SignIn
Kerala Kaumudi Online
Friday, 26 April 2024 8.43 AM IST

ജ്ഞാനമാർഗത്തിലെ വാഗ്‌ഭടാനന്ദ ഗുരു

vagbhadananda-guru

ശങ്കരവേദാന്താചരണത്തിലൂടെ മാനസികാന്ധ്യങ്ങൾക്കു അറുതിവരുത്തിയ വേദാന്തിയും വശ്യവാഗ്‌മിയും നവോത്ഥാന ആചാര്യനുമായ വാഗ്‌ഭടാനന്ദ ഗുരുവിന്റെ 82-ാമതു സമാധി വാർഷികം അദ്ദേഹത്തിന്റെ മഹത് സന്ദേശങ്ങൾ ഓർമ്മപ്പെടുത്തുന്നു. വർത്തമാന കാലഘട്ടത്തിൽ അവയുടെ പ്രസക്തി വർദ്ധിച്ചിട്ടുണ്ട്.

ആർഷസത്യത്തിന്റെ സുവിസ്‌തൃതമായ ഭാഷ്യം സ്വന്തം ജീവിതപഥത്തിലൂടെ മാനവരാശിയ്‌ക്ക് സാക്ഷ്യപ്പെടുത്തിയ വാഗ‌്‌ഭ‌ടാനന്ദ ഗുരുദേവൻ പൂർവാശ്രമത്തിൽ കുഞ്ഞിക്കണ്ണനായി 1885 ഏപ്രിൽ 27ന് പാട്യം തേനങ്കണ്ടയിൽ വാഴവളപ്പിൽ കോരൻഗുരുക്കളുടെയും മാലൂർ കാഞ്ഞിലേരി വയലേരി ചീരുവമ്മയുടെയും മൂത്തപുത്രനായി വയലേരി തറവാട്ടിൽ ഭൂജാതനായി.

പിതാവ് കോരൻ ഗുരുക്കൾ സംസ്‌കൃതത്തിലും കാവ്യ - നാടക, വ്യാകരണാലങ്കാരാദികളിലും, വൈദ്യം, ജ്യോതിഷം തുടങ്ങിയ ശാസ്‌ത്രങ്ങളിലും പാണ്ഡിത്യമുള്ളയാളും കവിയും അന്ധവിശ്വാസ - അനാചാരങ്ങൾ, ബിംബാരാധന എന്നിവയെ എതിർത്ത ഉൽപ്പതിഷ്‌ണുവുമായിരുന്നു. ഏഴുവയസാകുന്നതിനുമുമ്പേ തന്നെ പിതാവിൽ നിന്നും കുഞ്ഞിക്കണ്ണൻ സംസ്‌കൃതഭാഷയിൽ അസാമാന്യ ജ്ഞാനം സമ്പാദിച്ചു.

'' ബാലപ്രതിഭാശാലിയായിരുന്ന കുഞ്ഞിക്കണ്ണൻ പുതിയതായി പഠിക്കുകയല്ല. പണ്ട് പഠിച്ചിരുന്നത് ഓർക്കുക മാത്രമാണ് ചെയ്തിരുന്നത് " എന്ന് ശ്രീനാരായണഗുരു പറയുകയുണ്ടായി.

കോരൻ ഗുരുക്കൾ പാനൂർ പാഠശാലയുടെ ഉത്തരവാദിത്തം പുത്രനെ ഏല്പിച്ചു. പതിനൊന്നാമത്തെ വയസിൽ ഗുരുക്കളായിത്തീർന്ന കുഞ്ഞിക്കണ്ണൻ പതിമൂന്നാമത്തെ വയസിൽ ഏഷ്യയിലെ തന്നെ ഒന്നാമത്തെ ഗ്രന്ഥശേഖരമായ കൽക്കത്തയിലെ നാഷണൽ ലൈബ്രറിയിൽ പോയി സംസ്‌കൃത ഭാഷാ താളിയോല ഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കി. 'ബ്രഹ്മസമാജം", 'ആര്യസമാജം" 'ശ്രീരാമകൃഷ്ണമിഷൻ" എന്നീ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സന്ദേശവ്യാപ്തിയും കർമ്മോപാസനയും ത്യാഗസന്നദ്ധതയും അടുത്തറിഞ്ഞു.

ഗുരുക്കൾ പാട്യത്തു തിരിച്ചെത്തിയ ശേഷം ആദ്ധ്യാത്മിക വിപ്ളവത്തിന്റെ ആദ്യ ശംഖധ്വനി മുഴക്കിയത് ഏകദൈവ വിശ്വാസത്തിനായി തന്റെ വയലേരി തറവാട്ടിലെ മുത്തപ്പൻക്ഷേത്രം തച്ചുടച്ച് മുന്നിലൂടെയൊഴുകുന്ന ഇടുമ്പൻപുഴയിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു. തുടർന്ന് പാട്യത്തുനിന്ന് ഏറ്റ്, മാറ്റ്, മാറിടപൂജ തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ പോരാട്ടം തുടർന്നു.

