ

ഫോട്ടോ എടുക്കുന്നതിന് മുൻപായി വിഭവങ്ങൾ സജ്ജമാക്കും. ലൈറ്റിന്റെ ചൂടിൽ ഐസ്ക്രീം ഉരുകിയൊലിക്കുമെന്നതിനാൽ കൃത്രിമമായി ഐസ്ക്രീം നിർമ്മിക്കും. ആവി പറക്കുന്ന കോഴിക്കാലുകൾക്കായി ഉള്ളിൽ സ്പോഞ്ച് വസ്തുക്കൾ നിറച്ച് സ്റ്റഫ് ചെയ്യും. ചിത്രങ്ങൾ ആകർഷകമാക്കാൻ ഗ്ലിസറിൻ, ജലാറ്റിൻ തുടങ്ങിയവ ഉപയോഗിച്ച് മോടി കൂട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTOGRAPHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA