SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.00 AM IST

അന്താരാ‌ഷ്ട്ര കളിക്കളങ്ങൾ ഗ്രാമങ്ങളിലേക്കും

ball-

സമ്പന്നരും നഗരവാസികളും ആർഭാടത്തോടെയും ആഘോഷത്തോടെയും കളിയാരവം മുഴക്കുന്ന ടർഫ് കോർട്ടുകൾ കുഗ്രാമങ്ങളിലേക്കും എത്താൻ തുടങ്ങിയിരിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മുപ്പത് മുതൽ അമ്പത് ലക്ഷം വരെ ചെലവുള്ള ഇത്തരം കോർട്ടുകൾ സർക്കാർ സഹായത്തോടെ ചിലയിടങ്ങളിൽ നിർമ്മിക്കുമ്പോൾ തന്നെ ജനകീയ കൂട്ടായ്മയിലും അത് പിറവിയെടുക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് പീച്ചി ഡാമിനടുത്തുളള ഉൾഗ്രാമമായ പട്ടിലുംകുഴി കാണിച്ചുതരുന്നത്. ടർഫിലെ കാൽപ്പന്താരവം പട്ടിലുംകുഴിയെന്ന ഉൾഗ്രാമത്തിന് സ്വന്തമാകാൻ അധികം ദിവസങ്ങൾ വേണ്ട.

കൊവിഡിൽ നിരാശരും കായികവിനോദങ്ങളിൽ ഏർപ്പെടാതെ ദു:ഖിതരുമായ ചെറുപ്പക്കാരാണ് പട്ടിലുംകുഴിയിൽ ആവേശം തീർക്കുന്നത്. ടർഫ് ഫുട്ബാൾ ഗ്രൗണ്ടിനായി അവരോടൊപ്പം നാടൊന്നായി രംഗത്തിറങ്ങുകയായിരുന്നു. നൂറോളം ചെറുപ്പക്കാർക്കൊപ്പം മുതിർന്നവരും ചേർന്നപ്പോൾ ടർഫ് കോർട്ട് യാഥാർത്ഥ്യമായി. കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഗ്രാമത്തിന് ടർഫ് കോർട്ടിന്റെ ചെലവ് താങ്ങാനാവില്ലായിരുന്നു. കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും ചേർന്ന് ക്ലബ്ബ് രൂപീകരിച്ചായിരുന്നു തുടക്കമിട്ടത്. നാട്ടുകാരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും പണം ശേഖരിച്ചു. സമ്മാനകൂപ്പൺ വഴിയും തുക സ്വരൂപിച്ചു. അങ്ങനെ സ്ഥലം വാങ്ങി. സ്ഥലത്ത് കോൺക്രീറ്റ് ഭിത്തികെട്ടി, വലവിരിച്ചു. ഇനി ടർഫ് കൂടി വിരിക്കേണ്ട പണി മാത്രമേയുളളൂ. സ്‌പോർട്‌സ് പ്രേമികളുടെ സഹായത്തോടെ അതും പൂർത്തീകരിക്കാനാകുമെന്ന പ്രത്യാശയിലാണ് ഭാരവാഹികൾ. പട്ടിലുംകുഴിയിലും പരിസരഗ്രാമങ്ങളിലും ഉളളവർക്ക് ഇനി ഇവിടെ സൗജന്യമായി കളിക്കാം. അഡ്വ. ഷാജി കോടങ്കണ്ടത്ത്, മുൻ ഡെപ്യൂട്ടി കളക്ടർ കെ. ഗംഗാധരൻ, യാക്കോബ് പയ്യപ്പിള്ളി എന്നിവർ രക്ഷാധികാരികളായാണ് ക്‌ളബ് രൂപീകരിച്ചത്.

