SignIn
Kerala Kaumudi Online
Wednesday, 06 July 2022 10.33 AM IST

ഇന്ദിര ; ഇരുളും വെളിച്ചവും

indira-gandhi

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരി വിടവാങ്ങിയിട്ട് ഇന്നേക്ക് 37 വർഷം തികയുന്നു. ഒക്ടോബർ 31 ഇന്ദിരാഗാന്ധിയുടെ ചരമദിനം. ലാൽബഹദൂർ ശാസ്ത്രിയെപ്പോലെയോ രാജീവ് ഗാന്ധിയെപ്പോലെയോ പി.വി. നരസിംഹ റാവുവിനെപ്പോലെയോ അതുമല്ലെങ്കിൽ മൻമോഹൻ സിംഗിനെപ്പോലെയോ ഒരു പ്രധാനമന്ത്രിയായിരുന്നില്ല ഇന്ദിരാഗാന്ധി. തീർച്ചയായും ജവഹർലാൽ നെഹ്റുവിനപ്പോലെയും ആയിരുന്നില്ല. അവർക്ക് തന്റെ കഴിവിനെയും പ്രാപ്തിയെയും രാഷ്ട്രീയ പാരമ്പര്യത്തെയും ജനപിന്തുണയെയും കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു. എല്ലായ്പ്പോഴും രാഷ്ട്രീയ ഇച്ഛാശക്തിയും ധീരതയും പ്രകടിപ്പിച്ചു. നെപ്പോളിയനെപ്പോലെ, തനിക്ക് രാജ്യത്തെയല്ല രാജ്യത്തിന് തന്നെയാണ് ആവശ്യമെന്ന് ഉറച്ചു വിശ്വസിച്ചു. തന്നെ അനുകൂലിക്കാത്തവരൊക്കെ രാജ്യദ്രോഹികളും അഞ്ചാംപത്തികളുമാണെന്ന് ആത്മാർത്ഥമായി വിശ്വസിച്ചു. താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും താൻ ചെയ്യാത്തതൊന്നും ശരിയല്ലെന്നും അവർക്ക് തികഞ്ഞ ബോദ്ധ്യമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിൽ വിവിധ ഘട്ടങ്ങൾ കാണാൻ കഴിയും. സ്വാതന്ത്ര്യ സമരനായകനും രാഷ്ട്രശില്പിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മകൾ എന്നതുതന്നെ അവരുടെ പ്രധാന മൂലധനം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പാർലമെന്റംഗമായ ഭർത്താവിനോടൊപ്പമല്ല പ്രധാനമന്ത്രിയായിത്തീർന്ന പിതാവിനൊപ്പം ഒൗദ്യോഗിക വസതിയിലാണ് അവർ താമസിച്ചിരുന്നത്. അചിരേണ ദാമ്പത്യബന്ധം ശിഥിലമാവുകയും ഭർത്താവുമായി വഴിപിരിയുകയും ചെയ്തു. ഇന്ദിരയും ഫിറോസും തമ്മിൽ വ്യക്തിപരമായും രാഷ്ട്രീയമായും വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. എന്നാൽ നിയമപരമായി ബന്ധം വേർപെടുത്തിയില്ല.

