SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.48 PM IST

പാർക്കിംഗ് പ്രശ്നം തന്നെ

parking

നഗരത്തിൽ നോ പാർക്കിംഗ് ബോർഡ് വയ്ക്കാൻ ഉദ്യോഗസ്ഥർക്ക് വലിയ താത്‌പര്യമാണ്. ഇത് ലംഘിച്ച് പാർക്ക് ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കുകയും ചെയ്യും. ഒരു സുപ്രഭാതത്തിലായിരിക്കും നോ പാർക്കിംഗ് ബോർഡ് വരിക. ഇതറിയാതെ പാർക്ക് ചെയ്ത് പലർക്കും പണം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പാർക്കിംഗ് ലംഘിച്ചതിന്റെ പേരിൽ പിരിച്ച പണത്തിന്റെ പകുതിയെങ്കിലും ആ പ്രശ്നം പരിഹരിക്കാൻവേണ്ടി ചെലവഴിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് വള‌രെ ഉപകാരപ്പെടുമായിരുന്നു.

രണ്ട് ദിനം മുമ്പാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് നിറുത്തിയിട്ടിരുന്ന 19 കാറുകളുടെ ചില്ലുകൾ ലഹരിക്ക് അടിമയായ 18കാരൻ അടിച്ചുതകർത്ത സംഭവമുണ്ടായത്. ആവശ്യത്തിന് സെക്യൂരിറ്റിയോ കാമറകളോ ഇത്തരം സ്ഥലങ്ങളിൽ ഉണ്ടാകാറില്ല. ഇതൊക്കെ നിഷ്‌കർഷിക്കേണ്ട ഉദ്യോഗസ്ഥർ അതൊന്നും ഉറപ്പാക്കാൻ യാതൊരു നടപടിയും എടുക്കാറുമില്ല. ചിലയിടങ്ങളിൽ തോന്നിയ പോലെയാണ് ഫീസ് വാങ്ങുന്നത്. അതിന്റെ പേരിലും വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പണം വാങ്ങിയാണ് പാർക്ക് ചെയ്യാൻ അനുവദിക്കുന്നതെങ്കിലും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന മട്ടിലാണ് അവിടെയുള്ള കരാർ തൊഴിലാളികളുടെ പെരുമാറ്റം. ആവശ്യത്തിന് പാർക്കിംഗ് സ്ഥലം പ്രദാനം ചെയ്യേണ്ടത് നഗരസഭയുടെയും സർക്കാരിന്റെയും മറ്റും ഉത്തരവാദിത്വമാണ്. എന്നാൽ വാഹനപെരുപ്പത്തിന് അനുസൃതമായി നോ പാർക്കിംഗ് ബോർഡുകളുടെ എണ്ണം കൂട്ടുന്നതിൽ മാത്രമാണ് അധികാരികൾ താത്‌പര്യം കാണിച്ചിട്ടുള്ളത്.

തിരുവനന്തപുരം നഗരസഭ പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് 6.71 കോടി ചെലവിട്ട് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം പണിതത്. ഏഴുനിലകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാം. സെക്രട്ടേറിയറ്റിലും നിയമസഭാ കോംപ്ളക്സിലും എന്തിന് പബ്ളിക് ഓഫീസുകളിൽ വരുന്നവർക്ക് പോലും വാഹനം ഇവിടെ പാർക്ക് ചെയ്തിട്ട് ഓട്ടോയിലോ നടന്നോ പോകാവുന്നതേയുള്ളൂ. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രിയാണ് പാർക്കിംഗ് സെന്റർ ഉദ്ഘാടനം ചെയ്തത്.

നാളിതുവരെ ഒരു വണ്ടിപോലും ഇവിടെ പാർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഇവിടത്തെ ഉദ്യോഗസ്ഥരുടെ വണ്ടി താഴെയുള്ള സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്നു. ഫയറിന്റെ എൻ.ഒ.സി കിട്ടാത്തതുകൊണ്ടാണ് തുറക്കാത്തത് എന്നാണ് ഏഴ് മാസം മുമ്പ് വരെ കാരണം പറഞ്ഞിരുന്നത്. ഇപ്പോൾ പറയുന്നു താത്‌കാലിക വൈദ്യുതി കണക്‌ഷനിലാണ് പ്രവർത്തിച്ചതെന്നും സ്ഥിരമായ കണക്‌‌ഷൻ കിട്ടിയിട്ടില്ല എന്നും. എല്ലാ നിലകളുടെയും ടെസ്റ്റിംഗ് നിർമ്മാണക്കമ്പനി പൂർത്തിയാക്കാത്തതാണ് പ്രവർത്തനം തുടങ്ങാൻ വൈകുന്നതിന്റെ കാരണമെന്നാണ് അറിയുന്നത്. നികുതിദായകന്റെ പണമല്ലേ. പാഴായാൽ ആർക്ക് ചേതം. ഈ നിലയിലുള്ള സമീപനമാണ് ഇത് ഇങ്ങനെ കിടക്കുന്നതിന്റെ പ്രധാന കാരണം. ബി.ജെ.പി പ്രവർത്തകർ തുറക്കാത്ത പാർക്കിംഗ് കേന്ദ്രത്തിന്റെ മുന്നിൽ റീത്ത് വച്ച് പ്രതിഷേധസമരം നടത്തുകയും ചെയ്തു. വാഹനങ്ങളുടെ വിലയും പെരുപ്പവും ദിനംപ്രതി കൂടിവരികയാണ്. അമേരിക്കയിൽ എല്ലാ വീട്ടിലും കാറുണ്ടെന്ന് കേട്ട് പത്ത് മുപ്പത് വർഷം മുമ്പ് അത്ഭുതം കൂറിയ ശരാശരി മലയാളിയുടെ വീട്ടിൽ ഇന്ന് ഒന്നിലധികം കാറുകളുണ്ട്. അതിനാൽ പ്രത്യേക പരിഗണന നൽകി നഗരങ്ങളിലെ പ്രശ്നം തീർക്കാൻ നഗരസഭകളും സർക്കാരും പ്രത്യേക ആസൂത്രണം സമയബന്ധിതമായി നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARKING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.