SignIn
Kerala Kaumudi Online
Wednesday, 25 May 2022 3.40 PM IST

ഒഴിവാക്കാമായിരുന്ന ഊർജ്ജ പ്രതിസന്ധി

coal-crisis

രാജ്യം കടുത്ത വൈദ്യുതിക്ഷാമത്തിലേക്കു നീങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്രം തറപ്പിച്ചു പറയുമ്പോഴും നിജസ്ഥിതി അറിയാനാകാതെ ജനം കുഴങ്ങുന്നു. വൈദ്യുതി ആവശ്യങ്ങളിൽ എഴുപതു ശതമാനവും നിറവേറ്റുന്നത് വിവിധ സംസ്ഥാനങ്ങളിലെ 135 താപനിലയങ്ങളാണ്. കൽക്കരിയാണ് ഇവയുടെ ഉത്‌പാദന സ്രോതസ്. കൽക്കരി നിക്ഷേപത്തിൽ ലോകത്ത് നാലാംസ്ഥാനമുള്ള ഇന്ത്യയ്ക്ക് ക്ഷാമമുണ്ടാകേണ്ട അവസ്ഥയില്ല. എന്നിട്ടും കൽക്കരി സ്റ്റോക്കിന്റെ കുറവുമൂലം നൂറോളം താപനിലയങ്ങൾ കടുത്ത പ്രതിസന്ധിയിലായത് കരുതലില്ലായ്മ കൊണ്ടാണ്. കൽക്കരി ഖനനം പൊതുമേഖലാ കമ്പനിയുടെ നിയന്ത്രണത്തിലായിട്ടും ആവശ്യങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ലോകമൊട്ടാകെ പ്രതിസന്ധി നേരിടുകയാണെന്നു പറഞ്ഞിട്ടു കാര്യമില്ല. ഉൗർജ്ജ ഉത്‌പാദനത്തിലുണ്ടാകുന്ന നേരിയ കുറവുപോലും സമ്പദ് രംഗത്തിന് കനത്ത തിരിച്ചടിയാകും. പ്രതിസന്ധി രൂക്ഷമായതോടെ ചില സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണു റിപ്പോർട്ടുകൾ. സപ്ളൈ നേരെയാവുന്നില്ലെങ്കിൽ ഉത്‌പാദനം നിറുത്തേണ്ടിവരുമെന്നാണ് താപനിലയങ്ങൾ നൽകുന്ന സൂചന. കൽക്കരി പ്രശ്നത്തിലും രാഷ്ട്രീയം കലർത്താനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നുണ്ട്. ക്ഷാമത്തിന്റെ പേരിൽ പവർകട്ടിന്റെ മുറവിളി ഉയർത്തുന്നവർ കാര്യമറിയാതെ കലിതുള്ളുകയാണെന്നാണ് കേന്ദ്ര ഉൗർജ്ജമന്ത്രി ആർ.കെ. സിംഗിന്റെ നിലപാട്. സംഭ്രാന്തി ജനിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്നു പിന്തിരിയാനും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

ഏറ്റുമുട്ടലിന്റെ പാത തുറക്കാതെ സ്റ്റോക്ക് മെച്ചപ്പെടുത്താനുള്ള അടിയന്തര നടപടികളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. നൂറോ ഇരുനൂറോ വർഷമെടുത്താലും തീരാത്ത കൽക്കരി നിക്ഷേപം നമുക്കുണ്ട്. വൻതോതിലുള്ള ഇറക്കുമതിയും നടക്കുന്നുണ്ട്. കൽക്കരിപ്പാടങ്ങൾ സ്വകാര്യ മേഖലയ്ക്ക് അനുവദിച്ചതിലും ഇറക്കുമതിക്ക് അനുവാദം നൽകിയതിനും പിന്നിലെ ഭീമമായ അഴിമതിക്കഥകൾ ഏവർക്കുമറിയാം. ഇപ്പോഴുണ്ടായ പ്രതിസന്ധിയും ക്ഷാമവുമൊക്കെ വഴിവിട്ട ഇടപാടുകൾക്ക് നിമിത്തമാകരുത്. അന്താരാഷ്ട്ര വിപണിയിൽ കൊവിഡിനു ശേഷം കൽക്കരിക്ക് വലിയ തോതിൽ വില കയറിയതാണ് ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ടണ്ണിന് 60 ഡോളർ വിലയുണ്ടായിരുന്ന കൽക്കരിക്ക് ഇപ്പോൾ രണ്ടര ഇരട്ടി നൽകണം. ഇൻഡോനേഷ്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയവയാണ് പ്രധാന കൽക്കരി കയറ്റുമതി രാജ്യങ്ങൾ. കൊവിഡ് കാലത്ത് വൈദ്യുതി ആവശ്യം ഗണ്യമായി കുറഞ്ഞതിനാൽ ഉത്പാദന മേഖലയിലെ പ്രശ്നങ്ങൾ വേണ്ടരീതിയിൽ ശ്രദ്ധിക്കാതെ പോയെന്നുവേണം കരുതാൻ. കൊവിഡ് ഭീതി ഏതാണ്ട് ഒഴിഞ്ഞതോടെ എല്ലാ രംഗങ്ങളിലും ഉണർവുണ്ടായത് വൈദ്യുതി ആവശ്യവും ഉയർത്തി. താപനിലയങ്ങൾ ഈ വർദ്ധിച്ച ആവശ്യങ്ങൾ നേടാൻ പാകത്തിൽ സജീവമായില്ലെന്നതും ഉൗർജ്ജപ്രതിസന്ധിക്കു കാരണമാണ്. താപനിലയങ്ങൾക്കുള്ള കൽക്കരി വിതരണം നാലഞ്ചുദിവസത്തിനുള്ളിൽ സാധാരണ നിലയിലാകുമെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഉത്‌പാദനത്തിൽ ഭംഗം വരാത്തവിധം സ്ഥിതി മെച്ചപ്പെടുമെന്ന് ആശിക്കാം.

ആഗോളതാപന നിയന്ത്രണത്തിൽ പ്രാധാന്യമേറുന്തോറും താപനിലയങ്ങളുടെ ഭാവി സംശയനിഴലിലാണ്. താപനിലയങ്ങളുടെ മേലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് രാജ്യങ്ങൾ. കൽക്കരി പ്രതിസന്ധി ചൈനയെയും അതിരൂക്ഷമായി ബാധിച്ചതിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരാഴ്ചയോളം ചൈനയുടെ പല ഭാഗങ്ങളും ഇരുട്ടിലായിരുന്നു.

താപവൈദ്യുതി നിലയങ്ങളിലെ ഉത്‌പാദനം കുറഞ്ഞാൽ, ആവശ്യത്തിന്റെ പകുതിയിലേറെയും പുറത്തുനിന്നുള്ള വൈദ്യുതികൊണ്ടു നിർവഹിക്കുന്ന കേരളത്തിന് പ്രത്യാഘാതം നേരിടേണ്ടിവരും. ലോഡ്‌ഷെഡിംഗും പവർകട്ടുമൊക്കെ അന്യമല്ലാത്തതിനാൽ ഏതു പ്രതിസന്ധിയും സംയമനത്തോടെ നേരിടാം. അതിന് ഇടവരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COAL SHORTAGE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.