നെഹ്റുവിന്റെ തണലിൽ ഇന്ദിര ആദ്യം കോൺഗ്രസ് പ്രവർത്തക സമിതിയംഗവും തുടർന്ന് എ.ഐ.സി.സി പ്രസിഡന്റുമായി. പക്ഷേ അപ്പോഴും ദേശീയ രാഷ്ട്രീയത്തിലെ ഒരു ഹെവി വെയ്‌റ്റ് താരമൊന്നുമായിരുന്നില്ല. പിതാവിന്റെ ആരോഗ്യം തീരെ വഷളായ 1963 - 64 കാലഘട്ടത്തിൽ ഇന്ദിരയുടെ സ്വാധീനം വളരെ വർദ്ധിച്ചു. 1964 മേയ് 27 ന് നെഹ്റു അന്തരിച്ചപ്പോൾ ലാൽബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. വലിയ രാഷ്ട്രീയ മോഹങ്ങൾ വച്ചുപുലർത്തിയിരുന്ന ഇന്ദിര രാജ്യസഭാംഗത്വവും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിസ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു. പുതിയ പ്രധാനമന്ത്രിയുമായുള്ള ബന്ധം തീരെയും സൗഹാർദ്ദപരമായിരുന്നില്ല. ശാസ്ത്രിയുടെ അകാലചരമം ഇന്ദിരക്ക് പുതിയ വാതായനങ്ങൾ തുറന്നുകൊടുത്തു. കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന കാമരാജ് നാടാരുടെ ശക്തമായ പിന്തുണയാൽ അവർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അപ്പോഴും ദേശീയ രാഷ്ട്രീയത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇന്ദിരയ്ക്ക് കഴിഞ്ഞിരുന്നില്ല. 'ഗൂംഗീ ഗുഡിയ' എന്നു പ്രതിപക്ഷ നേതാക്കൾ അവരെ പരിഹസിച്ചു. സിൻഡിക്കേറ്റ് എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാക്കളുടെ ചെറിയൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അവരാണെങ്കിൽ വലതുപക്ഷ ആശയങ്ങൾ വച്ചു പുലർത്തിയിരുന്നവരും കുത്തകകളുടെ താത്പര്യത്തിനൊത്ത് ചലിച്ചിരുന്നവരുമായിരുന്നു. തന്റെ രാഷ്ട്രീയ - സാമ്പത്തിക ആദർശങ്ങൾ നടപ്പാക്കാൻ അനുയോജ്യമായ സമയം വരുംവരെ ഇന്ദിര കാത്തിരുന്നു. ഡോ. സക്കീർ ഹുസൈന്റെ മരണത്തെത്തുടർന്ന് 1969 ൽ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സിൻഡിക്കേറ്റുമായുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങി. സിൻഡിക്കേറ്റ് നിർദ്ദേശിച്ച സഞ്ജീവ റെഡ്‌ഢിക്കെതിരെ ഇന്ദിരയുടെ അനുഗ്രഹാശിസുകളോടെ വി.വി.ഗിരി സ്ഥാനാർത്ഥിയായി. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി ധനകാര്യ വകുപ്പ് മൊറാർജി ദേശായിയിൽ നിന്ന് എടുത്തു മാറ്റുകയും 14 സ്വകാര്യ ബാങ്കുകൾ ദേശസാത്കരിക്കുകയും ചെയ്തു. അങ്ങനെ ഇടതുപക്ഷക്കാരുടെയും സാധാരണക്കാരുടെയും മനം കവർന്നു. രാജ്യത്ത് ഉടൻ സോഷ്യലിസം നടപ്പാകുമെന്ന് ചില ശുദ്ധന്മാരെങ്കിലും വിശ്വസിച്ചു. അതിനു പിന്നാലെ അവർ നാട്ടുരാജാക്കന്മാരുടെ പ്രിവി പേഴ്സും നിറുത്തലാക്കി. രണ്ടു നടപടികളും പിന്നീട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും അവ പ്രധാനമന്ത്രിക്ക് നേടിക്കൊടുത്ത രാഷ്ട്രീയ മുൻകൈ വളരെ വലുതായിരുന്നു.

നിർണായകമായ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തോടെ വി.വി. ഗിരി വിജയിച്ചു. അതോടെ പാർട്ടി നെടുകെ പിളർന്നു. സ്വതന്ത്രാ പാർട്ടിയും ജനസംഘവും പോലെ പിന്തിരിപ്പൻമാരും ജനദ്രോഹികളുമാണ് സംഘടനാ കോൺഗ്രസുകാരെന്ന് ഇന്ദിര കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും ഡി.എം.കെയുടെയും പിന്തുണയോടെ ഭരണം നിലനിന്നു. 1971 ആദ്യം പെട്ടെന്ന് ലോക്‌സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. മഹാസഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികൾ അമ്പേ പരാജയപ്പെട്ടു.

