പഴയങ്ങാടി(കണ്ണൂർ): കെ.ടി. ജലീൽ എം.എൽ.എയെ വധിക്കുമെന്ന് വാട്സാപ്പിലൂടെ ഭീഷണി മുഴക്കിയ ആളെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടൂൽ സൗത്തിലെ കെ.എൻ.അബൂബക്കറിനെയാണ് (63) അറസ്റ്റ് ചെയ്തത്. മുസ്ലിംലീഗ് സംസ്ഥാന വൈസ്‌പ്രസിഡന്റ് വി.കെ. അബ്ദുൽഖാദർ മൗലവിയുടെ മരണത്തിന് പിന്നാലെ ജലീൽ നടത്തിയ പ്രസ്താവനയിൽ പ്രകോപിതനായാണ് സന്ദേശം അയച്ചതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാട്സാപ്പ് സന്ദേശം കിട്ടിയതിന് പിന്നാലെ കെ.ടി. ജലീൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.