SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.24 PM IST

കേരളപ്പിറവിദിനത്തിലെ പുതിയ പഞ്ചശീലങ്ങൾ

Increase Font Size Decrease Font Size Print Page

kk

മൂന്നു ദിവസംകൂടി കഴിയുമ്പോൾ, നവംബർ ഒന്നിന്, നാം കേരളപ്പിറവിദിനം ആഘോഷിക്കും. തിരു-കൊച്ചിയും മലബാറും രാഷ്ട്രീയമായി ഏകീഭവിച്ച ദിനം. രാഷ്ട്രീയമായ ഏകകമായിത്തീരുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു മുൻപേ നമ്മൾ ഒന്നായിരുന്നു ! ഭാഷ നമ്മളെ ഒരു ജനതയാക്കി എന്നും കൂട്ടിയിണക്കിയിരുന്നല്ലോ. സാഹിത്യവും സാമൂഹ്യ ചിന്തകളും രാഷ്ട്രീയാദർശങ്ങളും നമ്മളെ ഒന്നാക്കിയിരുന്നു. സമൂഹം അനുഭവിച്ച യാതനകളും വേർതിരിവുകളും നമ്മളെ ഒന്നാക്കിയിരുന്നു.

കഴിഞ്ഞ ആറര ദശകത്തിനുള്ളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മുൻപിൽ തലയുയർത്തി നില്‌ക്കാൻ നാം പല കാരണങ്ങളാൽ അർഹത നേടി. എല്ലാ വികസനവും ആത്യന്തികമായി മനുഷ്യരുടെ ക്ഷേമവും അന്തസും വളർത്തണമെന്ന വലിയ ആശയത്തിന്റെ നിദർശനമായിത്തീർന്നു കേരള വികസന മാതൃക. സമ്പത്ത് വളരുകയും സാമൂഹിക അസമത്വങ്ങൾ പെരുകുകയും ചെയ്യുന്ന വികസനത്തെ കേരളം ഒരിക്കലും വിലമതിച്ചില്ല. അതിന്റെ ഫലമായി സാമൂഹിക മേഖലയിൽ വികസിത രാജ്യങ്ങൾക്കൊപ്പം പരിഗണിക്കാനാവുന്ന നേട്ടങ്ങൾ പൊതുജനാരോഗ്യ മേഖലയിലും സ്കൂൾ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും, നമുക്ക് നേടാനായി. ശ്രീനാരായണ ഗുരുദേവനും പുരോഗമനവാദികളായ ആത്മീയ സാമുദായിക നേതാക്കളും കേരളത്തിന്റെ ആത്മാവിനെ തൊട്ടുണർത്തി. അങ്ങനെ ഒരാധുനിക സമൂഹമായി കേരളം രൂപാന്തരപ്പെട്ടു എന്ന അഭിമാനകരമായ വാസ്തവം മറക്കാൻ പാടില്ല.
ചാനലുകളും മറ്റു മാദ്ധ്യമങ്ങളും വഴി ദിവസേന നാമറിയുന്ന അലോസരപ്പെടുത്തുന്നതും അഭിമാനിക്കാനില്ലാത്തതുമായ വാർത്തകൾ മലയാളിയെന്ന നമ്മുടെ ആത്മാഭിമാനത്തിന് കുറച്ചൊന്നുമല്ല ക്ഷതമേല്പിക്കുന്നത്. പക്ഷേ ഒരു കാര്യമോർത്ത് സമാധാനിക്കാം. മറ്റു സംസ്ഥാനങ്ങളുടെ സാമൂഹിക കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് അപകർഷം തോന്നേണ്ടതില്ല. ഇപ്പോഴും ജാതിയും അയിത്തവും നിർലജ്ജമായ അധികാര ദുർവിനിയോഗവും പകൽക്കൊള്ള പോലത്തെ അഴിമതിയും നിർബാധം നടക്കുന്ന സംസ്ഥാനങ്ങൾ കുറവല്ല. ജാതിയെന്ന രക്ഷസ് പല സംസ്ഥാനങ്ങളിലും വർദ്ധിച്ച കരുത്തോടെ ഇപ്പോഴും കൊടികുത്തി വാഴുന്നു. കേരളം വാസ്തവത്തിൽ വളരെ മുന്നിലാണ്. താരതമ്യേന സ്വതന്ത്രവും ധീരവുമായ മാദ്ധ്യമങ്ങൾ നമ്മളെ പരിരക്ഷിക്കുന്നുണ്ട്.

