SignIn
Kerala Kaumudi Online
Thursday, 10 July 2025 12.03 PM IST

ഓൺലൈനിൽ മങ്ങിയ കാഴ്ചകൾ

Increase Font Size Decrease Font Size Print Page

nethra

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നതുപോലെ കാഴ്ച കുറയുമ്പോഴാണ് കണ്ണിന്റെ വില നമ്മൾ തിരിച്ചറിയുന്നതെന്നു കൂടി പറയണം. കാരണം ഒന്നരവർഷത്തിലേറെക്കാലം ഓൺലൈനിൽ പഠനം തുടരുന്ന കുട്ടികൾ നേരിടുന്ന കാഴ്ചവൈകല്യങ്ങൾ നിസാരമല്ല. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ കണക്കെടുത്താൽ അത് വ്യക്തമാകും. ഭാരതീയ ചികിത്സാ വകുപ്പ് തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിൽ നടപ്പിലാക്കുന്ന ചികിത്സ തേടിയെത്തിയതു തന്നെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസവും മൊബൈലിന്റെയും ടാബിന്റെയും ലാപ്ടോപ്പിന്റേയും അമിതോപയോഗവുമാണ് കുട്ടികളിലെ കാഴ്ചക്കുറവും നേത്രരോഗങ്ങളും കൂടാനിടയാക്കിയതെന്ന് പകൽപോലെ വ്യക്തം. 'കുട്ടികളുടെ കാഴ്ചക്കുറവിന് ആയുർവേദ പരിഹാരം' എന്ന സന്ദേശമുയർത്തിയാണ് സംസ്ഥാനത്ത് ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങൾ വഴി മികച്ച നേത്രചികിത്സാ സൗകര്യം ഒരുക്കിയത്. എല്ലാ ജില്ലകളിലും നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാർ പ്രവർത്തിച്ചിരുന്നു. ക്യാമ്പുകൾ നടത്തി അന്ധതയ്ക്ക് സാദ്ധ്യതയുള്ളവരെ മുൻകൂട്ടി കണ്ടുപിടിക്കുന്ന പദ്ധതിയും നാഷണൽ ആയുഷ് മിഷൻ തൃശൂർ, ഇടുക്കി, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടപ്പാക്കുന്നുണ്ട്. പ്രമേഹം, അന്ധത, ഗ്ലൂക്കോമ എന്നിവ മുൻകൂട്ടി കണ്ടുപിടിക്കുന്നതിൽ ഈ പദ്ധതിക്ക് ഏറെ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ഈ കൊവിഡ് കാലത്ത് ആയുർവേദം നിരവധി പേരുടെ കണ്ണുകൾക്കാണ് വെളിച്ചമാകുന്നതെന്ന് ഭാരതീയ ചികിത്സാവകുപ്പ് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സലജകുമാരി സാക്ഷ്യപ്പെടുത്തുന്നു. അന്ധത എന്നത് സമൂഹത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. അന്ധതയെ തടയുന്നതിനുള്ള പ്രവർത്തനത്തിൽ ആയുർവേദത്തെ ചേർത്ത് നിറുത്തിയാൽ അത് മികച്ച മാതൃകയാകുമെന്നും ഡോ. സലജകുമാരി വ്യക്തമാക്കുന്നുണ്ട്.

25 ശതമാനം കാഴ്ചശക്തി കൂടിയോ ?

സർക്കാർ മേഖലയിലെ ആയുർവേദ ആശുപത്രികളിൽ കഴിഞ്ഞ എട്ട് വർഷം നടത്തിയ നേത്രചികിത്സകളിൽ രോഗികൾക്ക് 25 ശതമാനം കാഴ്ചശക്തി കൂടിയതായാണ് നേത്രവിദഗ്ദ്ധർ അവകാശപ്പെടുന്നത്. ചെറിയ കാഴ്ചക്കുറവുള്ളവർക്ക് കണ്ണട ഒഴിവാക്കാനായി. സംസ്ഥാനത്ത് നേത്ര സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ സ്ഥിരം സേവനമുള്ള ആയുർവേദ ആശുപത്രികൾ 14 എണ്ണമുണ്ട്. ആരോഗ്യ സംരക്ഷണത്തേയും അതിന്റെ പ്രാധാന്യത്തേയും കുറിച്ച്, വ്യക്തവും സരളവുമായി പറഞ്ഞിരിക്കുന്ന ജീവശാസ്ത്രം ആണ് ആയുർവേദം. ഡിജിറ്റൽ ഐ സ്ട്രെയിനും കുട്ടികളിലെ കാഴ്ചക്കുറവുമെല്ലാം പരിഹരിക്കാൻ ശാസ്ത്രീയ ആയുർവേദ ചികിത്സകൊണ്ട് സാധിക്കും. കേരള സർക്കാർ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതി കുട്ടികളുടെ കാഴ്ചക്ക് മികച്ച പരിചരണമാണ് നൽകി വരുന്നത്. കൊവിഡ് ലക്ഷണങ്ങളിൽ തന്നെ പ്രധാനപ്പെട്ടവയാണ് കണ്ണിനു ചുവപ്പ്, ചൊറിച്ചിൽ, ചുട്ടുനീറ്റൽ, പീളകെട്ടൽ തുടങ്ങിയവ. അംഗീകൃത ആയുർവേദ ചികിത്സകനെ ബന്ധപ്പെട്ടാൽ ഇതിനുള്ള മരുന്നും ചികിത്സയും ലഭിക്കും.

നേത്രാരോഗ്യപക്ഷാചരണത്തോടെയുള്ള സംസ്ഥാനതല ലോകകാഴ്ച ദിനാചരണ പരിപാടിയിലും ഈ ആയുർവേദചികിത്സയുടെ ഫലസിദ്ധികളാണ് ഉയർത്തിക്കാട്ടിയത്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഓൺലൈനിൽ കാഴ്ചദിനാചരണ പരിപാടി മന്ത്രി അഡ്വ. കെ. രാജനാണ് ഉദ്ഘാടനം ചെയ്തത്.

ആയുഷ് മിഷൻ ഡി.പി.എം ഡോ. എം.എസ്.നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ "സ്നേഹിക്കാം നിങ്ങളുടെ കണ്ണുകളെ " എന്ന വിഷയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് വാട്ടർ കളർ ചിത്രരചനാ മത്സരങ്ങളും പോസ്റ്റർ രചനാ മത്സരങ്ങളും പൊതുജനങ്ങൾക്കായി ഹ്രസ്വചിത്രനിർമ്മാണവും നടത്തിയിരുന്നു. പൊതുജനങ്ങൾക്കായി സൗജന്യ ക്ലാസുകളും തുടരുകയാണ്. മുൻകാലങ്ങളിലുള്ളതിനേക്കാൾ ഓൺലൈനിലും ഓഫ് ലൈനിലുമായി നിരവധി പേരാണ് ഇത്തരം പരിപാടികളുടെ ഭാഗമാകുന്നത്. അത് സൂചിപ്പിക്കുന്നതു തന്നെ ജനങ്ങളിൽ ആയുർവേദത്തിന്റെ സ്വാധീനം കൂടിവരികയാണെന്നാണ്.

  • മാതൃകയായി ജില്ലാ ആയുർവേദ ആശുപത്രി

സംസ്ഥാനത്ത് ആയുർവേദ ചികിത്സയിൽ മികച്ചതും ആധുനികവുമായ പരിശോധനാ സൗകര്യങ്ങളാണ് തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ളത്. മുൻ മന്ത്രി വി.എസ് സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യമൊരുക്കിയത്. ജില്ലാപ്പഞ്ചായത്ത് പ്രമേഹഅനുബന്ധ സ്‌പെഷ്യൽ ഒ.പി വഴി മരുന്ന് ലഭ്യമാക്കുന്നു. പ്രമേഹം, അന്ധത, ഗ്ലൂക്കോമ എന്നിവയ്ക്ക് മികച്ച ചികിത്സാപരിശോധന സംവിധാനങ്ങളുമുണ്ട്. ആധുനിക കണ്ണാശുപത്രികളിൽ പ്രാഥമികമായി ചെയ്യുന്ന എല്ലാ പരിശോധനകളും ഇവിടെ ചുരുങ്ങിയ ചെലവിൽ ലഭിക്കും. സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പി.കെ. നേത്രദാസിന്റെ നേതൃത്വത്തിലാണ് ചികിത്സ. നേത്രചികിത്സാ വിഭാഗത്തിന്റെ നിർമ്മാണച്ചെലവ് 56 ലക്ഷം രൂപയാണ്. റെറ്റിന സ്‌കാനിംഗ് (ഒ.സി.ടി), ഫണ്ടസ് ഫോട്ടോ, കണ്ണുകളിലെ മർദ്ദം അളക്കാനുള്ള സംവിധാനം, കാഴ്ചാപരിധി പരിശോധിക്കുന്ന ഫീൽഡ് അനലൈസർ, ഡിജിറ്റലൈസ് ട്രെയ്‌നിംഗ് ക്ലിനിക് ഡെസ്‌ക്, കൊവിഡ് ബാധിച്ചവർക്കുള്ള പ്രത്യേക നേത്രപരിചരണം തുടങ്ങിയ വിദഗ്ധ ചികിത്സകളാണിവിടെ നടക്കുന്നത്. ഇരിങ്ങാലക്കുട എ.വി.എം ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലും നേത്രചികിത്സാ സൗകര്യമുണ്ട്. ചാലക്കുടിയിൽ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണാർത്ഥം സർക്കാർ തുടങ്ങുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയിൽ നേത്രചികിത്സയ്ക്ക് സവിശേഷ പ്രാധാന്യം നൽകിയിട്ടുണ്ട്. നാഷണൽ ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ച് ചാലക്കുടി നഗരസഭ സൗജന്യമായി നല്‌കിയ സ്ഥലത്താണ് ആശുപത്രി.

TAGS: KOMBUM THUMBEEM, EYE CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.