1971 മാർച്ച് മുതൽ 1975 മേയ് വരെയായിരുന്നു ഇന്ദിരയുടെ സുവർണകാലം. 1971 ഡിസംബറിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനെ നിശേഷം പരാജയപ്പെടുത്തി. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശായി മാറി. അടുത്ത വർഷം സിംലയിൽ വച്ച് സമാധാന ഉടമ്പടി ഒപ്പിട്ടു. അങ്ങനെ നയതന്ത്ര രംഗത്തും ഇന്ദിര വെന്നിക്കൊടി പാറിച്ചു. ബംഗ്ളാദേശ് യുദ്ധത്തിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വമ്പിച്ച വിജയം നേടി. പ്രതിപക്ഷത്തിന്റെ പൊടിപോലും കിട്ടിയില്ല. തിരഞ്ഞെടുപ്പു ഫലങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തോടെ ഇന്ദിര ഭരണഘടന ഭേദഗതി ചെയ്തു. ബാങ്ക് ദേശസാത്കരണവും പ്രിവി പേഴ്സ് റദ്ദാക്കലും നിയമവിധേയമാക്കി. അതിനു പിന്നാലെ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തി. പിന്നീട് ആര്യഭട്ട, ഭാസ്കര എന്നീ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു. സിക്കിമിനെ ഇന്ത്യയോടു കൂട്ടിച്ചേർത്തു രാജ്യത്തിന്റെ ഭൂവിസ്തൃതി വർദ്ധിപ്പിച്ചു. അതേസമയത്തു തന്നെ പ്രതിസന്ധികളും ഉടലെടുത്തു. കേശവാനന്ദ ഭാരതി കേസ് സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. മൂന്നു ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചു. ഇന്ദിരാഗാന്ധി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്തമായി. രണ്ടു വർഷം തുടർച്ചയായി മഴ ചതിച്ചു. രാജ്യത്ത് രൂക്ഷമായ വരൾച്ചയും ഭക്ഷ്യക്ഷാമവും നടമാടി. അതോടൊപ്പം തൊഴിൽ സമരങ്ങൾ വർദ്ധിച്ചു. 1974 ലെ റെയിൽവെ പണിമുടക്ക് രാജ്യത്തെ നിശ്ചലമാക്കി. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ പലഭാഗത്തും അരങ്ങേറി. ആ ഘട്ടത്തിലാണ് സർവോദയ നേതാവ് ജയപ്രകാശ് നാരായൺ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നത്. ജെ.പിയുമായി ഒത്തുതീർപ്പുണ്ടാക്കാൻ കഴിയാതെ പോയത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിൽ പിൽക്കാലത്ത് വലിയ തിരിച്ചടികൾക്ക് കളമൊരുക്കി. ബീഹാറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ജയപ്രകാശ് ആശീർവാദവും അനുഗ്രഹവും നൽകി. ബീഹാർ മാതൃകയിലുള്ള പ്രക്ഷോഭം രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഉടലെടുത്തു. ജയപ്രകാശ് നാരായൺ സമ്പൂർണ വിപ്ളവത്തിന് ആഹ്വാനം ചെയ്തു. വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ആ അവസരം വിനിയോഗിച്ചു. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. ആ പ്രക്ഷോഭം മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്ന സമയത്താണ് അലഹബാദ് ഹൈക്കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. അപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നെങ്കിൽ അവരുടെ യശോധാവള്യത്തിന് മങ്ങലേൽക്കുമായിരുന്നില്ല. എന്നാൽ പ്രതിപക്ഷ നേതാക്കളെ തുറുങ്കിലടയ്ക്കാനും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമാണ് ഇന്ദിരയ്ക്ക് തോന്നിയത്. കൂടെ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്തു. രാജ്യത്തെങ്ങും ഭീകരാവസ്ഥ നടമാടി. ഭരണസാരഥ്യം ഇന്ദിരയിൽ നിന്ന് സഞ്ജയ് ഗാന്ധി ഏറ്റെടുത്തു. അതോടെ ജഗ്ജീവൻ റാം, സ്വരൺ സിംഗ്, വൈ.ബി. ചവാൻ, ബ്രഹ്മാനന്ദ റെഡ്‌ഢി, സി. സുബ്രഹ്മണ്യം മുതലായ മുതിർന്ന മന്ത്രിമാർ അപ്രസക്തരായി. സഞ്ജയ് ഗാന്ധിയും വൈതാളികന്മാരായ ഒാം മേത്ത, ബെൻസിലാൽ, വി.സി. ശുക്ള മുതലായവരും അധികാരം പൂർണമായും കൈയടക്കി. അടിയന്തരാവസ്ഥയുടെ മറവിൽ 42 - ാം ഭരണഘടനാ ഭേദഗതി പാസാക്കി. അങ്ങനെ ജനാധിപത്യ വ്യവസ്ഥ പാടെ അട്ടിമറിക്കപ്പെട്ടു.

