SignIn
Kerala Kaumudi Online
Monday, 16 May 2022 11.03 AM IST

വികസനത്തിനും പരിസ്ഥിതിക്കുമിടയിലെ പങ്കപ്പാടുകൾ

cartoon

"ഒരു ഭാഗത്ത് കടൽ, ഒരു ഭാഗത്ത് മല, ഇതിന് നടുക്ക് കുറച്ച് സ്ഥലം, അതിലാണെങ്കിൽ 44 നദികളും"- കേരളമെന്ന ഏടാകൂടത്തിൽ വികസനം നടത്തിയെടുക്കാനുള്ള പെടാപ്പാട് മുഖ്യമന്ത്രി പിണറായി വിജയൻ വിവരിച്ചു. കിഴക്കുഭാഗത്ത് വനനിയമവും ഇടഭാഗത്ത് നെൽവയൽ സംരക്ഷണനിയമവും തീരത്ത് തീരപരിപാലന നിയമവുമുള്ള കേരളത്തെ അപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കണ്ടു. മർമ്മം മാത്രം കാണുന്ന മർമ്മാണിയുടെ ദൈന്യാവസ്ഥയിലായതിനാൽ അദ്ദേഹം സുസ്ഥിരവികസനമാണ് സ്വപ്നം കാണുന്നത്. പക്ഷേ വികസന വിരോധിയാകാതിരിക്കാനുള്ള കരുതലെന്നോണം പരിസ്ഥിതി തീവ്രവാദമില്ലെന്ന ഉടൻ ജാമ്യമെടുക്കലിനും അദ്ദേഹം തയാറായി.

പുതിയ തീരമേഖലാ നിയന്ത്രണ വിജ്ഞാപനപ്രകാരമുള്ള പദ്ധതിരേഖ തയാറാക്കി കേന്ദ്രത്തിന് നൽകാത്തതിനാലുള്ള തീരവാസികളുടെ ദുരിതാവസ്ഥ അടിയന്തരപ്രമേയ നോട്ടീസായെത്തിയപ്പോഴാണ് പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടിവരുന്ന ഭരണ-പ്രതിപക്ഷങ്ങളുടെ 'പങ്കപ്പാട് ' സഭയിൽ ഇപ്രകാരം ഉയർന്നുകേട്ടത്.

തീരവിജ്ഞാപനത്തിന്മേൽ സർക്കാരിന്റെ പോക്ക് ഒച്ചിഴയുന്ന വേഗത്തിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകി സംസാരിച്ച കെ. ബാബു (തൃപ്പൂണിത്തുറ) കുറ്റപ്പെടുത്തി. ബാബു സർക്കാരിനെ കുറ്റപ്പെടുത്തിയത് പഴയ കാര്യങ്ങൾ വേട്ടയാടുന്നതിനാലാണെന്നാണ് മുഖ്യമന്ത്രിയുടെ കുത്ത്. 2019 ജൂണിലിറങ്ങിയ വിജ്ഞാപനത്തിന്മേൽ കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ റിപ്പോർട്ട് കിട്ടിയയുടനേ വിദഗ്ദ്ധസമിതിയെ വച്ച സർക്കാരിന്റെ 'സ്പീഡ് ' അദ്ദേഹം വിവരിച്ചു. 2011ലെ വിജ്ഞാപനത്തിന്മേൽ ബാബു മന്ത്രിയായിരുന്ന സർക്കാർ അഞ്ച് കൊല്ലവും ഒരു പ്ലാനും കൊടുത്തില്ലെന്നദ്ദേഹം പറഞ്ഞു: "അതുപോലെയാകും ഈ സർക്കാരെന്ന് കരുതരുത്, അത് നമ്മുടെ ദേഹത്തിന് പറ്റിയതല്ല, നിങ്ങൾ തന്നെ അണിഞ്ഞോളണം".

മുഖ്യമന്ത്രിയെ തിരിച്ചുകുത്തിയത് പ്രതിപക്ഷനേതാവാണ്. 2011ലെ തീരപരിപാലന വിജ്ഞാപനത്തിന് മറ്റ് സംസ്ഥാനങ്ങളെ പോലെ ഉമ്മൻചാണ്ടി സർക്കാരും മറുപടി കൊടുത്തപ്പോൾ ഇറങ്ങിയതാണ് 2019ലെ വിജ്ഞാപനമെന്ന് അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനകം പ്ലാനുണ്ടാക്കി കേന്ദ്രത്തിന്റെ അനുമതി നേടിയെടുത്താലേ അതിലെ ഇളവുകൾ അനുവദിച്ചുകിട്ടൂ. 2019ലെ വിജ്ഞാപനത്തിനെങ്ങനെ 2011ൽ പ്ലാൻ കൊടുക്കും സാർ എന്നാണദ്ദേഹത്തിന്റെ ചോദ്യം.