ജനാധിപത്യാവകാശങ്ങൾ പെട്ടെന്നങ്ങു പണയംവയ്ക്കാൻ മലയാളി
ഒരുക്കമല്ല. അതിനർത്ഥം ഇവിടെ എല്ലാം കുറ്റമറ്റതാണെന്നല്ല. ഐക്യ കേരളത്തിന്റെ അറുപത്തിയഞ്ചാം വർഷത്തിൽ പലതുകൊണ്ടും അഭിമാനിക്കാവുന്ന നമ്മൾ, വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന അഞ്ച് (നിസാരമല്ലാത്ത) കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ഓരോ മലയാളിയും ചെയ്യാൻ സ്വയം ശ്രമിക്കേണ്ടവയാണ് ഈ പഞ്ചശീലങ്ങൾ.


ഒന്ന്: സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന മലയാളിക്ക് പൊതു ഇടങ്ങളും ആളൊഴിഞ്ഞ നിരത്തുവക്കുകളും
വൃത്തികേടാക്കുന്നതിൽ യാതൊരു ഉളുപ്പുമില്ല. ഒരു വിദേശ നഗരത്തിലെ പൊതുനിരത്തുകളും പൊതുഇടങ്ങളും നമ്മുടേതു പോലെ കിടന്നാൽ അതൊരു പരിഷ്കൃത നാടാണെന്ന് നാം അംഗീകരിക്കുകയില്ലല്ലോ. ‘മുനിസിപ്പൽ കോർപറേഷനിലെ ശുചീകരണം മോശം’ എന്ന് പറഞ്ഞു സ്വയം ജാമ്യമെടുക്കുന്ന ശീലം ഉപേക്ഷിക്കണം. ഈ മാലിന്യങ്ങൾ വാരിവിതറിയത് അന്യഗ്രഹ ജീവികളല്ലല്ലോ. മാലിന്യം പോയിട്ട് ഒരു തുണ്ടുപേപ്പർ പോലും പൊതുഇടങ്ങളിൽ അശ്രദ്ധമായി ഉപേക്ഷിക്കുകയില്ലെന്ന് ഓരോ മലയാളിയും തീരുമാനിച്ചാൽ മാത്രം മതി.


രണ്ട്: പൊങ്ങച്ചത്തിനു വേണ്ടി ലോണുകളെടുക്കുകയും സ്വന്തം വരുമാനത്തിന് ആനുപാതികമല്ലാത്ത ബാദ്ധ്യതകൾ വരുത്തി
വയ്ക്കുകയും, പിന്നീട് ഗതികേടിലാവുകയും അങ്ങനെ മനഃസ്വാസ്ഥ്യം
തകരുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം ചെറുതല്ല. പൊങ്ങച്ചം കൊണ്ട് ആരും നമ്മളെ വിലമതിക്കുന്നില്ലെന്ന മഹാസത്യം ആദ്യമേ ഗ്രഹിക്കണം. ആരുടെ മുൻപിൽ ഒന്ന് 'വലുതാവാൻ ' വേണ്ടി ഈ സാഹസങ്ങൾ ചെയ്തുവോ, അവരുടെ മുൻപിൽ ഒടുവിൽ പരാജയപ്പെടുന്ന ദുരന്തം ഒഴിവാക്കാൻ അല്‌പം സമബുദ്ധി മാത്രം മതി.

മൂന്ന്: അഴിമതിയോടുള്ള ഉദാസീന മനോഭാവത്തിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ട്. രണ്ട് കഥാപാത്രങ്ങളുണ്ടെങ്കിലേ സാധാരണ
ഗതിയിൽ അഴിമതി നാടകം നടക്കൂ. (ഏകാഭിനയവും കണ്ടേക്കാം) കേരളത്തിലെ അഴിമതിയുടെ തോത് ചെറുകിട-ഇടത്തരം എന്ന വിഭാഗത്തിലേ ഉൾപ്പെടുത്താനാവൂ എന്നാണ് അന്യസംസ്ഥാന 'പെർമിറ്റ് ' ഉള്ള വിദഗ്ദ്ധർ പറയാറുള്ളത്. സാർവത്രിക വിദ്യാഭ്യാസവും ഉയർന്ന രാഷ്ട്രീയ അവബോധവും, ഇത്രയേറെ പൗരാവകാശ ബോധവും മാദ്ധ്യമ ജാഗ്രതയുമുള്ള കേരളത്തിൽ ചെറുകിട ഇടത്തരം അഴിമതി പോലും നടക്കാൻ പാടില്ലാത്തതാണ്. പക്ഷേ കൊടുക്കാൻ സന്നദ്ധമായ കൈ ഉണ്ടെങ്കിൽ വാങ്ങാനുള്ള കൈ നീളും. അഴിമതി നടത്തുന്നവർക്ക് സമൂഹത്തിൽ ഭ്രഷ്ടുണ്ടാവുന്ന അവസ്ഥയിലേക്ക് കേരളത്തെ നയിക്കാൻ സാധിക്കും; ആരും ഈ പാപത്തിൽ പങ്കാളി ആവുകയില്ലെന്ന്‌ സ്വയം തീരുമാനിക്കുമെങ്കിൽ.


നാല്: സ്ത്രീകളോടുള്ള മനോഭാവത്തിലും സ്ത്രീപുരുഷ ബന്ധത്തിലും ശരാശരി മലയാളി ഇപ്പോഴും പഴഞ്ചനാണെന്നു പറഞ്ഞാൽ ചിലർ യോജിച്ചെന്നു വരില്ല. സിനിമകളിലെ ഫലിത രംഗങ്ങളിലും പുരുഷന്മാരുടെ സ്വകാര്യ സംഭാഷണങ്ങളിലും വീട്ടിനുള്ളിലെ പെരുമാറ്റത്തിലുമൊക്കെ മലയാളി പുരുഷൻ ഇപ്പോഴും കുറഞ്ഞത് അൻപതുവർഷം പിറകിലാണ്. സ്ത്രീധനം പോലുള്ള നാണക്കേടുകളിലും, സ്വർണപ്പാവയായി വധുവിനെ അണിയിച്ചൊരുക്കുന്നതിലുമെല്ലാം ഈ വികല മന:ശാസ്ത്രമാണ്
പുരുഷന്മാരെ (സ്ത്രീകളെയും) നിയന്ത്രിക്കുന്നത്. ഈ ശീലക്കേടുകൾ ബോധപൂർവം ഉപേക്ഷിച്ച് ആധുനിക ലോകത്തിനു അനുയോജ്യമായ സ്ത്രീസമത്വ മനോഭാവം അംഗീകരിക്കണം. അത് സ്വയം ശീലിക്കണം.

അഞ്ച്: 'കേരളീയർ' എന്നല്ല 'മലയാളികൾ’ എന്നേ നമ്മൾ സ്വയം വിശേഷിപ്പിക്കാറുള്ളൂ. പക്ഷേ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ
നല്ലൊരു വിഭാഗത്തിന് മലയാളം അറിയില്ലെന്ന് മാത്രം. എൽ.കെ.ജി മുതൽ തങ്ങളുടെ കുഞ്ഞുങ്ങൾ മലയാളം പഠിക്കാതിരിക്കാൻ വേണ്ടി ബദ്ധപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം കുറയുന്നില്ല. കേരളത്തിനുള്ളിൽ എവിടെയെങ്കിലും ‘മലയാളം മീഡിയം പ്രീ- സ്കൂൾ പ്രവേശനം ആരംഭിച്ചിരിക്കുന്നു' എന്ന ഒരു ബോർഡ് കാണാനാകുമോ? നമ്മുടെ ഭാഷയെക്കുറിച്ചു നമുക്ക് അഭിമാനമില്ലെങ്കിൽ മറ്റ് ഭാഷക്കാർ നമ്മളെ എങ്ങനെ മാനിക്കും? മാതൃഭാഷ പഠിക്കണം; ആ ഭാഷയിൽ അഭിമാനം കൊള്ളണം . അതിനു തടസം തീർക്കുന്ന തലതിരിഞ്ഞ ആശയങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടണം. സ്വന്തം ഭാഷ നഷ്ടപ്പെടുത്തിയവർ ആത്മാവ് നഷ്ടപ്പെട്ടവരാകുന്നു.

TAGS: NIRAKATHIR, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.