1977 മാർച്ചിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി അർഹിക്കുന്ന പരാജയം ഏറ്റുവാങ്ങി. റായ്ബറേലിയിൽ ഇന്ദിരയും അമേഠിയിൽ സഞ്ജയ് ഗാന്ധിയും തോറ്റു. അതിനു പിന്നാലെ കോൺഗ്രസ് ഒന്നുകൂടി പിളർന്നു. അന്വേഷണ കമ്മിഷനുകളും പൊലീസ് കേസും ഇന്ദിരയെ വേട്ടയാടി. ചിക്കമംഗളൂരുവിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും പാർലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ടു. അന്ത:ഛിദ്രവും കുതികാൽവെട്ടും നിമിത്തം ജനതാ സർക്കാർ വൈകാതെ തകർന്നു. അതിനകം പരമ്പരാഗത വോട്ടുബാങ്ക് തിരികെപ്പിടിച്ച ഇന്ദിര 1980 ജനുവരിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി. വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും അവർക്ക് ഭരണരംഗത്ത് പഴയ മാസ്മര പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല. 1969 ലെയും 1978 ലെയും പിളർപ്പുകൾ പാർട്ടിയുടെ ബഹുജന അടിത്തറക്ക് വലിയ ക്ഷതം ഏല്പിച്ചില്ലെങ്കിലും കഴിവുറ്റ നേതാക്കൾ പലരും മറുഭാഗത്തായത് പാർട്ടിയെയും സർക്കാരിനെയും ഒരുപോലെ ദുർബലമാക്കി. ഇന്ദിരാഗാന്ധിയുടെ പാർശ്വവർത്തികളും കർണേജപന്മാരും മാത്രമായിരുന്നു കാബിനറ്റിൽ. അവർ തികച്ചും അപ്രാപ്തരും അപ്രഗത്ഭരുമായിരുന്നു. അതുകൊണ്ടു തന്നെ കിച്ചൺ കാബിനറ്റിന് അമിതമായ പ്രാധാന്യം കൈവന്നു. സഞ്ജയ് ഗാന്ധിയുടെ അപകട മരണവും മേനക ഗാന്ധിയുടെ അടുക്കള വിപ്ളവവും ഇന്ദിരയുടെ മന:സ്വാസ്ഥ്യം കെടുത്തി. രാജീവ് ഗാന്ധിയെ നിർബന്ധിച്ച് രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് കുടുംബാധിപത്യം അരക്കിട്ട് ഉറപ്പിച്ചു. കഴിവിന്റെയോ ജനപിന്തുണയുടെയോ അടിസ്ഥാനത്തിലല്ല സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വാഴിച്ചത്. ഒന്നുകിൽ അന്തുലെയെപ്പോലെ അഴിമതിക്കാർ അല്ലെങ്കിൽ അഞ്ജയ്യയെപ്പോലെ അപ്രാപ്തർ. അതുകൊണ്ടു തന്നെ പലയിടത്തും മുഖ്യമന്ത്രിമാരെ മാറിമാറി പരീക്ഷിക്കേണ്ടി വന്നു. ആന്ധ്രപ്രദേശിലും സിക്കിമിലും ജമ്മുകാശ്മീരിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ചത് ഫെഡറൽ സംവിധാനത്തെ ദുർബലമാക്കി. കേന്ദ്രസർക്കാരിന്റെ പ്രതിഛായയെയും ബാധിച്ചു. ആസാമിലെ വിദ്യാർത്ഥി പ്രക്ഷോഭം പിടിച്ചാൽ കിട്ടാത്ത നിലയിലെത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായും അസ്വാസ്ഥ്യ ബാധിത പ്രദേശമായി. പഞ്ചാബിലെ പ്രതിസന്ധി അതിനേക്കാൾ വലുതായിരുന്നു. അകാലിദളിനെ തകർക്കാൻ ഇന്ദിര തന്നെ വളർത്തിക്കൊണ്ടുവന്ന സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻവാല രാജ്യസുരക്ഷക്കു തന്നെ വലിയൊരു ഭീഷണിയായി മാറി. ഭിന്ദ്രൻവാലയെ അറസ്റ്റ് ചെയ്യാൻ പഞ്ചാബ് പൊലീസ് ധൈര്യപ്പെട്ടില്ല. സംസ്ഥാനത്ത് തീവ്രവാദം പടർന്നു