SignIn
Kerala Kaumudi Online
Thursday, 10 July 2025 12.10 PM IST

പുതിയ കാലം പുതിയ സിനിമ

Increase Font Size Decrease Font Size Print Page

photo

അവതരണത്തിലെ പുതുമയും, ശ്രദ്ധേയമായ പ്രമേയവും കൊണ്ട് വേറിട്ടുനിന്ന ചലച്ചിത്രങ്ങൾക്കും, അവയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരന്മാർക്കുമാണ് ഭൂരിപക്ഷം അവാർഡുകളും ലഭിച്ചതെന്നതാണ് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതിയ കാലത്തിനനുസരിച്ച് സിനിമയുടെ ഭാവുകത്വത്തെ പുനർനിർവചിച്ച മലയാളസിനിമയിലെ ചലച്ചിത്രപ്രവർത്തകർക്കെല്ലാം അവകാശപ്പെട്ടതാണ് ഈ അംഗീകാരങ്ങൾ. അവാർഡുകൾ ലഭിച്ചവരോടൊപ്പം അവസാനനിമിഷം വരെ പരിഗണിക്കപ്പെട്ടവരും മികവ് കണ്ടെത്തുന്നതിൽ സ്വതന്ത്രമായ സമീപനം സ്വീകരിച്ച പ്രശസ്തനടിയും സംവിധായികയുമായ സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അവാർഡ് ജൂറിയും പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. പൊതുവെ ഉണ്ടാകാറുള്ള വിവാദങ്ങൾ ഇക്കുറി മാറിനിന്നുവെന്നതും അവാർഡുകളുടെ സ്വീകാര്യതയാണ് പ്രകടമാക്കുന്നത്.

താരങ്ങളെയല്ല അവർ അവതരിപ്പിച്ച കഥാപാത്രങ്ങളും അവയുടെ പ്രസക്തിയുമാണ് ജൂറി പരിഗണിച്ചതെന്ന് അവാർഡ് പ്രഖ്യാപനവേളയിൽ സുഹാസിനി പറയുകയുണ്ടായി. പ്രമേയം ശക്തമാകുമ്പോഴും നൂതനമായ അവതരണമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങളുടെ രസതന്ത്രം. തങ്ങൾക്കറിയാവുന്ന കഥാപരിസരത്തുനിന്നുണ്ടാകുന്ന ചിത്രങ്ങളാണെങ്കിൽപ്പോലും അതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രേക്ഷകർ അതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കും.

മലയാളസിനിമയുടെ എല്ലാ രംഗത്തും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സർഗാത്മകയുവത്വത്തിന്റെ സജീവത സിനിമയുടെ ദിശയെത്തന്നെ മാറ്റിമറിക്കുന്നതാണ്. ജൂറിയുടെ മുമ്പാകെ എത്തിയ 80 ചിത്രങ്ങളിൽ 38 എണ്ണവും നവാഗത സംവിധായകരുടേതായിരുന്നു. ഒ.ടി.ടി പ്ളാറ്റ് ഫോം എന്ന സംവിധാനം, വൻബജറ്റിനു പിറകെ പോകാതെ സിനിമയെടുക്കാൻ വഴിയൊരുക്കി. ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യത കൂടിയായപ്പോൾ ഒട്ടേറെപ്പേർ ഈ രംഗത്തേക്ക് കടന്നുവന്നു. ഈ അവസരങ്ങളെയെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയ യുവതലമുറയുടെ കലാസൃഷ്ടികളെ ആദരിക്കുന്നതുകൂടിയാണ് ഈ വർഷത്തെ അവാർഡുകൾ.

പുരുഷമേധാവിത്വത്തിന്റെ നിശബ്ദവും നിർദ്ദയവുമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ നിത്യജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്മവും ശക്തവുമായി അവതരിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് ഏറ്റവും മികച്ചചിത്രം. സംവിധായകൻ ജിയോബേബി മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡും കരസ്ഥമാക്കി. ഒ.ടി.ടി പ്ളാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ടപ്പോൾത്തന്നെ ഈ ചിത്രം ദേശീയതലത്തിൽ ചർച്ചയായിരുന്നു.

നടനും സംവിധായകനുമായ സിദ്ധാർത്ഥ ശിവ ' എന്നിവർ ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി. ജീവിതത്തിലെ നിർണായകമായ ഒരു പരീക്ഷണഘട്ടത്തെ നേരിടേണ്ടിവരുന്ന ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‌‌പഭദ്രമായും അയത്ന ലളിതമായും സംവിധായകൻ ആവിഷ്ക്കരിച്ചുവെന്നാണ് സിദ്ധാർത്ഥ ശിവയെക്കുറിച്ച് ജൂറി വിലയിരുത്തിയത്.

കടുത്ത മത്സരത്തിനൊടുവിൽ വെള്ളം എന്ന ചിത്രത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജയസൂര്യയും കപ്പേളയിലൂടെ മികച്ച നടിക്കുള്ള അവാർഡ് നേടിയ അന്നാബെന്നും പ്രത്യേക പ്രശംസയർഹിക്കുന്നു. മികച്ച സ്വഭാവനടനായി സുധീഷും സ്വഭാവനടിയായി ശ്രീരേഖയും അഭിനയത്തിന് പ്രത്യേക ജൂറി അവാർഡിലൂടെ സിജിപ്രദീപും അംഗീകരിക്കപ്പെട്ടത് അവാർഡിന്റെ മാറ്റുകൂട്ടുന്നു. വസ്ത്രാലങ്കാരത്തിന് നളിനി ജമീലയ്ക്ക് നൽകിയ അവാർഡ് സ്ത്രീപക്ഷ സിനിമകൾക്കുള്ള ആദരവായിക്കാണാം.

മികച്ച സംഗീത സംവിധായകനും പശ്ചാത്തലസംഗീതത്തിനുമുള്ള അവാർഡുകളിലൂടെ ഇരട്ട അംഗീകാരം നേടിയ എം.ജയചന്ദ്രൻ ചലച്ചിത്രസംഗീതശാഖയെ എന്നും സമ്പന്നമാക്കുന്ന സംഗീതജ്ഞനാണ്.

അയ്യപ്പനും കോശിയും ജനപ്രീതി നേടിയ ചിത്രമായി തിരഞ്ഞെടുത്തതിലൂടെ അനുഗൃഹീതകലാകാരനായ സച്ചിക്ക് ലഭിക്കുന്ന മരണാനന്തര ബഹുമതി ആ വേർപാടിന്റെ നഷ്ടത്തെയും ഓർമ്മപ്പെടുത്തുന്നു. ഓരോ പേരുകളും എടുത്തുപറയുന്നില്ലെങ്കിലും എല്ലാ അവാർഡ് ജേതാക്കളേയും ഞങ്ങൾ അഭിനന്ദനം അറിയിക്കുന്നു.

TAGS: STATE FILM AWARDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.