പരിസ്ഥിതിശോഷണവും നദികളുടെ ദൈന്യാവസ്ഥയുമൊക്കെ പ്രതിപക്ഷനേതാവ് വിവരിച്ചെങ്കിലും പുതിയ തീരമേഖലാ വിജ്ഞാപനത്തിലെ ഇളവുകൾ തീരപരിസ്ഥിതിയിലുളവാക്കുന്ന ആശങ്കകളെപ്പറ്റിയൊന്നും പറഞ്ഞില്ല. ആരുമൊന്നും ചോദിച്ചതുമില്ല. തന്ത്രപരമായ മൗനങ്ങളിതൊക്കെയാണ് !

തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയുടെ കിഫ്ബി വികസനം മൂന്ന് വർഷമായി ഇഴയുന്നതിന് കാരണക്കാർ സർക്കാരിന് ഓഹരിപങ്കാളിത്തമുള്ള ഇൻകെൽ ആണെന്ന് കണ്ടെത്തിയത് കടകംപള്ളി സുരേന്ദ്രനാണ്. വിരമിച്ച ഐ.എ.എസുകാരുടെ ലാവണമായി ഇൻകെലിനെ മുദ്രകുത്താനദ്ദേഹമൊട്ടും അമാന്തിച്ചില്ല. മന്ത്രി പി.രാജീവ് മുൻകാല പ്രാബല്യത്തോടെ കടകംപള്ളിയെ തള്ളിപ്പറഞ്ഞ് 'അത്യാഹിത'മൊഴിവാക്കി.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധിയേർപ്പെടുത്തുന്നതടക്കം നാല് ബില്ലുകൾ പാസായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷനും സുരക്ഷയുമുറപ്പാക്കുന്ന ആദ്യസംസ്ഥാനം കേരളമായതിൽ മന്ത്രി എം.വി. ഗോവിന്ദൻ അഭിമാനിച്ചു. തൊഴിലുറപ്പ് പദ്ധതി ഒന്നാം യു.പി.എ സർക്കാരിന്റെ കുഞ്ഞായതിനാൽ അതിന്റെ കുഞ്ഞായ ഈ ക്ഷേമനിധി ബിൽ കോൺഗ്രസിന്റെ പേരക്കുട്ടിയാണെന്ന് റോജി എം.ജോൺ അവകാശപ്പെട്ടു. ചെറുപ്പക്കാരനെങ്കിലും ബില്ലിനോട് മുത്തച്ഛന്റെ വാത്സല്യം കാട്ടിയ റോജിയിൽ സ്പീക്കർക്കും മതിപ്പുണ്ടായി. പക്ഷേ, പ്രസംഗിക്കുമ്പോൾ മാസ്ക് താഴ്ത്തരുതെന്ന് ഉപദേശിച്ചു.

ബിൽ ചർച്ചയ്ക്കേർപ്പെടുത്തിയ 15 മിനിറ്റ് സമയനിയന്ത്രണം സ്പീക്കറിന്നലെ കർക്കശമാക്കി. പി. ഉബൈദുള്ള അതോർക്കാതെ പലരുടെയും സംശയങ്ങൾക്ക് വഴങ്ങിക്കൊടുത്തു. അധികാരവികേന്ദ്രീകരണം കൊണ്ടുവന്നതാരെന്ന തർക്കത്തിലാണ് പലരുടെയും ഇടപെടൽ. 'അത് അങ്ങയുടെ ശ്രദ്ധയിലുണ്ടോ', 'ഇത് അങ്ങയുടെ ശ്രദ്ധയിലുണ്ടോ' എന്ന മട്ടിൽ ചോദ്യങ്ങളുടെ കൂമ്പാരമായി. 'ഈ വഴങ്ങിയ സമയമെല്ലാം അങ്ങയുടെ സമയത്തിൽ നിന്ന് കുറയുമെന്നത് അങ്ങയുടെ ശ്രദ്ധയിലുണ്ടോ' എന്ന് സ്പീക്കർക്കും ഇത് കണ്ടപ്പോൾ ചോദിക്കാതിരിക്കാനായില്ല. അത് മാത്രം ശ്രദ്ധയിലില്ലെന്ന് ഉബൈദുള്ളയ്ക്ക് പറയാതിരിക്കാനുമായില്ല !

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.