പിടിച്ചു. കൊലപാതകങ്ങളും കൊള്ളയും നിത്യസംഭവമായി. കേന്ദ്ര ആഭ്യന്തരമന്ത്രി സെയിൽസിംഗും മുഖ്യമന്ത്രി ദർബറാ സിംഗും തമ്മിലുള്ള ചേരിപ്പോരും പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കി. സെയിൽസിംഗിനെ രാഷ്ട്രപതിയാക്കിയിട്ടും പ്രശ്നം തീർന്നില്ല. ഒടുവിൽ ദർബറാ സിംഗിന്റെ മന്ത്രിസഭയെ പിരിച്ചുവിടാൻ കേന്ദ്രം നിർബന്ധിതമായി. അവിടം കൊണ്ടും പ്രശ്നം ഒതുങ്ങിയില്ല. സുവർണക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന തീവ്രവാദികളെ പുറത്തുചാടിക്കാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. ഒടുവിൽ 1984 ജൂൺ ആറാം തീയതി ബ്ളൂ സ്റ്റാർ ഒാപ്പറേഷൻ എന്നു പേരിട്ട സൈനിക നടപടി വേണ്ടിവന്നു. സുവർണക്ഷേത്രത്തിൽ സൈന്യം കടന്ന നടപടി ലോകമെമ്പാടുമുള്ള സിഖുകാരുടെ വികാരം വ്രണപ്പെടുത്തി. തന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഇന്ദിരാഗാന്ധിയും തിരിച്ചറിഞ്ഞു. 1984 ഒക്ടോബർ 31 ന് അവർ സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടു. തന്റെ ഒാരോ തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ഇന്ദിര കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം ഭുവനേശ്വറിൽ പ്രസംഗിച്ചത്. അവരുടെ കൊലപാതകത്തിനുശേഷം ഡൽഹിയിലും മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും സിഖുകാർക്കെതിരെ അക്രമം അരങ്ങേറി. ആയിരക്കണക്കിന് നിരപരാധികൾ വധിക്കപ്പെട്ടു. പിന്നീട് എത്രയോ വർഷങ്ങൾ കൊണ്ടാണ് പഞ്ചാബിന്റെ മുറിവ് ഉണങ്ങിയതും സിക്കുകാർ ദേശീയ മുഖ്യധാരയിലേക്ക് മടങ്ങി വന്നതും. കഴിവും രാഷ്ട്രീയ ഇച്ഛാശക്തിയും ജനപിന്തുണയും ഒത്തിണങ്ങിയ ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി. പക്ഷേ അവർ നെഹ്റുവിനെപ്പോലെ ജനാധിപത്യവാദിയായിരുന്നില്ല. സ്വന്തം കഴിവിലും മേന്മയിലുമുള്ള അമിതമായ വിശ്വാസം ഇന്ദിരയെ പലപ്പോഴും വഴിതെറ്റിച്ചു. അന്ധമായ പുത്രവാത്സല്യം അവരെ വലിയ വലിയ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഇന്ദിര തുടങ്ങിവച്ച കുടുംബവാഴ്ച ക്രമം കോൺഗ്രസ് പാർട്ടിയെ തന്നെ ദുർബലമാക്കി. തനിക്കു പറ്റിയ തെറ്റുകൾ അവർ ഒരിക്കലെങ്കിലും ഏറ്റുപറയുകയോ പശ്ചാത്തപിക്കുകയോ ചെയ്തില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരാവകാശങ്ങൾ ധ്വംസിച്ചതു പോലും വലിയൊരു പുണ്യകർമ്മമായിട്ടാണ് ഇന്ദിര കണക്കാക്കിയത്. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി, ഞാനല്ലാതെ മറ്റൊരു ശരിയുമില്ല എന്ന ചിന്താഗതിയാണ് ഇന്ദിരയുടെ പരാജയത്തിനും പതനത്തിനും വഴി തെളിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CHATHURANGAM, INDIRA GANDHI
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.