ഏതാനും വർഷമായി കേരളത്തിലെ കായികമേഖലയ്ക്ക് കുതിപ്പാവുകയാണ് ഫുട്‌ബാൾ ടർഫുകൾ. നിരവധി സ്ഥലങ്ങളിൽ കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളിൽ നിരവധി ടർഫുകളാണ് ഉയർന്നത്. ജോലി കഴിഞ്ഞെത്തി കൂട്ടുകാർക്കൊപ്പം ഇവിടെയെത്തി പുലരുവോളം ഫുട്ബാൾ തട്ടുന്നത് ശീലമാക്കിയവർ ഏറെയാണ്. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും രാത്രിയിലും ഫ്ളഡ് ലൈറ്റിന്റെയൊക്കെ സാന്നിദ്ധ്യത്തിൽ സെവൻസ് മൈതാനങ്ങൾ വരെ സജ്ജമാണ്. കൊവിഡ് ഇടക്കാലത്ത് ഇവയുടെ പ്രൗഢി കുറച്ചെങ്കിലും ഇളവുകളെത്തിയതോടെ പലതും സജീവമായിത്തുടങ്ങി. പലരും ഇത് വരുമാന മാർഗമായും കാണുന്നുണ്ട്. ഗൾഫിലെ ജോലി വരെ കളഞ്ഞ് നാട്ടിലെത്തി പ്രതീക്ഷകളോടെ ടർഫ് മൈതാനം പണിതവരുണ്ട്. ഈ മൈതാനങ്ങളിൽ ഒരു മണിക്കൂർ കളിക്കാൻ ഒരു ടീം നൽകേണ്ട ഫീസ് ഓരോ ടീമിലെയും കളിക്കാർ പങ്കുവയ്ക്കുന്നതിനാൽ വലിയ ഭാരവും ഉണ്ടാകില്ല.

പട്ടിലുംകുഴിയിൽ ടർഫിന്റെ നിർമ്മാണച്ചെലവ് ഏകദേശം മുപ്പത് ലക്ഷം രൂപയാണ്. 31 മീറ്റർ നീളവും 20 മീറ്റർ വീതിയുമുളള ടർഫിൻ്റെ 80 ശതമാനം നിർമ്മാണവും പൂർത്തിയായത് ഈ കൊവിഡ് വ്യാപനകാലത്തിലായിരുന്നുവെന്നതാണ് സവിശേഷത.

  • നാടൊന്നിച്ചാൽ...

പട്ടിലുംകുഴിയുടെ ഇച്ഛാശക്തി പ്രദേശത്തെ പാലത്തിന്റെയും തടയണയുടെയും കാര്യത്തിൽ ദൃശ്യമായതാണ്. നിയമപോരാട്ടം വഴിയാണ് 8 കോടിയുടെ പാലവും തടയണയും ഗ്രാമവാസികൾ നാട്ടിലെത്തിച്ചത്. അധികം ചെലവില്ലാതെ സാധാരണക്കാർക്ക് പോലും ടർഫ് ഗ്രൗണ്ടിൽ ഫുട്‌ബാൾ കളിക്കാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും ആഗ്രഹം സഫലീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് നാട്ടുകാർക്കുളളതെന്നും നേതൃത്വം നൽകിയ അഡ്വ. ഷാജി കോടങ്കണ്ടത്ത് പറയുന്നു.

പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കളംനിറഞ്ഞ് കളിക്കാൻ നിരവധി ടർഫ് മൈതാനങ്ങളാണ് നഗരങ്ങളിലുളളത്. നടത്തിപ്പുകാർക്കും സ്ഥലമുടമകൾക്കും നല്ല വരുമാനം കിട്ടുന്ന ഇടങ്ങളായി അവ മാറിയെന്നതാണ് ഇതിന് ഒരു കാരണം. ദിവസം ആറുമണിക്കൂർ കളി നടന്നാൽ പ്രതിമാസം രണ്ടുലക്ഷത്തിലധികം രൂപ വരെ വരുമാനം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. മികച്ച രീതിയിലാണെങ്കിൽ രണ്ട് വർഷം കൊണ്ട് മുടക്കിയ തുക തിരിച്ചു പിടിക്കാം. നടത്തിപ്പുകാർ പാട്ടത്തിനും മാസവാടകയ്ക്കും ഏറ്റെടുത്തതോടെ ആദായമില്ലാതെ കിടന്നിരുന്ന പ്രദേശങ്ങൾ ഇപ്പോൾ സ്ഥലമുടമകൾക്ക് പതിനായിരങ്ങൾ മാസവരുമാനം നേടിക്കൊടുക്കുന്ന സ്ഥലങ്ങളായും മാറി.

