SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.40 PM IST

ആത്മവിശ്വാസവുമായി യു.പി ഒരുങ്ങുന്നു

up-election

ഉത്തർപ്രദേശിൽ വരുന്ന ഫെബ്രുവരി - മാർച്ചിലായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പ് . 2014ലെയും 2019ലെയും പൊതുതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിന് കുതിപ്പ് നൽകിയത് യു.പിയായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമായി. ജാതി സമവാക്യങ്ങൾ, സോഷ്യൽ എൻജിനീയറിംഗ്, മതപരമായ ധ്രുവീകരണം ഇവയെല്ലാം യു.പി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒ.ബി.സി , മുസ്ലിം വോട്ടുകളിൽ സ്വാധീനമുണ്ടായിരുന്ന സമാജ് വാദി പാർട്ടി, പിന്നാക്കവോട്ടുകളെ പ്രത്യേകിച്ച് പട്ടികജാതി വോട്ടുകളെ നിയന്ത്രിച്ചിരുന്ന ബി.എസ്.പി എന്നിവരൊക്കെ യു.പി ഭരിച്ചിരുന്നവരാണ്. പഴയ പ്രതാപം മാത്രമേ കോൺഗ്രസിന് ബാക്കിയുള്ളൂ. വിവിധ കോണുകളിലായി ഭിന്നിച്ചുകിടക്കുന്ന പ്രതിപക്ഷത്തിന് ഒരുമിച്ചുവരിക എളുപ്പവുമല്ല. ഭരണവിരുദ്ധവികാരം ഉണ്ടാക്കുക, കൊവിഡ് ദുരന്തത്തിന്റെ ആഘാതം വോട്ടാക്കി മാറ്റുക, കർഷകപ്രക്ഷോഭത്തെ ഉപയോഗപ്പെടുത്തുക എന്നിവയാണ് പ്രതിപക്ഷത്തിന് ചെയ്യാനുള്ളത്. ജാതി സമവാക്യങ്ങളിൽ വരുന്ന മാറ്റം തിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുമെന്നതിനാൽ ആ നിലയ്‌ക്കും എല്ലാ പാർട്ടികളും നീക്കം നടത്തും.

സർക്കാരിന്റെ ഭരണനേട്ടമാണ് ബി.ജെ.പി എടുത്തുകാട്ടുന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ യോഗി ആദിത്യനാഥ് നിർമ്മിച്ച ബ്രാൻഡിംഗും രാമക്ഷേത്ര നിർമാണവും നരേന്ദ്രമോദിയുടെ ജനസ്വാധീനവുമൊക്കെയാവും ബി.ജെ.പിക്ക് അനുകൂലമാവുക.

ഒരു സന്യാസിക്ക് നല്ല മുഖ്യമന്ത്രിയാകാൻ കഴിയുമോ എന്നായിരുന്നു നാലരവർഷം മുമ്പ് യു.പി രാഷ്ട്രീയത്തിൽ ഉയർന്ന ചോദ്യം. മുഖ്യമന്ത്രി പദവിയിലെത്തുമ്പോൾ പാർലമെന്ററി രംഗത്തെ കന്നിക്കാരനൊന്നുമായിരുന്നില്ല അദ്ദേഹം. ഉത്തർപ്രദേശിനകത്തും പുറത്തും അറിയപ്പെടുന്ന ആളുമായിരുന്നു. പ്രായം അമ്പതിൽ താഴെ മാത്രം. എന്നാൽ കർക്കശ നിലപാടുള്ളയാൾ, കടുത്ത ഹിന്ദുത്വവാദി തുടങ്ങി ഒട്ടേറെ നെഗറ്റീവ് ഘടകങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഒരു ഭരണാധിപനെന്ന നിലയ്ക്ക് തന്റേതായ ശൈലിയും വ്യതിരിക്തതയും സൃഷ്ടിക്കാൻ യോഗിയ്‌ക്കായി.

പാകിസ്ഥാനും ബ്രസീലിനും മുകളിലാണ് യു.പിയിലെ ജനസംഖ്യ. 23 കോടി. ലോകസഭയിലെ 542 അംഗങ്ങളിൽ 80 പേരെ സംഭാവന ചെയ്യുന്നത് യു.പിയാണ്.
യു.പിയാണ് ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന് പറയാം. ഇതോടൊപ്പം മറ്റ് ചില പ്രത്യേകതകൾ കൂടി യു.പിക്കുണ്ട്. ബിമാരു സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന വികസനത്തിലും വ്യവസായവത്കരണത്തിലും പിന്നിൽ നില്‌ക്കുന്ന സംസ്ഥാനങ്ങളിൽ പെട്ടതാണത്. കൊള്ള ,കൊല,സാമുദായിക സംഘർഷം,പൊലീസിനെ വരെ നിയന്ത്രിക്കുന്ന മാഫിയസംഘങ്ങൾ തുടങ്ങി വടക്കേ ഇന്ത്യയിലും മറ്റും അരങ്ങേറുന്നു എന്നു കേരളീയർ ആരോപിക്കുന്ന എല്ലാ അത്യാചാരങ്ങളും നടമാടിയിരുന്ന ,നിയമസമാധാന തകർച്ചയുടെ കേന്ദ്രമായ സംസ്ഥാനമായിരുന്നു യു.പി. സാക്ഷരതയിൽ പിന്നിൽ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും എണ്ണത്തിൽ കുറവ്, ഓഫീസിൽ വരാത്ത സർക്കാർ ജീവനക്കാർ, സംസ്ഥാന ജി.എസ്.ഡി.പി, ആളോഹരി വരുമാനം തുടങ്ങിയ എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളിലും അതോടൊപ്പം മനുഷ്യായുസിലും പിറകിൽ.

