വ്യത്യസ്തത എന്നൊരു വാക്ക് ഏറ്റവും കൂടുതൽ ചേർന്നു നിൽക്കുന്ന നടൻ ടൊവിനോ തോമസാണ്. കണ്ട വേഷത്തിൽ, ഇതു നേരത്തെ വന്നതാണല്ലോ എന്ന് സംശയിപ്പിക്കുന്ന കഥാപാത്രമായി ഒരിക്കലും ടൊവിനോയെ കാണാൻ സാധിക്കില്ല. സ്വയം മടുപ്പിക്കാത്ത കഥാപാത്രങ്ങളോടാണ് ടൊവിനോ എന്നും യെസ് പറയാറുള്ളത്. ആ യെസിനുള്ള നിറഞ്ഞ കയ്യടിയാണ് 'ലൂസിഫർ" എന്ന ചിത്രത്തിലെ ജതിൻരാം ദാസ് എന്ന മികവുറ്റ കഥാപാത്രം സ്വന്തമാക്കുന്നതും. ടൊവിനോ സംസാരിക്കുന്നു, സിനിമ, നിലപാടുകൾ എന്നിവയെക്കുറിച്ച്...
അഭിനയമായിരുന്നോ സംവിധാനമായിരുന്നോ ലക്ഷ്യം?
അന്നും ഇന്നും എന്നും എന്റെ ലക്ഷ്യവും ഇഷ്ടവും അഭിനയം തന്നെയാണ്. സംവിധാനത്തോട് കൊതിയുണ്ട്. കുറെക്കൂടി അനുഭവപരിചയവും സാങ്കേതിക ജ്ഞാനവുമൊക്കെ നേടിയ ശേഷം ഒരു സിനിമ സംവിധാനം ചെയ്തേക്കും. പ്രഭുവിന്റെ മക്കളിലും ആഗസ്റ്റ് ക്ളബിലുമാണ് ഞാൻ ആദ്യം അഭിനയിച്ചത്. അത് കഴിഞ്ഞാണ് ദുൽഖറിന്റെ തീവ്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായത്. എൻജിനിയറുടെ സേഫ് സോണിൽ നിന്ന് മകൻ സിനിമയെന്ന റിസ്ക്കിലേക്ക് എടുത്തുചാടുമ്പോൾ ഏതു മാതാപിതാക്കളും ഭയന്നു പോകും. പക്ഷേ, സിനിമയിൽ എന്തെങ്കിലുമാകാൻ പറ്റുമെന്ന കാര്യത്തിൽ എനിക്ക് നൂറുശതമാനം ആത്മവിശ്വാസമുണ്ടായിരുന്നു.സിനിമയിൽ അഭിനയിക്കും മുൻപേ ഞാൻ ചില ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ കാര്യത്തിൽ ഞാൻ വളരെ സീരിയസാണെന്ന് അന്നേ വീട്ടുകാർക്ക് ബോധ്യമായിരുന്നു. ഞാനതിന് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് അവർക്ക് മനസിലായി.
സിനിമകൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡമെന്താണ്?
കുറഞ്ഞ പക്ഷം ഞാനെങ്കിലും തിയേറ്ററിൽ പോയി കാണണമെന്നാഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. ഭൂരിഭാഗം പ്രേക്ഷകർക്ക് ആസ്വദിക്കാനും റിലേറ്റ് ചെയ്യാനും പറ്റുന്ന സിനിമകൾ. ഒരു നടനെന്ന നിലയിലല്ല ഒരു സാധാരണ പ്രേക്ഷകനെന്ന നിലയിലാണ് ഞാൻ സിനിമകളുടെ കഥ കേൾക്കുന്നത്. ചില കഥ സിനിമയാകുമ്പോൾ നമ്മൾ വിചാരിച്ചതിനെക്കാൾ നന്നാകാം. ചിലപ്പോൾ മോശവുമാകാം. കഥ പറയാൻ വരുന്നവരോട് സിനിമയെടുത്ത് കാണിച്ച് തരൂവെന്ന് പറയാൻ പറ്റില്ലല്ലോ? ഒന്നും ആരുടെയും കുറ്റം കൊണ്ടല്ല. ഒരു സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നയാളുകളെല്ലാം ഒരേ മനസോടെ ആ സിനിമ നന്നാവണമെന്ന പ്രാർത്ഥനയോടെ തന്നെയാണ് ചെയ്യുന്നത്. സിനിമയിൽ എല്ലാം ഒത്തിണങ്ങി വരുന്നത് ഒരു മാജിക്കാണ്. എല്ലാം ഒത്തിണങ്ങി വന്ന സിനിമ തിയേറ്ററിൽ പക്ഷേ വിചാരിച്ച പോലെ ഒാടിയില്ലെന്ന് വരാം. ഒപ്പമിറങ്ങിയ നമ്മുടേതിനേക്കാൾ നല്ലതല്ലാത്ത സിനിമ ചിലപ്പോൾ സൂപ്പർ ഹിറ്റായെന്നും വരാം. എന്തുകൊണ്ട് അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ചോദിച്ചാൽ അറിയില്ലെന്നാണ് ഉത്തരം. ഒരു സിനിമ ഹിറ്റാകുന്നതും ഫ്ളോപ്പാവുന്നതും ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണ്.
ഇമേജിനെ മറികടക്കുന്നതെങ്ങനെയാണ്?
അങ്ങനെയൊരു ഇമേജ് വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ വ്യത്യസ്തങ്ങളായ കഥപാത്രങ്ങളും സിനിമകളും ചെയ്യുന്നത്. ഒരു പ്രത്യേക ഇമേജ് എനിക്കില്ലെന്നാണ് വിശ്വാസം.