വരുമാനം തരുന്ന ബിസിനസ്

കായികവളർച്ചയ്ക്കും ഫുട്ബോളിന്റെ പുരോഗതിയ്ക്കും സഹായകമാകുന്നതിന് പുറമേ വരുമാനം ലഭിക്കുന്ന ബിസിനസായും ടർഫ് മൈതാനങ്ങളെ കണ്ടു തുടങ്ങി. ആധുനിക സംരംഭകർ മുതൽ പ്രവാസികൾ വരെയുള്ളവരാണ് ടർഫ് മൈതാനങ്ങളുടെ നടത്തിപ്പുകാർ. ഒറ്റയ്ക്കും ഒന്നിലധികം പേർ പങ്കാളികളായും വ്യവസായഗ്രൂപ്പുകളുടെ നേതൃത്വത്തിലും മൈതാനങ്ങൾ നിർമിക്കുന്നുണ്ട്. ഫൈവ്‌സ് ഗ്രൗണ്ടുകളായും സെവൻസ് ഗ്രൗണ്ടായും രൂപപ്പെടുത്തിയവയുമുണ്ട്.

ഫ്‌ളഡ് ലിറ്റിന്റെ പ്രഭയിൽ രാത്രി കളിക്കാനാണ് ആളുകളേറെ ഇഷ്ടപ്പെടുന്നത്. രാത്രി കൂടുതൽ ഗ്രൗണ്ട് വാടക ഈടാക്കുന്നുമുണ്ട് പലരും.

ക്ലബ്ബുകൾക്കായി പല മൈതാനങ്ങളിലും പ്രത്യേക ഓഫറുകളുമുണ്ടാകും. എ.സി. ഡ്രസ്സിംഗ് റൂമുകൾ, ഷവർറൂം, എൽ.ഇ.ഡി. സ്‌ക്രീൻ, ഗാലറി, തുടങ്ങിയ വിവിധ സൗകര്യങ്ങളുള്ള കളിയിടങ്ങളുമുണ്ട്. അതിനനുസരിച്ച് ഫീസും കൂടും. കൃത്രിമപ്പുല്ലുകൊണ്ടുണ്ടാക്കിയ ടർഫിന് ചെലവ് കൂടുന്നതിനാലാണ് ഫീസും കൂടുന്നത്. പക്ഷേ, അപ്രതീക്ഷിതമായി കൊവിഡ് വ്യാപനമുണ്ടായത് എല്ലാ മേഖലയേയും പോലെ ടർഫ് മൈതാനങ്ങളേയും ബാധിച്ചു. ലോണെടുത്ത് ടർഫ് പണിതവർ ദുരിതത്തിലായി. ഇപ്പോൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുകയാണ് ആ മൈതാനങ്ങൾ.

എന്തായാലും കൊവിഡാനന്തര കേരളത്തിന്റെ കായികമേഖലയുടെ കുതിപ്പിനും പുതിയ താരോദയങ്ങൾക്കും ഇത്തരം ടർഫുകൾ വഴിയൊരുക്കും. ഗ്രാമങ്ങളിൽ നിന്നുളള കൊച്ചുമിടുക്കൻമാർക്കും പട്ടിലുംകുഴിയിലേതു പോലുളള കൂട്ടായ്മകൾ താങ്ങും തണലുമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.