ഇന്ന് യു.പിയുടെ മുഖച്ഛായ ഒട്ടേറെ മാറിക്കഴിഞ്ഞു. ഒപ്പം യോഗിയുടെ പ്രതിച്ഛായയും. ഇന്നദ്ദേഹം വെറുമൊരു സന്യാസിയല്ല. വികസനത്തിന്റെ പ്രതീകം കൂടിയാണ്. മുലായം സിംഗ് ഭരിക്കുമ്പോൾ മായാവതിക്ക് നേരെ വരെ ആക്രമണം നടന്നിരുന്നു. സംസ്ഥാനത്ത് ഇന്ന് ഗുണ്ടാരാജില്ല. നിയമ സമാധാനം പുനസ്ഥാപിക്കപ്പെട്ടു. സാമൂഹ്യവിരുദ്ധർക്കും മാഫിയകൾക്കും യോഗി
പേടിസ്വപ്നമായിക്കഴിഞ്ഞു. ഒരിക്കലും പിടിക്കപ്പെടാതിരിക്കുമെന്ന് കരുതിയിരുന്ന, അഴിമതി കലയാക്കി മാറ്റിയ ഉദ്യോഗമേധാവികളൊക്കെ പിടിക്കപ്പെടുന്നു. സർക്കാർ ഓഫീസുകൾ കൃത്യമായി പ്രവർത്തിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച സംസ്ഥാനത്ത് ഇന്ന് കുറ്റകൃത്യങ്ങളിൽ 66 ശതമാനം കുറവ് വന്നു. യോഗി അധികാരത്തിൽ വന്നതിന് ശേഷം ഒരൊറ്റ വർഗീയ ലഹളയും
ഉണ്ടായില്ല.

വികസന പ്രവർത്തനങ്ങളിലും ഈ കുതിപ്പ് കാണാം. 4.68 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് 2018ലെ നിക്ഷേപക സംഗമത്തിലൂടെ എത്തിയത്. ഇതുവഴി 33 ലക്ഷം പേർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ കിട്ടി. സംസ്ഥാന ജി.എസ്.ഡി.പി 10.9 ലക്ഷം കോടിയിൽ നിന്ന് 21.73 ലക്ഷം കോടിയായി. തൊഴിലില്ലായ്മ നിരക്ക് 17.8 ശതമാനത്തിൽ നിന്ന് 4.1 ആയി കുറയ്‌ക്കാൻ കഴിഞ്ഞു. 18,000 കമ്മ്യൂണിറ്റി ടോയ്ലറ്റുകൾ സ്ഥാപിച്ചു. 35058 എണ്ണത്തിന്റെ പണി തുടങ്ങിക്കഴിഞ്ഞു. കൊവിഡ് കാലത്ത് തൊഴിലാളികൾക്ക് ആദ്യം ആയിരംരൂപ കൊടുത്തത് യോഗിയാണ്. ശുദ്ധജലമെത്താത്ത ഇടങ്ങളിലൊക്കെ പ്രത്യേകിച്ച് ബുന്ദേൽഖണ്ഡ് മേഖലയിൽ ശുദ്ധജല വിതരണ പദ്ധതി തുടങ്ങി. രണ്ട് വിമാനത്താവളങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത് ഒൻപതായി. ആഗ്ര, മെട്രോ റെയിൽ, ഡൽഹി ഗാസിയാബാദ് മീററ്റ് റാപിഡ് റെയിൽ തുടങ്ങിയവയ്ക്കായി കോടികളുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

കൊവിഡിനെ നേരിടാൻ മികവുറ്റ നടപടികളാണ് ആദിത്യനാഥ് കൈക്കൊണ്ടത്. യു.പി മോഡൽ കൊവിഡ് നിയന്ത്രണം പരക്കെ അംഗീകരിക്കപ്പെട്ടു. വിദ്യാഭ്യാസരംഗത്തും നല്ല നീക്കങ്ങൾ നടത്തി.
സർക്കാരിനെതിരെ കർഷകരെ ഇളക്കിവിടാനുള്ള ശ്രമങ്ങൾ ഫലം കണ്ടില്ല. എല്ലാ ജാതിവിഭാഗങ്ങളിലും ബി.ജെ.പി സ്വാധീനമുറപ്പിച്ചതോടെ പഴയപോലെ ജാതി കാർഡിറക്കാൻ എസ്.പി, ബി.എസ്.പി എന്നിവർക്ക് കഴിയുന്നില്ല. കോൺഗ്രസിന്റെ തുറുപ്പ് ചീട്ടായ പ്രിയങ്കാഗാന്ധിക്കും യു.പിയിൽ ഒന്നും ചെയ്യാനാകുന്നില്ല. 28 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള യു.പിയിൽ ന്യൂനപക്ഷ കാർഡും ഇത്തവണ വിലപ്പോവില്ല. എല്ലാവരെയും ഉൾക്കൊണ്ടാണ് യോഗി വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

(ഡൽഹി കേന്ദ്രീകരിച്ച രാഷ്ട്രീയ നിരീക്ഷകനും സംരംഭകനുമാണ് ലേഖകൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UP ELECTION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.