1906ൽ സംസ്‌കൃത പ്രചാരണത്തിനായി കോഴിക്കോട് കാരപ്പറമ്പിൽ ആത്മപ്രകാശിക, തത്വപ്രകാശിക എന്നീ പാഠശാലകൾ സ്ഥാപിച്ച് വിജ്ഞാന വിതരണത്തിനു തുടക്കംകുറിച്ചു. ആർഷധർമ്മത്തെ തന്നെ വെടിഞ്ഞുകൊണ്ട് സവർണ - അവർണ അന്ധ - അനാചാര വിശ്വാസങ്ങളിലൂടെ കേരളം ഭ്രാന്താലയമായപ്പോൾ അദ്വൈത മഹാസൂക്തം സ്ഥാപിച്ചെടുക്കാനായി എഴുത്തും പ്രഭാഷണങ്ങളുമായി കേരളമാകെ സഞ്ചരിച്ചു. വേദശാസ്‌‌ത്ര പാണ്ഡിത്യവും വാഗ്മിത്വവും കർമ്മബോധവും മനസിലാക്കിയ ബ്രഹ്മാനന്ദ ശിവയോഗി 'വാഗ്‌ഭടാനന്ദൻ" എന്ന് നാമകരണം ചെയ്തു.

കാരക്കാട്ട് ആത്മവിദ്യാസംഘം പ്രവർത്തകർക്ക് നേരെ തൊഴിൽ നിഷേധം, കുട്ടികളുടെ വിദ്യാഭ്യാസമില്ലാതാക്കൽ, കുടിവെള്ളം മുടക്കൽ, കുടിയൊഴിപ്പിക്കൽ തുടങ്ങിയ ഹീനകൃത്യങ്ങളിലൂടെ ജന്മികളും സവർണ യാഥാസ്ഥിതികരും പുരോഗമന പ്രവർത്തനങ്ങളെ ആവുന്നത്ര തടയാൻ ശ്രമിച്ചു. ഗുരു അവിടെയെത്തി പ്രവർത്തകർക്ക് ധൈര്യം നൽകുക മാത്രമല്ല 1922 ഫെബ്രുവരി രണ്ടിന് തൊഴിൽ നിഷേധിക്കപ്പെട്ട പ്രവർത്തകരുടെ ക്ഷേമത്തിനായി ഉൗരാളുങ്കൽ ഐക്യനാണയസംഘം സ്ഥാപിച്ച് പരിഹാരവും കണ്ടെത്തി. (ഇപ്പോൾ ഉൗരാളുങ്കൽ സർവീസ് ബാങ്കായി 100 വർഷം പിന്നിടുന്നു. ) തൊഴിലാളികൾക്കായി 1925 ഫെബ്രുവരി 23ന് ഉൗരാളുങ്കൽ കൂലിവേലക്കാരുടെ സഹകരണസംഘം കൂടി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. (ഇന്ന് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയായി ഏഷ്യയിൽ ഒന്നാമതായി നിൽക്കുന്നു.) വിദ്യാഭ്യാസം മുടങ്ങിയ കുട്ടികൾക്കായി ആത്മവിദ്യാസംഘം എൽ.പി സ്‌കൂൾ ആരംഭിച്ചു. പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആത്മവിദ്യാസംഘം സ്‌കൂളുകൾ തുറക്കപ്പെട്ടു. കുടിവെള്ളം മുടക്കിയപ്പോൾ പല സ്ഥലങ്ങളിലും കിണറുകൾ നിർമ്മിച്ചു.

വാഗ്‌ഭടാനന്ദൻ കേരളത്തിൽ 160-ൽപ്പരം ആത്മവിദ്യാസംഘം ശാഖകൾ രൂപീകരിച്ചും, ജാതിവ്യവസ്ഥിതിയുടെ ഇരകളായി മാറിയ ദളിതരെയും കൂടി മുഖ്യധാരയിലേക്കടുപ്പിച്ച് തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരെ സവർണ - അവർണ വ്യത്യാസമില്ലാതെ അനേകം മിശ്രഭോജനങ്ങൾ, മിശ്രവിവാഹങ്ങൾ എന്നിവ സംഘടിപ്പിച്ചു.

വാഗ‌്‌ഭടാനന്ദനെ ഹനിക്കാൻ അധികാരികളും ചില സവർണ യാഥാസ്ഥിതികന്മാരും ഗൂഢശ്രമം തുടർന്നെങ്കിലും അതൊക്കെ പരാജയപ്പെട്ടു. എന്നാൽ ഇരിങ്ങണ്ണൂരിൽ വച്ച് സഹോദരൻ ചാത്തുക്കുട്ടിയെ അവർ മരത്തിൽ പിടിച്ചുകെട്ടി ക്രൂരമായി മർദ്ദിച്ചുകൊന്ന സംഭവം കാലത്തിന്റെ ഏടുകളിൽ മായ്‌ക്കപ്പെടാത്തതാണ്.

പത്രാധിപർ, മഹാകവി, ലേഖകൻ, നിരൂപകൻ എന്നീ മേഖലകളിൽ കൈയൊപ്പ് ചാർത്തിയിട്ടുള്ള വാഗ്‌ഭടാനന്ദൻ 1939 ഒക്ടോബർ 29ന് 54-ാമത്തെ വയസിൽ തന്റെ ജന്മനിയോഗം പൂർത്തിയാക്കി ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഇന്നും സമൂഹ മനസിൽ ജീവിക്കുന്നു.

(ലേഖകൻ കേരള ആത്മവിദ്യാസംഘം ജനറൽ സെക്രട്ടറിയും, വാഗ്‌ഭടാനന്ദ ഗുരുവിന്റെ ശിഷ്യപുത്രനും ഗുരുകൃതികളുടെ രചയിതാവുമാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAGBHADANANDAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.