സാമൂഹ്യവിഷയങ്ങളിൽ പ്രതികരിക്കുന്നയാളാണല്ലോ?
കൺമുന്നിൽ സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ നമ്മൾ ആരെയും ഭയക്കേണ്ട കാര്യമില്ല. ഞാനഭിനയിക്കുന്ന സിനിമകളിലെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയ കാഴ്ചപ്പാടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ എന്റെ രാഷ്ട്രീയ നിലപാടുകൾ പറയണമെന്നില്ല. അത് ഞാനല്ലല്ലോ... കഥാപാത്രങ്ങളല്ലേ!
മലയാളത്തിലെ പല താരങ്ങളും അങ്ങനെ പ്രതികരിക്കാറില്ലല്ലോ?
അതെനിക്കറിയില്ല. അവരോട് തന്നെ ചോദിക്കണം. മറുപടി പറയാൻ പലപ്പോഴും മടുപ്പും പേടിയുമാണ്. നമ്മൾ പറയുന്നതല്ല പലപ്പോഴും എഴുതിവരുന്നത് .ചില ഓൺ ലൈൻ മാദ്ധ്യമങ്ങൾ എന്റെ ഇന്റർവ്യൂകളിൽ നിന്ന് അവർക്ക് തോന്നും പോലെ വളച്ചൊടിച്ച് ചില 'ക്വാട്ടുകൾ" എടുത്തുകൊടുക്കുന്നുണ്ട്. ടിഷ്യുപേപ്പർ ജേർണലിസമെന്ന് ഇതിനെ പറയാം . എന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് അഭിമുഖങ്ങളിൽ ഞാൻ ഉത്തരം പറയുന്നത്. അവ എന്റെ സ്റ്റേറ്റ്മെന്റുകളായി വരുന്നതിനോട് യോജിപ്പില്ല. സ്ത്രീവിരുദ്ധമായ സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന പൃഥ്വിരാജിന്റെ തീരുമാനത്തോട് യോജിക്കുന്നുണ്ടോയെന്ന് ഒരഭിമുഖത്തിൽ എന്നോട് ചോദിച്ചു. പൃഥ്വിരാജിന് അങ്ങനെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഒരു തീരുമാനം ഞാൻ എടുക്കുന്നില്ലെന്നായിരുന്നു എന്റെ മറുപടി. കാരണം ഞാൻ ചിലപ്പോൾ ഒരു സിനിമയിൽ വില്ലൻ വേഷമായിരിക്കും ചെയ്യുന്നത്. ചിലപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറുന്നയാളായിരിക്കാം ആ വില്ലൻ കഥാപാത്രം. എന്നാൽ പൃഥ്വിരാജിന്റെ പല തീരുമാനങ്ങളോടും ടൊവിനോയ്ക്ക് വിയോജിപ്പുണ്ടെന്ന മട്ടിലാണ് ഒാൺ ലൈനിൽ വാർത്ത വന്നത്.ഞാനും പൃഥ്വിരാജും തമ്മിൽ അത്യാവശ്യം നല്ല സൗഹൃദമുണ്ട്. ഒരു വ്യാജവാർത്ത കണ്ട് പ്രതികരിക്കുന്നയാളല്ല പൃഥ്വിരാജ്. ചിലപ്പോൾ അത് വായിച്ചിട്ട് ഇവനെന്തിനാ ഇങ്ങനെ പ്രതികരിക്കുന്നതെന്ന് തോന്നാം.
തിരക്ക് പിടിച്ച ഒരുദിവസത്തെ ടൈം മാനേജ്മെന്റ് എങ്ങനെയാണ്?
ടൈം മാനേജ്മെന്റ് ആകെ ചളകുളമാണ്. ഒരു ഒാളത്തിന് പോകുമ്പോൾ ഞാനും ആ കൂടെയങ്ങ് പോകുന്നുവെന്നേയുള്ളൂ.
അഭിനയത്തിന്റെ ഇൗ ഘട്ടത്തിൽ ആസ്വദിക്കുന്നതെന്താണ്?
നമ്മൾ ചെയ്യുന്ന ജോലി നന്നായിട്ടുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞുകേൾക്കുമ്പോഴാണ് സന്തോഷം.
ഒരു ഗ്രൂപ്പിലും പെടാതെ സിനിമയിൽ പിടിച്ച് നിൽക്കാൻ പറ്റുന്നതെങ്ങനെയാണ്?
എന്റെ കാര്യം മാത്രം നോക്കി മുന്നോട്ട് പോകുന്നയാളാണ് ഞാൻ. എല്ലാവരുമായും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും മുന്നോട്ടുപോകാൻ ഇഷ്ടപ്പെടുന്നയാളാണ്. ഒരു ഗ്രൂപ്പിലും ഞാനില്ലെന്ന് പറയുന്നതിനേക്കാൾ എല്ലാ ഗ്രൂപ്പിലും
ടൊവി 'നോ" പറയുന്നതെപ്പോഴാണ്?
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് ഞാൻ നോ പറയാറുണ്ട്. അങ്ങനെ പറയുന്നതാണ് അതിന്റെ ശരി. ചില കഥകൾ കേൾക്കുമ്പോൾ തന്നെ ആ കഥ സിനിമയായാൽ എനിക്കോ ആ സിനിമയെടുക്കുന്നവർക്കോ ഒരു ഗുണവും ചെയ്യില്ലെന്ന് ബോധ്യമാകും. അങ്ങനെ തോന്നുമ്പോൾ ഞാൻ നോ പറയാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |